ഇന്നിംഗ്സിലെ 25-ാം ഓവറില്‍ 154-5 എന്ന സ്കോറില്‍ ഇംഗ്ലണ്ട് പതറുമ്പോള്‍ ടെലിവിഷനില്‍ കാണിച്ച ഇംഗ്ലീഷ് ഡഗ് ഔട്ടിലെ ദൃശ്യങ്ങളില്‍ ജോഫ്ര ആര്‍ച്ചര്‍ തല ചായ്ച്ച് സുഖമായി ഉറങ്ങുന്ന ദൃശ്യങ്ങൾ കാണാം.

അഹമ്മദാബാദ്: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയ ഇംഗ്ലണ്ട് താരങ്ങളുടെ അലസ സമീപനത്തിനെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യൻ താര രവി ശാസ്ത്രിയും കെവിന്‍ പീറ്റേഴ്സനും. അഹമ്മദാബാദില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 358 റൺസിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിനായി ബെന്‍ ഡക്കറ്റും ഫില്‍ സാള്‍ട്ടും ചേര്‍ന്ന് ആറോവറില്‍ 60 റണ്‍സടിച്ച് വെടിക്കെട്ട് തുടക്കം നല്‍കിയെങ്കിലും പിന്നീട് ഇംഗ്ലണ്ട് തകര്‍ന്നടിഞ്ഞിരുന്നു.

ഇതിനിടെ ഇന്നിംഗ്സിലെ 25-ാം ഓവറില്‍ 154-5 എന്ന സ്കോറില്‍ ഇംഗ്ലണ്ട് പതറുമ്പോള്‍ ടെലിവിഷനില്‍ കാണിച്ച ഇംഗ്ലീഷ് ഡഗ് ഔട്ടിലെ ദൃശ്യങ്ങളില്‍ ജോഫ്ര ആര്‍ച്ചര്‍ തല ചായ്ച്ച് സുഖമായി ഉറങ്ങുന്ന ദൃശ്യങ്ങൾ കാണാം. ഇംഗ്ലണ്ട് തോല്‍വിയിലേക്ക് നീങ്ങുമ്പോഴായിരുന്നു ആര്‍ച്ചറുടെ ഉറക്കം. ഇത് ഈ പരമ്പരയിലാകെ ഇംഗ്ലണ്ട് താരങ്ങള്‍ പുലര്‍ത്തിയ അലസ സമീപനത്തിന്‍റെ ഉദാഹരണമാണെന്ന് ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തതിന് പിന്നാലെ കമന്‍ററി ബോക്സിലുണ്ടായിരുന്ന രവി ശാസ്ത്രി തുറന്നടിച്ചു.

വീണ്ടും ക്യാപ്റ്റനാവാന്‍ വിരാട് കോലിയില്ല, ഐപിഎല്ലില്‍ ആര്‍സിബിയെ നയിക്കാന്‍ സര്‍പ്രൈസ് താരം

ഇന്ത്യക്കെതിരായ പരമ്പരയില്‍ ഒരേയൊരു നെറ്റ് സെഷനില്‍ മാത്രമാണ് ഇംഗ്ലണ്ട് താരങ്ങള്‍ പങ്കെടുത്തതെന്ന ഞെട്ടിക്കുന്ന വിവരവും താന്‍ അറിഞ്ഞിരുന്നുവെന്നും ശാസ്ത്രി പറഞ്ഞു. പരിക്കേറ്റ ജേക്കബ് ബേഥലിന് പകരക്കാരനായി മൂന്നാം ഏകദിനത്തില്‍ കളിച്ച ഇംഗ്ലണ്ട് താരം ടോം ബാന്‍റണ്‍ മത്സരത്തലേന്ന് ഗോള്‍ഫ് കളിക്കുകയായിരുന്നുവെന്ന് കമന്‍ററി ബോക്സിലുണ്ടായിരുന്ന മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സനും വിമര്‍ശിച്ചു.

Scroll to load tweet…

തുടക്കത്തില്‍ തകര്‍ത്തടിച്ച് 60 റണ്‍സടിച്ചെങ്കിലും ഇംഗ്ലണ്ട് മധ്യനിരയില്‍ ഒരു താരത്തിന് പോലും സ്പിന്നിനെതിരെ കളിക്കാനാറിയില്ലെന്നും അതാണ് ഇംഗ്ലണ്ട് ബാറ്റിംഗ് നിരയുടെ കൂട്ടത്തകര്‍ച്ചക്ക് കാരണമെന്നും പീറ്റേഴ്സന്‍ വ്യക്തമാക്കി. ഇതിന് പിന്നാലെയായിരുന്നു ജോഫ്ര ആര്‍ച്ചര്‍ ഡഗ് ഔട്ടില്‍ തലചായ്ച്ചു ഉറങ്ങുന്ന ദൃശ്യങ്ങള്‍ കാണിച്ചത്. ഇതോടെ ഇപ്പോള്‍ ഞാന്‍ പറഞ്ഞത് ശരിയായില്ലെ എന്ന് പറഞ്ഞ രവി ശാസ്ത്രി, ഉറങ്ങാന്‍ പറ്റിയ സമയമാണിതെന്നും വിനോദയാത്രക്കാണോ ഇംഗ്ലണ്ട് ഇന്ത്യയില്‍ വന്നതെന്നും ചോദിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക