ടി20 ഫോര്‍മാറ്റില്‍ ഒട്ടും പ്രതീക്ഷ നല്‍കുന്ന പ്രകടനമല്ല കെ എല്‍ രാഹുലും രോഹിത് ശര്‍മ്മയും ഏഷ്യാ കപ്പില്‍ പുറത്തെടുക്കുന്നത് എന്നിരിക്കെയാണ് റോബിന്‍ ഉത്തപ്പ ഇരുവര്‍ക്കും പിന്തുണ നല്‍കുന്നത്
മുംബൈ: ടി20 ലോകകപ്പ് മുന്നില്‍ നില്‍ക്കേ വിമര്‍ശന ശരങ്ങളുടെ മുനയിലാണ് ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുല്‍. പവര്‍പ്ലേ ഓവറുകളില്‍ പോലും മെല്ലെപ്പോകുന്ന രാഹുലിനെ വിമര്‍ശിക്കാത്തവര്‍ കുറവ്. ബൗളര്‍മാരെ കടന്നാക്രമിക്കാന്‍ രാഹുല്‍ അല്‍പമെങ്കിലും മനസ് കാണിക്കണം എന്നായിരുന്നു ഏഷ്യാ കപ്പില്‍ ഹോങ്കോങ്ങിനെതിരായ മത്സര ശേഷം ആരാധകരുടെ ആവശ്യം. എന്നാല്‍ ഇതേ രാഹുല്‍ ടി20 ലോകകപ്പില്‍ ഓപ്പണറാവണം എന്നാണ് റോബിന്‍ ഉത്തപ്പ പറയുന്നത്. വിമര്‍ശകര്‍ കടന്നാക്രമിക്കുന്നില്ലെങ്കിലും അത്ര നല്ല ഫോമിലല്ലാത്ത രോഹിത് ശര്‍മ്മയും ഓപ്പണറായി തുടരണം എന്നും ഉത്തപ്പ വാദിക്കുന്നു.
'കെ എല്‍ രാഹുലും രോഹിത് ശര്‍മ്മയുമായിരിക്കണം ഫസ്റ്റ് ചോയിസ് ഓപ്പണര്‍മാര്‍. അക്കാര്യത്തില്‍ സംശയമില്ല. ഇവരില്‍ ആര്‍ക്കെങ്കിലും ഫിറ്റ്‌നസ്-പരിക്ക് പ്രശ്‌നങ്ങള്‍ വന്നാല്‍ റിഷഭ് പന്തിനും ഓപ്പണറാവാം. ഓപ്പണറായി ഇറങ്ങാന്‍ നിരവധി താരങ്ങളുണ്ട്. പ്ലേയിംഗ് ഇലവനില്‍ എവിടെ വേണേലും ഇറങ്ങാന്‍ രാജ്യത്ത് താരങ്ങള്‍ തമ്മില്‍ കിടമത്സരമാണ്. രോഹിത് ശര്‍മ്മ അണ്‍ഓര്‍ത്തഡോക്‌സ് ഷോട്ടുകള്‍ കളിച്ചുതുടങ്ങിയിരിക്കുന്നു. ഈ മാറ്റം പരമ്പരാഗത കാണികളെ ആവേശഭരിതരാക്കില്ലായിരിക്കാം. എന്നാല്‍ ഇപ്പോഴത്തെ കാഴ്‌ക്കാര്‍ക്ക് വളരെ ആസ്വാദ്യകരമാണ്. ക്രിക്കറ്റ് വലിയ മാറ്റങ്ങളിലൂടെ കടന്നുപോവുകയാണ്, പ്രത്യേകിച്ച് കഴിഞ്ഞ് ഏഴ് വര്‍ഷങ്ങളില്‍. 2015ന് ശേഷം വലിയ മാറ്റം വന്നു എന്നാണ് എന്‍റെ വിലയിരുത്തല്‍. എന്‍റെ കാലത്തുനിന്ന് ഏറെ മാറ്റങ്ങള്‍ വന്നുകഴിഞ്ഞു. ഇപ്പോള്‍ എല്ലാ താരങ്ങളും 360 ഡിഗ്രിയിലാണ് ബാറ്റ് ചെയ്യുന്നത്. ഏത് താരത്തിനും എ ബി ഡിവില്ലിയേഴ്‌സിനെ പോലെ ബാറ്റ് ചെയ്യാന്‍ കഴിയും' എന്നും റോബിന്‍ ഉത്തപ്പ കൂട്ടിച്ചേര്‍ത്തു.
ടി20 ഫോര്‍മാറ്റില്‍ ഒട്ടും പ്രതീക്ഷ നല്‍കുന്ന പ്രകടനമല്ല കെ എല്‍ രാഹുലും രോഹിത് ശര്‍മ്മയും ഏഷ്യാ കപ്പില്‍ പുറത്തെടുക്കുന്നത് എന്നിരിക്കെയാണ് റോബിന്‍ ഉത്തപ്പ ഇരുവര്‍ക്കും പിന്തുണ നല്‍കുന്നത്. പാകിസ്ഥാനെതിരെ ഗോള്‍ഡന്‍ ഡക്കായ രാഹുല്‍ ദുര്‍ബലരായ ഹോങ്കോങ്ങിനെതിരെ 39 പന്തില്‍ 36 റണ്‍സേ നേടിയുള്ളൂ. അതേസമയം പാകിസ്ഥാനെതിരെ 18 പന്തില്‍ 12ഉം ഹോങ്കോങ്ങിനെതിരെ 13 പന്തില്‍ 21ഉം ആയിരുന്നു ഹിറ്റ്‌മാന്‍റെ സ്‌കോര്‍. ഏഷ്യാ കപ്പ് പൂര്‍ത്തിയായി തൊട്ടുപിന്നാലെ ലോകകപ്പ് സ്‌ക്വാഡിനെ പ്രഖ്യാപിക്കണം എന്നതിനാല്‍ ടൂര്‍ണമെന്‍റിലെ പ്രകടനം ഇന്ത്യന്‍ താരങ്ങള്‍ക്കെല്ലാം നിര്‍ണായകമാണ്.
