മുംബൈ: മോശം ഫോമിന്റെയും അലക്ഷ്യമായ ഷോട്ടുകളില്‍ പുറത്താവുന്നതിന്റെയും പേരില്‍ യുവതാരം ഋഷഭ് പന്തിനെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. താന്‍ തബല വായിക്കാനിരിക്കുകയല്ലെന്നും തിരുത്തേണ്ടവരെ തിരുത്തുക എന്നത് തന്റെ ഉത്തരവാദിത്തവും ചുമതലയുമാണെന്നും രവി ശാസ്ത്രി പറഞ്ഞു.ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ശാസ്ത്രി നിലപാട് വ്യക്തമാക്കിയത്.

ഋഷഭ് പന്ത് വളരെ സ്പെഷലായ കളിക്കാരനാണെന്നും ടീം മാനേജ്മെന്റ് അദ്ദേഹത്തിന് പൂർണ പിന്തുണ നൽകുമെന്നും ശാസ്ത്രി പറഞ്ഞു. ഏകദിനത്തിലും ട്വന്റി20യിലും പന്തിനേപ്പോലുള്ള അധികം താരങ്ങൾ ലോക ക്രിക്കറ്റിൽത്തന്നെയില്ല. അതുകൊണ്ടുതന്നെ പന്തിന്റെ കാര്യത്തിൽ ക്ഷമയോടെ  കാത്തിരിക്കുകയെന്നതാണ് നയമെന്നും ശാസ്ത്രി പറഞ്ഞു. ടീം മാനേജ്മെന്റിൽനിന്നു തന്നെ പന്തിനെതിരെ വിമർശനങ്ങൾ ഉയരുന്നുവെന്ന ആരോപണവും ശാസ്ത്രി തള്ളിക്കളഞ്ഞു.

ടീം മാനേജ്മെന്റ് എന്ന് പറയരുത്. പന്ത് പിഴവുകൾ ആവർത്തിച്ചാൽ ശാസിക്കുമെന്ന് ഞാൻ മുന്‍പ് പറഞ്ഞിരുന്നു. ആരെങ്കിലും പിഴവു വരുത്തിയാൽ അവരെ തിരുത്തേണ്ടത് എന്റെ കടമയല്ലേ? അല്ലാതെ തബല വായിക്കാനല്ലല്ലോ ഞാൻ അവിടിരിക്കുന്നത്. പക്ഷേ, പന്ത് ലോകോത്തര നിലവാരമുള്ള താരം തന്നെയാണ്. ഏറ്റവും വിനാശകാരിയായ താരമായി മാറാനുള്ള കഴിവ് പന്തിനുണ്ട്. രാജ്യാന്തര ക്രിക്കറ്റിൽ വളരുന്നതിന് എല്ലാ പിന്തുണയും തങ്ങള്‍ പന്തിനു നൽകുന്നുണ്ടെന്നും ശാസ്ത്രി പറഞ്ഞു.