ലണ്ടന്‍: പേസ് ബൗളര്‍ ജോഫ്രാ ആര്‍ച്ചറുടെ ടെസ്റ്റ് അരങ്ങേറ്റം ആഷസ് പരമ്പരയിൽ മാത്രം. അയര്‍ലന്‍ഡിനെതിരായ ടെസ്റ്റിനുള്ള ഇംഗ്ലീഷ് ടീമിൽ ആര്‍ച്ചറെ ഉള്‍പ്പെടുത്തിയില്ല. ലോകകപ്പില്‍ തിളങ്ങിയ ആര്‍ച്ചറിനും മാര്‍ക്ക് വുഡിനും വിശ്രമം അനുവദിച്ചതായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.

അതേസമയം ലോകകപ്പില്‍ തിളങ്ങിയ ഓപ്പണര്‍ ജേസൺ റോയ്ക്ക് ടെസ്റ്റ് അരങ്ങേറ്റത്തിന് സെലക്ടര്‍മാര്‍ അവസരം നൽകി. റോറി ബേൺസിനൊപ്പം റോയ് ഇന്നിംഗ്സ് തുടങ്ങും. വിക്കറ്റ് കീപ്പര്‍ ജോസ് ബട്‍‍ലറിനും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍  സ്റ്റോക്സിനും വിശ്രമം നൽകിയപ്പോള്‍, പരിക്ക് ഭേദമായില്ലെങ്കിലും പേസര്‍ ജെയിംസ് ആന്‍ഡേഴ്സൺ ടീമിലെത്തി.

അടുത്ത ബുധനാഴ്ച ലോര്‍ഡ്സില്‍ തുടങ്ങുന്ന മത്സരം, അയര്‍ലന്‍ഡിന്‍റെ ആദ്യ ടെസ്റ്റാണ്. ഓഗസ്റ്റ് ഒന്നിനാണ് ആഷസ് പരന്പര തുടങ്ങുന്നത്.