കഴിഞ്ഞ രണ്ട് സീസണുകളിലും ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് പരിശീലകനായിരുന്ന ആന്‍ഡി ഫ്ലവര്‍ ടീമിനെ പ്ലേ ഓഫിലെത്തിച്ചിരുന്നു. വരുന്ന സീസണില്‍ ആന്‍ഡി ഫ്ലവറിന് പകരം ജസ്റ്റിന്‍ ലാംഗറെ ലഖ്നൗ പരിശീലകനായി നിയമിച്ചതോടെയാണ് ആന്‍ഡി ഫ്ലവര്‍ ആര്‍സിബിയിലേക്ക് മാറുന്നത്.

ബെംഗലൂരു: ഐപിഎല്‍ ടീമായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പുതിയ പരീശിലകനെ പ്രഖ്യാപിച്ചു. സിംബാബ്‌വെയുടെ ഇതിഹാസ താരം ആന്‍ഡി ഫ്ലവറിനെയാണ് ആര്‍സിബിയുടെ പുതിയ പരിശീലകനായി നിയമിച്ചത്. ആര്‍സിബി ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടറായ മൈക്ക് ഹെസ്സണ് പകരമാണ് ആന്‍ഡി ഫ്ലവര്‍ പരിശീലകനായി എത്തുന്നത്. ഹെസ്സണ്‍ ഈ മാസം അവസാനം സ്ഥാനമൊഴിയും.

ഡയറക്ടര്‍ സ്ഥാനത്തിന് പകരം മുഖ്യപരിശീലക സ്ഥാനമാണ് ആന്‍‍ഡി ഫ്ലവറിന് നല്‍കുക. ഹെസ്സണ് കീഴില്‍ ആര്‍സിബിയുടെ മുഖ്യപരീശിലകനായിരുന്ന സഞ്ജയ് ബംഗാറും മറ്റ് സപ്പോര്‍ട്ട് സ്റ്റാഫുകളും ഈ മാസം അവസാനത്തോടെ സ്ഥാനമൊഴിയും. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് അടക്കമുള്ള താരങ്ങള്‍ ആന്‍ഡി ഫ്ലവറിനെ പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ ഒടുവില്‍ ആര്‍സിബി പരിശീലകനാവാന്‍ ഫ്ലവര്‍ സമ്മതം മൂളുകയായിരുന്നുവെന്ന് ക്രിക് ബസ് റിപ്പോര്‍ട്ട് ചെയ്തു.

Scroll to load tweet…

കഴിഞ്ഞ രണ്ട് സീസണുകളിലും ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് പരിശീലകനായിരുന്ന ആന്‍ഡി ഫ്ലവര്‍ ടീമിനെ പ്ലേ ഓഫിലെത്തിച്ചിരുന്നു. വരുന്ന സീസണില്‍ ആന്‍ഡി ഫ്ലവറിന് പകരം ജസ്റ്റിന്‍ ലാംഗറെ ലഖ്നൗ പരിശീലകനായി നിയമിച്ചതോടെയാണ് ആന്‍ഡി ഫ്ലവര്‍ ആര്‍സിബിയിലേക്ക് മാറുന്നത്. രാജ്യാന്തര ടി20 ലീഗുകളില്‍ പരിശീലകനായി ദീര്‍ഘനാളത്തെ അനുഭവ സമ്പത്തുള്ളയാളാണ് ആന്‍ഡി ഫ്ലവര്‍. കരീബിയന്‍ പ്രീമിയര്‍ ലീഗിലും പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലും ഫ്ലവര്‍ പരീശിലകനായിട്ടുണ്ട്. കഴിഞ്ഞ ആഷസ് പരമ്പരയില്‍ ഓസ്ട്രേലിയന്‍ ടീമിന്‍റെ കോച്ചിംഗ് സ്റ്റാഫിന്‍റെ ഉപദേശകനുമായിരുന്നു.

അരങ്ങേറ്റത്തില്‍ തന്നെ സിക്സര്‍ പൂരം; തിലക് വര്‍മയുടെ ബാറ്റിംഗ് കണ്ട് രോമാഞ്ചം വന്നുവെന്ന് മുംബൈ താരം-വീഡിയോ

അതേസമയം, അന്‍ഡി ഫ്ലവര്‍ പരിശീലകനായി എത്തുമ്പോള്‍ ആര്‍സിബിയുടെ എക്കാലത്തെും മികച്ച താരങ്ങളിലൊരാളായ എ ബി ഡിവില്ലിയേഴ്സ് അടുത്ത സീസണില്‍ ടീമിന്‍റെ മെന്‍ററായി എത്തുമെന്നും സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യത്തക്കുറിച്ച് ഔദ്യോഗിക സ്ഥീരകരണമില്ല. ഡിവില്ലിയേഴ്സും മുമ്പ് ഇത്തരത്തില്‍ സൂചന നല്‍കിയിരുന്നു. 2019ല്‍ ആര്‍സിബി ഡയറക്ടറായ മൈക് ഹെസ്സണ് കീഴില്‍ ടീം മൂന്ന് തവണ പ്ലേ ഓഫിലെത്തിയെങ്കിലും ആദ്യ ഐപിഎല്‍ കിരീടം ഇതുവരെ നേടാനായില്ല. കഴിഞ്ഞ സീസണില്‍ ആറാം സ്ഥാനത്താണ് ആര്‍സിബി ഫിനിഷ് ചെയ്തത്. യുകെ ആസ്ഥാനമായ ഡിയാഗോ കോര്‍പറേഷനാണ് ആര്‍സിബി ടീമിന്‍റെ ഉടമകള്‍.