ക്വിൻസ്‍ലാൻഡിലുണ്ടായ കാറപകടത്തില്‍ കഴിഞ്ഞ ദിവസമാണ് 46കാരനായ ആൻഡ്രൂ സൈമണ്ട്‌സ് മരണമടഞ്ഞത്

സിഡ്‌നി: ഓസ്‌ട്രേലിയന്‍ മുന്‍ ഓള്‍റൗണ്ടര്‍ ആൻഡ്രൂ സൈമണ്ട്‌സ്(Andrew Symonds) പണത്തിനും പ്രശസ്‌തിക്കും വേണ്ടി കളിച്ച താരമല്ലെന്ന് സഹതാരമായിരുന്ന ബ്രെറ്റ് ലീ(Brett Lee). കാറപകടത്തില്‍ സൈമണ്ട്‌സ് അപ്രതീക്ഷിതമായി മരണമടഞ്ഞതിന് പിന്നാലെയാണ് വിഖ്യാത പേസറായ ലീയുടെ വാക്കുകള്‍. 2000 മുതല്‍ 2009 വരെ 171 രാജ്യാന്തര മത്സരങ്ങളില്‍ ഒന്നിച്ച് കളിച്ച താരങ്ങളാണ് ബ്രെറ്റ് ലീയും ആൻഡ്രൂ സൈമണ്ട്‌സും. 24 ടെസ്റ്റിലും 135 ഏകദിനങ്ങളിലും 12 രാജ്യാന്തര ടി20കളിലും ഇരുവരും ഒന്നിച്ച് ഓസീസ് കുപ്പായമണിഞ്ഞു. 

'റോയിയെ ജൂനിയര്‍തല ക്രിക്കറ്റ് മുതല്‍ എനിക്കറിയാം. ഞാന്‍ കണ്ട ഏറ്റവും മികച്ച കായികതാരങ്ങളില്‍ ഒരാളാണ് ആൻഡ്രൂ സൈമണ്ട്‌സ്. പണത്തിനും പ്രശസ്തിക്കും വേണ്ടി അദേഹം ക്രിക്കറ്റ് കളിച്ചിട്ടില്ല. അതൊന്നും അയാളെ ബാധിച്ചിരുന്ന കാര്യങ്ങളല്ല' എന്നും ബ്രെറ്റ് ലീ ട്വിറ്ററില്‍ കുറിച്ചു. 

Scroll to load tweet…

ക്വിൻസ്‍ലാൻഡിലുണ്ടായ കാറപകടത്തില്‍ കഴിഞ്ഞ ദിവസമാണ് 46കാരനായ ആൻഡ്രൂ സൈമണ്ട്‌സ് മരണമടഞ്ഞത്. ലോകം കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടറിൽ ഒരാളായിരുന്നു. ഓസ്ട്രേലിയക്കായി 26 ടെസ്റ്റും 198 ഏകദിനങ്ങളും 14 ട്വന്‍റി 20കളും കളിച്ചു. 2003ലും 2007ലും ലോകകിരീടം നേടിയ ഓസ്ട്രേലിയൻ ടീമിൽ അംഗമായി. 2003 ലോകകപ്പിൽ പാകിസ്ഥാനെതിരായ മാച്ച് വിന്നിംഗ് സെഞ്ച്വറിയുമായി നിറഞ്ഞുനിന്നു. ഐപിഎല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിന്‍റെയും മുംബൈ ഇന്ത്യന്‍സിന്‍റേയും താരമായിരുന്നു. ആദ്യ സീസണ്‍ ഐപിഎല്ലിൽ സെഞ്ച്വറിയും ഡെക്കാനൊപ്പം കിരീടവും നേടിയിട്ടുണ്ട് ആൻഡ്രൂ സൈമണ്ട്‌സ്‌. വിരമിച്ച ശേഷം ഫോക്സ് സ്പോർട്സിന്‍റെ കമന്‍റേറ്ററായി സേവനമനുഷ്ടിച്ചിരുന്നു. 

ആൻഡ്രൂ സൈമണ്ട്‌സ്‌ ഏകദിനത്തില്‍ 5000ലേറെ റണ്‍സും നൂറിലേറെ വിക്കറ്റുമുള്ള അപൂര്‍വ താരങ്ങളിലൊരാളാണ്. 11 വര്‍ഷം നീണ്ട രാജ്യാന്തര കരിയറില്‍ 198 ഏകദിനങ്ങളില്‍ 5088 റണ്‍സും 133 വിക്കറ്റും നേടി. 26 ടെസ്റ്റില്‍ 1462 റണ്‍സും 24 വിക്കറ്റും 14 രാജ്യാന്തര ടി20യില്‍ 337 റണ്‍സും 8 വിക്കറ്റും സ്വന്തമാക്കി. ഐപിഎല്ലില്‍ 39 മത്സരങ്ങളില്‍ 974 റണ്‍സും 20 വിക്കറ്റും സ്വന്തമാക്കി. ഒപ്പം എക്കാലത്തെയും മികച്ച ഫീല്‍ഡ‍ര്‍മാരില്‍ ഒരാളായും വാഴ്‌ത്തപ്പെട്ടു. 

Andrew Symonds : ആൻഡ്രൂ സൈമണ്ട്‌സിന്‍റെ അപ്രതീക്ഷിത വേര്‍പാട്; കണ്ണീര്‍ പൊടിയുന്ന കുറിപ്പുമായി സച്ചിന്‍