പിന്നിട്ട പതിനാറ് സീസണുകളിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ താരങ്ങളിൽ നിന്നാണ് ഓൾടൈം ഐപിഎൽ ടീം തെരഞ്ഞെടുത്തത്

മുംബൈ: എക്കാലത്തേയും മികച്ച ഐപിഎൽ ടീമിന്‍റെ നായകനായി എം എസ് ധോണി. പതിനഞ്ചംഗ ടീമിൽ ധോണിയടക്കം എട്ട് ഇന്ത്യൻ താരങ്ങളുണ്ട്. എന്നാല്‍ മുംബൈ ഇന്ത്യന്‍സിന്‍റെ ഇതിഹാസ താരം രോഹിത് ശര്‍മ്മയ്ക്ക് സ്ക്വാഡില്‍ ഇടംപിടിക്കാനായില്ല. 

പിന്നിട്ട പതിനാറ് സീസണുകളിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ താരങ്ങളിൽ നിന്നാണ് ഓൾടൈം ഐപിഎൽ ടീം തെരഞ്ഞെടുത്തത്. വസീം അക്രം, മാത്യു ഹെയ്ഡൻ, ടോം മൂഡി, ഡെയ്ൽ സ്റ്റെയ്ൻ എന്നിവ‍ർക്കൊപ്പം എഴുപത് മാധ്യമപ്രവർത്തകരും ചേർന്നാണ് പതിനഞ്ച് താരങ്ങളെ കണ്ടെത്തിയത്. ചെന്നൈ സൂപ്പർ കിംഗ്സിനെ അഞ്ച് തവണ കിരീടത്തിലേക്ക് നയിച്ച എം എസ് ധോണിയാണ് ഓൾടൈം ടീമിന്‍റെ ക്യാപ്റ്റൻ. വിരാട് കോലിയും ഡേവിഡ് വാർണറുമാണ് ടീമിന്‍റെ ഓപ്പണർമാർ. മൂന്നാം നമ്പറിൽ വിൻഡീസ് ബാറ്റർ ക്രിസ് ഗെയ്ൽ വരുമ്പോള്‍ മധ്യനിരയിൽ ഇടംപിടിച്ചിരിക്കുന്നത് സുരേഷ് റെയ്ന, എ ബി ഡിവില്ലിയേഴ്സ്, സൂര്യകുമാർ യാദവ്, എം എസ് ധോണി എന്നിവരാണ്.

ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കീറോൺ പൊള്ളാർ‍ഡ് എന്നിവരാണ് ടീമിലെ ഓൾറൗണ്ടർമാർ. റാഷിദ് ഖാൻ, സുനിൽ നരെയ്‌ൻ, യുസ്‍വേന്ദ്ര ചഹൽ എന്നിവർ സ്പിന്നർമാരായും ലസിത് മലിംഗ, ജസ്പ്രീത് ബുമ്ര എന്നിവർ പേസർമാരായും ടീമിൽ ഇടംപിടിച്ചു. ക്യാപ്റ്റൻ സ്ഥാനത്തേക്ക് എം എസ് ധോണിക്ക് പകരം മറ്റൊരാളെ പരിഗണിച്ചുപോലുമില്ലെന്ന് വിദഗ്ധ സമിതിയിലെ അംഗങ്ങൾ പറയുന്നു. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് ടീമിൽ ഇടംകിട്ടാതെ പോയ സുപ്രധാന താരം. മുംബൈ ഇന്ത്യന്‍സിന് അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍ സമ്മാനിച്ച നായകനാണ് രോഹിത് ശര്‍മ്മ. 

എക്കാലത്തെയും മികച്ച ഐപിഎല്‍ ടീം: എം എസ് ധോണി (ക്യാപ്റ്റന്‍), വിരാട് കോലി, ക്രിസ് ഗെയ്ല്‍, ഡേവിഡ് വാര്‍ണര്‍, സുരേഷ് റെയ്‌ന, എ ബി ഡിവില്ലിയേഴ്സ്, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കീറോണ്‍ പൊള്ളാര്‍ഡ്, റാഷിദ് ഖാന്‍, സുനില്‍ നരെയ്ന്‍, യുസ്‌വേന്ദ്ര ചഹല്‍, ലസിത് മലിംഗ, ജസ്പ്രീത് ബുമ്ര. 

Read more: പൂജാര വരെ പിന്നില്‍! സര്‍ഫറാസിനെ അനുസ്മരിപ്പിച്ച് രഞ്ജിയില്‍ മലയാളി താരത്തിന്‍റെ റണ്‍വേട്ട; സഞ്ജു ഏഴയലത്തില്ല

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം