2017-ൽ പരിക്കേറ്റ് പുറത്തായതിന് ശേഷം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താൻ വിരാട് കോലിയും അനിൽ കുംബ്ലെയും നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ലെന്ന് അമിത് മിശ്ര വെളിപ്പെടുത്തി. ഫിറ്റ്നസ് വീണ്ടെടുത്ത ശേഷം കോലിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അദ്ദേഹം ഫോൺ കോളുകളോടും സന്ദേശങ്ങളോടും പ്രതികരിച്ചില്ലെന്ന് മിശ്ര പറഞ്ഞു.

ദില്ലി: ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ അമിത് മിശ്രയുടെ അന്താരാഷ്ട്ര കരിയര്‍ കയ്‌പേറിയ അനുഭവത്തോടെയാണ് അവസാനിച്ചത്. 2017ല്‍ ഇംഗ്ലണ്ടിനെതിരായ ടി20 മത്സരമാണ് അദ്ദേഹത്തിന്റെ അവസാന രാജ്യാന്തര മത്സരം. എന്നാല്‍ ആ മത്സരത്തിനിടയേറ്റ പരിക്കില്ലായിരുന്നെങ്കില്‍ തനിക്ക് കൂടുതല്‍ കാലം ഇന്ത്യന്‍ ടീമില്‍ തുടരാന്‍ കഴിയുമായിരുന്നു എന്ന് അമിത് മിശ്ര വിശ്വസിക്കുന്നു. തനിക്ക് ശക്തമായ തിരിച്ചുവരവ് വാഗ്ദാനം ചെയ്തിട്ടും അന്നത്തെ മുഖ്യ പരിശീലകന്‍ അനില്‍ കുംബ്ലെയും ക്യാപ്റ്റന്‍ വിരാട് കോലിയും അത് പാലിച്ചില്ലെന്നും, ഫിറ്റ്നസ് വീണ്ടെടുത്ത് ബന്ധപ്പെട്ടപ്പോള്‍ കോലി തന്റെ കോളുകളോടും സന്ദേശങ്ങളോടും പ്രതികരിച്ചില്ലെന്നും അമിത് മിശ്ര വെളിപ്പെടുത്തി.

മാധ്യമപ്രവര്‍ത്തകനും മുന്‍ ഇന്ത്യന്‍ താരവുമായ ആകാശ് ചോപ്രയുടെ പോഡ്കാസ്റ്റിലാണ് മിശ്ര ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ബംഗളൂരുവില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിനിടെയാണ് തന്റെ കാലിന് പരിക്കേറ്റതെന്ന് മിശ്ര ഓര്‍മിച്ചു. ''പരിക്കേറ്റ് മടങ്ങുമ്പോള്‍ അനില്‍ കുംബ്ലെ ആയിരുന്നു കോച്ച്. ഞാന്‍ അദ്ദേഹത്തോട് കാര്യങ്ങള്‍ പറഞ്ഞു. 'വിഷമിക്കേണ്ട, നിങ്ങള്‍ പൂര്‍ണ ആരോഗ്യവാനായി തിരിച്ചുവരുമ്പോള്‍ സ്വാഭാവികമായും ടീമിലുണ്ടാകും' എന്ന് അദ്ദേഹം എന്നോട് പറഞ്ഞു.'' മിശ്ര വ്യക്തമാക്കി.

മിശ്ര തുടര്‍ന്നു.. ''തുടര്‍ന്ന് വിരാട് കോലി ക്യാപ്റ്റനായി. ഞാന്‍ അദ്ദേഹത്തോടും കാര്യങ്ങള്‍ ചോദിച്ചു. 'നിങ്ങള്‍ വിഷമിക്കേണ്ടതില്ല, പൂര്‍ണമായി ഫിറ്റ്നസ് വീണ്ടെടുക്കൂ, നിങ്ങള്‍ ടീമിലുണ്ടാകും' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.'' മിശ്ര കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ പരിക്ക് മാറി തിരിച്ചെത്തിയ ശേഷം താന്‍ കോലിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം വാക്ക് പാലിച്ചില്ലെന്ന് മിശ്ര കുറ്റപ്പെടുത്തുന്നു. ''ഞാന്‍ അദ്ദേഹത്തെ സമീപിക്കുകയും ഇപ്പോഴത്തെ സാഹചര്യം എന്താണെന്ന് ചോദിക്കുകയും ചെയ്തു. ഒരാഴ്ചയോ പത്ത് ദിവസത്തിനുള്ളില്‍ അറിയിക്കാമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് യാതൊരു മറുപടിയും ഉണ്ടായില്ല. ഞാന്‍ അദ്ദേഹത്തെ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. സന്ദേശങ്ങള്‍ അയച്ചെങ്കിലും മറുപടി ലഭിച്ചില്ല.'' മിശ്ര പറഞ്ഞു.

YouTube video player