ദില്ലി: സ്‌പിന്‍ ഇതിഹാസവും ഇന്ത്യന്‍ മുന്‍ നായകനുമായ അനില്‍ കുംബ്ലെയെ മാതൃകയാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ഥികളോട് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ബൗണ്‍സറേറ്റ് താടിയെല്ലിന് പൊട്ടലേറ്റിട്ടും കളി തുടര്‍ന്ന കുംബ്ലെയുടെ മനോവീര്യം പിന്തുടരണം എന്നായിരുന്നു 'പരീക്ഷാ പേ ചര്‍ച്ച'യില്‍ മോദിയുടെ നിര്‍ദേശം.

പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്ക് നന്ദിപറഞ്ഞിരിക്കുകയാണ് അനില്‍ കുംബ്ലെ. പരീക്ഷകള്‍ നടക്കാനാരിക്കേ വിദ്യാര്‍ഥികള്‍ക്ക് ആശംസ നേരുകയും ചെയ്തു മുന്‍ ക്രിക്കറ്റര്‍. 'എന്‍റെ പേര് പരാമര്‍ശിച്ചത് അംഗീകാരമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയറിയിക്കുന്നു. പരീക്ഷ എഴുതുന്ന എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു'- കുംബ്ലെ ട്വീറ്റ് ചെയ്തു. മോദിയെ ടാഗ് ചെയ്‌തായിരുന്നു കുംബ്ലെയുടെ ട്വീറ്റ്. 

ചോര പൊടിഞ്ഞിട്ടും പതറാതെ കളിച്ച കുംബ്ലെ

വിന്‍ഡീസിനെതിരെ 2002ലെ ആന്റിഗ്വ ടെസ്റ്റില്‍ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുകയായിരുന്നു അനില്‍ കുംബ്ലെ. പേസര്‍ മെല്‍വിന്‍ ഡില്ലന്റെ പന്തില്‍ താടിയെല്ലിന് പൊട്ടലേറ്റിട്ടും താടിക്ക് കെട്ടുമായി കുംബ്ലെ ബാറ്റിംഗ് തുടര്‍ന്നു. പരിക്കിനെ വകവെക്കാതെ 14 ഓവറുകള്‍ എറിഞ്ഞ കുംബ്ലെ ബ്രയാന്‍ ലാറയുടെ നിര്‍ണായക വിക്കറ്റും വീഴ്‌ത്തി. ഇന്നും ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശമാണ് കുബ്ലെയുടെ അന്നത്തെ പോരാട്ട വീര്യം. കൊല്‍ക്കത്തയില്‍ 2001ൽ ഓസ്‌ട്രേലിയക്കെതിരെ പിന്നിൽ നിന്ന് തിരിച്ചടിച്ച് ഇന്ത്യക്ക് ചരിത്ര ജയം സമ്മാനിച്ച രാഹുല്‍ ദ്രാവിഡിനെയും വി വി എസ് ലക്ഷ്‌മണനെയും മാതൃകയാക്കാനും മോദി വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടിരുന്നു.