സിഡ്നി: ആദ്യ ഫസ്റ്റ് ക്ലാസ് സെഞ്ചുറിക്ക് തൊട്ടരികെ ക്യാപ്റ്റന്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തതില്‍ പ്രതിഷേധിച്ച് ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ബാറ്റ് വലിച്ചെറിഞ്ഞു. ഓസ്ട്രേലിയന്‍ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്‍റായ ഷെഫീല്‍ഡ് ഷീല്‍ഡില്‍ ന്യൂസൗത്ത് വെയില്‍സ്-ടാസ്മാനിയ മത്സരത്തിനിടെയായിരുന്നു സംഭവം. ന്യൂസൗത്ത് വെയില്‍സിനായി ബാറ്റ് ചെയ്യുകയായിരുന്ന സ്റ്റാര്‍ക്കിന്‍റെ വ്യക്തിഗത സ്കോര്‍ 86ല്‍ നില്‍ക്കെയാണ് ക്യാപ്റ്റന്‍ പീറ്റര്‍ നെവില്ലെ അപ്രതീക്ഷിതമായി ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തത്.

ക്യാപ്റ്റന്‍റെ നടപടി ഒട്ടും പിടിക്കാതിരുന്ന സ്റ്റാര്‍ക്ക് ഗ്രൗണ്ട് വിട്ടശേഷം ഡഗ് ഔട്ടിലെത്തിയപ്പോഴാണ് അരിശത്തോടെ ബാറ്റ് വലിച്ചെറിഞ്ഞത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഇതുവരെ സെഞ്ചുറി നേടാന്‍ കഴിയാത്ത സ്റ്റാര്‍ക്കിന്‍റെ ഉയര്‍ന്ന ടെസ്റ്റ് സ്കോര്‍ ടെസ്റ്റില്‍ ഇന്ത്യക്കെതിരെ നേടിയ 99 നോട്ടൗട്ട് ആണ്. മൂന്നാം ദിനം സ്റ്റംപെടുക്കാന്‍ ഒരു മണിക്കൂര്‍ ശേഷിക്കെ ന്യൂസൗത്ത് വെയില്‍സിനായി സീന്‍ ആബട്ട് സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെയാണ് നെവില്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തത്.

മത്സരത്തിന്‍റെ ആദ്യ ഇന്നിംഗ്സില്‍ വെറും 64 റണ്‍സിന് പുറത്തായ ന്യൂസൗത്ത് വെയില്‍സ് രണ്ടാം ഇന്നിംഗ്സില്‍ ആബട്ടിന്‍റെയും നിക്ക് ലാര്‍ക്കിന്‍റെയും മോയിസസ് ഹെന്‍റിക്കസിന്‍റെയും സെഞ്ചുറികളുടെയും സ്റ്റാര്‍ക്കിന്‍റെ അര്‍ധസെഞ്ചുറിയുടെയും മികവില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 522 റണ്‍സെടുത്തു.

രണ്ടാം ഇന്നിംഗ്സില്‍ 348 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ടാസ്മാനിയ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 26/2 എന്ന നിലയിലാണ്. എട്ട് വിക്കറ്റ് ശേഷിക്കെ അവസാന ദിവസം 322 റണ്‍സ് കൂടി വേണം ടാസ്മാനിയക്ക് ജയിക്കാന്‍.