ദില്ലി: വ്യക്തിഗത നേട്ടങ്ങള്‍ കണക്കിലെടുത്താല്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ വെല്ലാന്‍ സമകാലീന ക്രിക്കറ്റില്‍ മറ്റൊരു ബാറ്റ്സ്മാനില്ല. ടെസ്റ്റില്‍ 27ഉം ഏകദിനത്തില്‍ 43ഉം സെഞ്ചുറികളുള്‍പ്പെടെ 70 രാജ്യാന്തര സെഞ്ചുറികള്‍ സ്വന്തം പേരില്‍ കുറിച്ച കോലി സച്ചിന്റെ 100 രാജ്യാന്തര സെഞ്ചുറികളെന്ന നേട്ടം മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ ക്രിക്കറ്റ് ഒരു ടീം ഗെയിമാണെന്നതിനാല്‍ ക്യാപ്റ്റനെന്ന നിലയില്‍ കോലി ഇതുവരെ ഒന്നും നേടിയിട്ടില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ പറയുന്നു. സ്റ്റാര്‍ സ്പോര്‍ട്സിന്റെ ക്രിക്കറ്റ് കണക്ടില്‍ പങ്കെടുക്കവെയാണ് ഗംഭീറിന്റെ വിമര്‍ശനം.


കരിയറില്‍ കോലി ഇനിയുമേറെ നേടാനുണ്ട്. ഒരുപാട് നാഴികക്കല്ലുകള്‍ കോലി മറികടക്കുമോ എന്ന ചോദ്യത്തിന് ടീം സ്പോര്‍ട്സില്‍ കോലിക്ക് ഏറെ നേടാനുണ്ടെന്നായിരുന്നു ഗംഭീറിന്റെ മറുപടി. ബാറ്റ്സ്മാനെന്ന നിലയില്‍ നിങ്ങള്‍ക്ക് റണ്‍സടിച്ചു കൂട്ടിക്കൊണ്ടേയിരിക്കാം. ബ്രയാന്‍ ലാറയെയും ജാക്വിസ് കാലിസിനെയും പോലെ കരിയറില്‍ ഒരുപാട് റണ്‍സടിച്ചു കൂട്ടിയവരുണ്ട്. പക്ഷെ ടീം ഗെയിമെന്ന നിലയില്‍ കരിയറില്‍ അവര്‍ കിരീടങ്ങളൊന്നും നേടിയിട്ടില്ല. അതുപോലെ സത്യസന്ധമായി പറഞ്ഞാല്‍ നായകനെന്ന നിലയില്‍ കോലിയും ഇതുവരെ ഒന്നും നേടിയിട്ടില്ല.

സ്വന്തമായി റണ്‍സടിച്ചുകൂട്ടുമ്പോഴും നായകനെന്ന നിലയില്‍ കോലിക്ക് ഇനിയും ഒരുപാട് നേടാനുണ്ട്. ടീം സ്പോര്‍ട്സില്‍ നിങ്ങള്‍ കിരീടങ്ങള്‍ നേടിയിട്ടില്ലെങ്കില്‍, നിങ്ങളൊരിക്കലും പരിഗണിക്കപ്പെടില്ല. കരിയര്‍ പൂര്‍ണമാകുകയുമില്ല. ടീം അംഗങ്ങളെല്ലാം വ്യത്യസ്ത വ്യക്തികളാണെന്ന്  കോലി തിരിച്ചറിയുകയും ഓരോരുത്തരുടെയും മികവ് കണ്ടെത്തുകയും വേണം. കോലി മറ്റ് ക്യാപ്റ്റന്‍മാരില്‍ നിന്ന് ഏറെ വ്യത്യസ്തനാണ്. മറ്റ് പല ക്യാപ്റ്റന്‍മാര്‍ക്കും കോലിയോളും കഴിവുണ്ടായിരുന്നില്ല. പക്ഷെ നായകെന്ന നിലയില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം ടീം അംഗങ്ങളോട് തുറന്നു സംസാരിക്കാന്‍ തയാറാവുക എന്നതാണ്.


ടീം അംഗങ്ങളെ ഒരിക്കലും മറ്റുള്ളവരുമായി താരതമ്യം ചെയ്യരുത്. അതുപോലെ കളിയോടുള്ള അവരുടെ സമീപനത്തെ തന്റെ തന്നെ സമീപനവുമായും കോലി താതമ്യം ചെയ്യരുത്. കാരണം ഓരോരുത്തരും ഓരോ വ്യക്തികളാണ്. ഓരോ വ്യക്തിക്കും ഗുണങ്ങളും ദോഷങ്ങളുമുണ്ട്. അവരുടെതായ ശക്തിയും ദൗര്‍ബല്യങ്ങളുമുണ്ട്. അതാണ് ഒരു ടീം ഗെയിമിന്റെ സവിശേഷത. വ്യത്യസ്ത കഴിവുകളുള്ള ഓരോരുത്തരെയും ഒരു കണ്ണിയില്‍ കോര്‍ത്ത് അവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തുകൊണ്ടുവരിക എന്നതാണ് ഒരു ക്യാപ്റ്റന് ചെയ്യാനുള്ളത്.

Also Read:അങ്ങനെ ചെയ്തിരുന്നെങ്കില്‍ ധോണി ഇതിലും മഹത്തായ നേട്ടം കൈവരിക്കുമായിരുന്നു: ഗംഭീര്‍

മുഹമ്മദ് ഷമിക്ക് ഒരിക്കലും ജസ്പ്രീത് ബുമ്രയാവാന്‍ പറ്റില്ല. അതുപോലെ ഇഷാന്ത് ശര്‍മക്ക് ബുമ്രയാവാനോ കെ എല്‍ രാഹുലിന് കോലിയാവാനോ കഴിയില്ല. അതുപോലെ ശ്രേയസ് അയ്യര്‍ക്കോ മനീഷ് പാണ്ഡെക്കോ ഒന്നും കോലിയോളം ആവേശമോ പ്രതിഭയോ ഒന്നുമുണ്ടാവില്ല. എന്നാല്‍ അവരില്‍ നിന്ന് സാഹചര്യങ്ങള്‍ക്കനുസരിച്ച് എങ്ങനെ മികച്ച പ്രകടനം പുറത്തെടുക്കാമെന്നാണ് കോലി നോക്കേണ്ടത്. അതുവഴി എങ്ങമെ കിരീടങ്ങള്‍ നേടാമെന്നും. കിരീടങ്ങള്‍ നേടാന്‍ അത് മാത്രമാണ് മുന്നിലുള്ള വഴി-ഗംഭീര്‍ പറഞ്ഞു.

ഇന്ത്യന്‍ ടീം നായകനായിരുന്ന ഹൃസ്വകാലത്ത് ഇന്ത്യയ്ക്ക് വിജയങ്ങള്‍ സമ്മാനിച്ചിട്ടുള്ള നായകനാണ് ഗംഭീര്‍. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ഗംഭീര്‍ രണ്ട് തവണ കിരീടനേട്ടത്തിലേക്ക് നയിക്കുകയും ചെയ്തു.