നോർക്യ നടന്നുപോകുമ്പോൾ പിന്നിലൂടെ സ്പൈഡർ ക്യാം വരുന്നതും താരം ഇടിയേറ്റ് വീഴുന്നതുമായ വീഡിയോ പുറത്ത് വന്നിട്ടുണ്ട്
മെൽബൺ: ഓസ്ട്രേലിയക്കെതിരെ രണ്ടാം ടെസ്റ്റിനിടെ ദക്ഷിണാഫ്രിക്കൻ താരം ആൻറിച്ച് നോർക്യയെ സ്പൈഡർ ക്യാം ഇടിച്ച് താഴെയിട്ടു. രണ്ട് വിക്കറ്റിന് 178 എന്ന നിലയിൽ ഓസ്ട്രേലിയ ബാറ്റ് ചെയ്യുമ്പോഴായിരുന്നു സംഭവം. നോർക്യ നടന്നുപോകുമ്പോൾ പിന്നിലൂടെ സ്പൈഡർ ക്യാം വരുന്നതും താരം ഇടിയേറ്റ് വീഴുന്നതുമായ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. സത്യം പറഞ്ഞാൽ തന്നെ ഇടിച്ചത് എന്തായിരുന്നുവെന്ന് ആദ്യം മനസിലായില്ലെന്ന് നോർക്യ ഇന്നത്തെ ദിവസത്തെ കളി അവസാനിച്ച ശേഷം പറഞ്ഞു.
ഇടത് തോളിലും കൈമുട്ടിലാണ് അത് വന്നിടിച്ചത്. കൈമുട്ടിന് അൽപ്പം വേദനയുണ്ടെങ്കിലും കുഴപ്പമില്ലെന്ന് തോന്നുന്നു. എന്തായാലും ഡോക്ടറെ കണ്ട് പരിശോധന നടത്തുമെന്നും താരം അറിയിച്ചു. അതേസമയം, ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ രണ്ടാം ദിനം അവസാനിച്ചപ്പോൾ ഓസ്ട്രേലിയ മികച്ച ലീഡ് ആണ് നേടിയിട്ടുള്ളത്. രണ്ടാം ദിനം സ്റ്റംപ് എടുത്തപ്പോള്‍ 91 ഓവറില്‍ 386-3 എന്ന ശക്തമായ നിലയിലാണ് ഓസീസ്.
ട്രാവിസ് ഹെഡും(48 പന്തില്‍ 48*), അലക്‌സ് ക്യാരിയുമാണ്(22 പന്തില്‍ 9*) ക്രീസില്‍. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 189 റണ്‍സ് പിന്തുടരുന്ന ഓസീസിനിപ്പോള്‍ 197 റണ്‍സ് ലീഡുണ്ട്. ഇരട്ട സെഞ്ചുറി നേടിയ ഡേവിഡ് വാര്‍ണറും പിന്നാലെ കാമറൂണ്‍ ഗ്രീനും പരിക്കേറ്റ് റിട്ടയര്‍ഡ് ഹര്‍ട്ടായപ്പോള്‍ സ്റ്റീവ് സ്‌മിത്ത് സെഞ്ചുറിക്കരികെ പുറത്തായി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക 68.4 ഓവറില്‍ 189ന് എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ കാമറൂണ്‍ ഗ്രീനാണ് സന്ദര്‍ശകരെ തകര്‍ത്തത്. 10.4 ഓവറില്‍ 27 റണ്‍സിനാണ് ഗ്രീന്‍ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയത്. മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും സ്കോട്ട് ബോളണ്ടും നേഥന്‍ ലിയോണും ഓരോ വിക്കറ്റും വീഴ്‌ത്തിയിരുന്നു.
കറാച്ചിയിൽ അടിക്ക് തിരിച്ചടി; പാകിസ്ഥാൻ ബൗളർമാർക്ക് കടുത്ത നിരാശ; മിന്നുന്ന തുടക്കം നേടി ന്യൂസിലൻഡ്
