ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിദര്‍ഭയ്ക്ക് മോശം തുടക്കമായിരുന്നു. 44 റണ്‍സെടുക്കുന്നതിനിടെ അവര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി.
നാഗ്പൂര്‍: ആഭ്യന്തര ക്രിക്കറ്റില്‍ വീണ്ടും സെഞ്ചുറിയുമായി വിദര്‍ഭയുടെ മലയാളി ക്രിക്കറ്റര്‍ കരുണ്‍ നായര്‍. രഞ്ജി ട്രോഫിയില്‍ തമിഴ്‌നാടിനെതിരായ മത്സരത്തിലാണ്‍ കരുണ്‍ സെഞ്ചുറി നേടുന്നത്. 100 റണ്‍സുമായി താരം ഇപ്പോഴും ക്രീസിലുണ്ട്. കഴിഞ്ഞ 13 ആഭ്യന്തര മത്സരങ്ങള്‍ക്കിടെ കരുണ്‍ നേടുന്ന ഏഴാം സെഞ്ചുറിയാണിത്. കരുണിന്റെ സെഞ്ചുറി കരുത്തില്‍ വിദര്‍ഭ ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സെടുത്തിട്ടുണ്ട്. ഹര്‍ഷ് ദുബെ (19) കരുണിനൊപ്പം ക്രീസിലുണ്ട്. നാഗ്പൂര്‍, വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൗണ്ടില്‍ ടോസ് നേടിയ വിദര്‍ഭ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിദര്‍ഭയ്ക്ക് മോശം തുടക്കമായിരുന്നു. 44 റണ്‍സെടുക്കുന്നതിനിടെ അവര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. അഥര്‍വ ടൈഡെ (0), ആദിത്യ താക്കറെ (5), ധ്രുവ് ഷോറെ (26) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. പിന്നീട് ഡാനിഷ് മലേവര്‍ (75) - കരുണ്‍ സഖ്യം 98 റണ്‍സ് കൂട്ടിചേര്‍ത്തു. ഇരുവരും സ്‌കോര്‍ 142ലെത്തിച്ചു. എന്നാല്‍ വിജയ് ശങ്കര്‍ ബ്രേക്ക് ത്രൂമായെത്തി. മലേവര്‍ പുറത്ത്. 13 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു മലേവറിന്റെ ഇന്നിംഗ്‌സ്. തുടര്‍ന്നെത്തിയ യാഷ് റാത്തോഡ് (13), അക്ഷയ് വഡ്കര്‍ (24) എന്നിവര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. ഇതിനിടെ കരുണ്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. 180 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സും 14 ഫോറും നേടി. തമിഴ്‌നാടിന് വേണ്ടി വിജയ് ശങ്കര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
ജമ്മു കശ്മീര്‍ ഭേദപ്പെട്ട സ്‌കോറിലേക്ക്
പൂനെ: രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ കേരളത്തിനെതിരായ മത്സരത്തില്‍ ജമ്മു കശ്മീര്‍ ഭേദപ്പെട്ട സ്‌കോറിലേക്ക്. പൂനെ, മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ജമ്മു ഒന്നാം ദിനം അവസാനിക്കുമ്പോള്‍ എട്ടിന് 228 എന്ന നിലയിലാണ് ജമ്മു. അഞ്ച് വിക്കറ്റ് നേടിയ എം ഡി നിധീഷാണ് ജമ്മുവിനെ തകര്‍ത്തത്. ഒരാള്‍ക്ക് പോലും അര്‍ധ സെഞ്ചുറി നേടാന്‍ സാധിച്ചില്ല. കനയ്യ വധാവന്‍ (48), നാസിര്‍ മുസഫര്‍ (44) എന്നിവര്‍ മാത്രമാണ് ജമ്മു നിരയില്‍ അല്‍പമെങ്കിലും പിടിച്ചുനിന്നത്. യുധ്‌വിര്‍ സിംഗ് (17), നബി ദാര്‍ (5) എന്നിവരാണ് ക്രീസില്‍.

