ലണ്ടന്‍: ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് തുടക്കത്തിലെ തിരിച്ചടി. ഇന്ത്യ താരങ്ങളായ കെ ശ്രീകാന്ത്, പി കശ്യപ്  എന്നിവര്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍ ആദ്യ റൗണ്ടില്‍ പുറത്തായി.

ആദ്യ റൗണ്ടില്‍ കടുത്ത പോരാട്ടത്തിനൊടുവില്‍ അയര്‍ലന്‍ഡിന്‍റെ നാട്ട് ഗയന്‍ ആണ് ശ്രീകാന്തിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് കീഴടക്കിയത്. സ്കോര്‍ 11-21, 21-15, 12-21.നിര്‍ണായക അവസാന ഗെയിമില്‍ 11-11 ന് ഒപ്പം പിടിച്ചശേഷമാണ് സെര്‍വിലെ പിഴവുകളില്‍ ശ്രീകാന്ത് കളി കൈവിട്ടത്.

ആദ്യ ഗെയിം കൈവിട്ട ശ്രീകാന്ത് രണ്ടാം ഗെയിമില്‍ ശക്തമായി തിരിച്ചുവന്നെങ്കിലും മൂന്നാം ഗെയിമില്‍ അടിതെറ്റി. ലോക ഒന്നാം നമ്പര്‍ താരം കെന്‍റോ മൊമോട്ടക്കെതിരായ  ഒന്നാം റൗണ്ട് പോരാട്ടത്തില്‍ പി കശ്യപും കടുത്ത മത്സരം കാഴ്ചവെച്ചാണ് അടിയറവ് പറഞ്ഞത്.

നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് മൊമോട്ട കശ്യപിനെ മറികടന്നത്. സ്കോര്‍  21-13, 22-20. ആദ്യ ഗെയിമില്‍ പൊരുതാതെ കീഴടങ്ങിയെങ്കിലും രണ്ടാം ഗെയിമില്‍ മൊമോട്ടക്ക് ഒപ്പത്തിനൊപ്പം നില്‍ക്കാന്‍ കശ്യപിനായി.