17 ഓവറില്‍ 157ല്‍ എത്തിയ ആലപ്പിക്ക് അടുത്ത മൂന്നോവറില്‍ 19 റണ്‍സ് മാത്രമാണ് നേടാനായത്. ഇതിടിനെ ജോബിന്‍ ജോബി പത്തൊമ്പതാം ഓവര്‍ വിക്കറ്റ് മെയ്ഡിനാക്കി.
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിനെതിരെ കൊച്ചി ബ്ലൂ ടൈഗേഴ്സിന് 177 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടായി ആദ്യം ബാറ്റ് ചെയ്ത ആലപ്പി 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. 42 പന്തില്‍ 71 റണ്‍സടിച്ച ജലജ് സക്സേനയാണ് ആലപ്പിയുടെ ടോപ് സ്കോറര്‍. ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീന്‍ 43 പന്തില്‍ 64 റണ്‍സടിച്ചു. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 10.3 ഓവറില്‍ 94 റണ്‍സടിച്ചശേഷമാണ് വേര്‍പിരിഞ്ഞത്. 25 പന്തിലാണ് ജലജ് സക്സേന അര്‍ധസെഞ്ചുറിയിലെത്തിയത്.
പവര്‍ പ്ലേയിലെ ആദ്യ ഓവറില്‍ കരുതലോടെയാണ് ആലപ്പി തുടങ്ങിയത്.കെ എം ആസിഫെറിഞ്ഞ ആദ്യ ഓവറില്‍ ഒരു ബൗണ്ടറി അടക്കം അഞ്ച് റണ്‍സ് മാത്രം നേടിയ ആലപ്പി ശ്രീഹരി നായര്‍ എറിഞ്ഞ രണ്ടാം ഓവറില്‍ വെടിക്കെട്ടിന് തിരികൊളുത്തി.നാലാം ഓവറില്‍ ആലപ്പി 50 കടന്നു. പവര്‍ പ്ലേ പിന്നിടുമ്പോള്‍ ആലപ്പി 66 റണ്‍സിലെത്തി. 11ാം ഓവറില്‍ ജലജ് സക്സേനയെ ജെറിന്‍ പി എസ് മടക്കിയശേഷം ക്രീസിലെത്തിയ അഭിഷേക് പി നായരെ(19 പന്തില്‍ 24) കൂട്ടുപിടിച്ച് അസറുദ്ദീന്‍ ആക്രമണം ഏറ്റെടുത്തു. ഇരുവരും ചേര്‍ന്ന് 16.3 ഓവറില്‍ 155ല്‍ എത്തിച്ചു. അഭിഷേകിനെ ജെറിൻ വീഴ്ത്തിയതിന് പിന്നാലെ അസറുദ്ദീനെ കെ എം ആസിഫ് സഞ്ജുവിന്‍റെ കൈകളിലെത്തിച്ചതോടെ ആലപ്പിയുടെ കുതിപ്പിന് കടിഞ്ഞാണ്‍ വീണു.പിന്നാലെ മുഹമ്മദ് ഇനാന്‍ ഗോള്‍ഡന്‍ ഡക്കായി. മുഹമ്മദ് കൈഫിനെ(1) ജോബിന്‍ ജോബി മടക്കി.
17 ഓവറില്‍ 157ല്‍ എത്തിയ ആലപ്പിക്ക് അടുത്ത മൂന്നോവറില്‍ 19 റണ്‍സ് മാത്രമാണ് നേടാനായത്. ഇതിടിനെ ജോബിന്‍ ജോബി പത്തൊമ്പതാം ഓവര്‍ വിക്കറ്റ് മെയ്ഡിനാക്കി. നാലു റണ്‍സെടുത്ത അക്ഷയ് ടികെയെയും ആസിഫ് വീഴ്ത്തിയപ്പോള്‍ രണ്ട് പന്തില്‍ എട്ട് റണ്‍സുമായി ശ്രീരൂപും 5 പന്ത് നേരിട്ടെങ്കിലും റണ്ണൊന്നുമെടുക്കാതെ അരുണ്‍ കെ എയും പുറത്താകാതെ നിന്നു. കൊച്ചിക്കായി കെ എം ആസിഫ് മൂന്നും ജെറിൻ പി എസ് രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.കോച്ചി ബ്ലൂ ടൈഗേഴ്സ് ടീമില്‍ വൈസ് ക്യാപ്റ്റൻ സഞ്ജു സാംസണ്‍ ഇന്ന് കളിക്കുന്നുണ്ട്. ഏഴ് കളികളില്‍ 10 പോയന്‍റുമായി കൊച്ചി പോയന്‍റ് പട്ടികയില്‍ ഒന്നാമതുള്ളപ്പോള്‍ ആറ് കളികളില്‍ ആറ് പോന്‍റുമായി ആലപ്പി അഞ്ചാമതാണ്.
ആലപ്പി റിപ്പിള്‍സ് പ്ലേയിംഗ് ഇലവന്‍: മുഹമ്മദ് അസ്ഹറുദ്ദീൻ (c & wk), ജലജ് സക്‌സേന, അഭിഷേക് പി നായർ, അക്ഷയ് ടികെ, മുഹമ്മദ് കൈഫ്, അരുൺ കെഎ, ശ്രീരൂപ് എംപി, മുഹമ്മദ് ഈനാൻ, ആദിത്യ ബൈജു, ശ്രീഹരി എസ് നായർ, രാഹുൽ ചന്ദ്രൻ.
കൊച്ചി ബ്ലൂ ടൈഗേഴ്സ് പ്ലേയിംഗ് ഇലവന്‍: വിനൂപ് മനോഹരൻ, സാലി സാംസൺ (ക്യാപ്റ്റൻ), സഞ്ജു സാംസൺ, ജോബിൻ ജോബി, അജീഷ് കെ, ആൽഫി ഫ്രാൻസിസ് ജോൺ, നിഖിൽ തോട്ടത്ത് , അഫ്രദ് നാസർ, കെ എം ആസിഫ്, ജെറിൻ പി എസ്, ശ്രീഹരി എസ് നായർ.



