മുംബൈ: 2025-26 വരെ ന്യൂസിലന്‍ഡില്‍ നടക്കുന്ന എല്ലാ രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങളുടെയും ഇന്ത്യയിലെ ലൈവ് സ്ട്രീമിംഗ് അവകാശം സ്വന്തമാക്കി ആമസോണ്‍ പ്രൈം. ഈ പ്രഖ്യാപനത്തോടെ ഒരു പ്രമുഖ ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് എക്‌സ്‌ക്ലൂസീവ് ലൈവ് ക്രിക്കറ്റ് അവകാശങ്ങള്‍ നേടുന്ന ആദ്യത്തെ ഇന്ത്യന്‍ സ്ട്രീമിംഗ് സേവനമായി ആമസോണ്‍ പ്രൈം വീഡിയോ മാറി.

ആമസോണും ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡും തമ്മിലുള്ള വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന കരാര്‍ പ്രകാരം, 2021 അവസാനത്തോടെ ന്യൂസിലന്‍ഡില്‍ നടക്കുന്ന പുരുഷ-വനിതാ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ക്കും ഏകദിനം, ടി 20, ടെസ്റ്റുകള്‍ എന്നിവയുടെ ഒരോയൊരു സ്ട്രീമിംഗ് ആമസോണ്‍ പ്രൈം വീഡിയോയിലൂടെ മാത്രമാവും ലഭ്യമാകുക. 2022 ന്‍റെ തുടക്കത്തിലുള്ള ടീം ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനവും, രണ്ടാമത്തെ പര്യടനവും ഇതില്‍ ഉള്‍പ്പെടുന്നു. ഇതിന്റെ തീയതികള്‍ പിന്നീട് പ്രഖ്യാപിക്കും.

പ്രൈം വീഡിയോ ഉപഭോക്താക്കള്‍ക്കായുള്ള ഉള്ളടക്ക തിരഞ്ഞെടുപ്പിലേക്ക് ഇന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട വിനോദമായ ക്രിക്കറ്റ് ചേര്‍ക്കുന്നതില്‍ സന്തുഷ്ടരാണെന്നും ശക്തവും വികാരതീവ്രവും വളയേറെ ഇഷ്ടപ്പെടുന്നതുമായ ഒരു ക്രിക്കറ്റ് ടീമായതിനാല്‍ ന്യൂസിലാന്റ് ക്രിക്കറ്റിനൊപ്പം പ്രവര്‍ത്തിക്കാന്‍ ആഹ്ളാദമുണ്ടെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് മാത്സര്യം അതിശയകരമാണെന്നും ആമസോണ്‍ പ്രൈം വീഡിയോ ഡയറക്ടര്‍ ആന്‍ഡ് കണ്‍ട്രിജനറല്‍ മാനേജറുമായ ഗൗരവ് ഗാന്ധി പറഞ്ഞു.\