ബര്‍മിംഗ്‌ഹാം: ലോകകപ്പിന് ശേഷം ആഷസ് ടെസ്റ്റ് പരമ്പരയുടെ ചൂടിലാണ് ക്രിക്കറ്റ് ലോകം. ആഷസ് ഒന്നാം ടെസ്റ്റ് പുരോഗമിക്കവെ ജേതാക്കളെ പ്രവചിച്ചിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ. ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കുന്നതാണ് ലാറയുടെ പ്രവചനം. 

സ്വന്തം മണ്ണില്‍ ആഷസ് കിരീടം ഇംഗ്ലണ്ട് ഉയര്‍ത്തുമെന്ന് ലാറ പറയുന്നു. ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട് ടൂര്‍ണമെന്‍റിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരനും ക്രിസ് വോക്‌സ് ഉയര്‍ന്ന വിക്കറ്റ്‌വേട്ടക്കാരനും ആകുമെന്നുമാണ് ലാറയുടെ പ്രവചനം. 

ആവേശത്തോടെയാണ് ആഷസ് ടെസ്റ്റ് പരമ്പരയ്‌ക്ക് തുടക്കമായിരിക്കുന്നത്. ഓസ്‌ട്രേലിയ ആദ്യ ഇന്നിംഗ്സിൽ 284ന് പുറത്തായപ്പോള്‍ 144 റണ്‍സ് നേടിയ സ്റ്റീവ് സ്‌മിത്താണ് കൂട്ടത്തകര്‍ച്ചയിലും കാത്തത്. ഇംഗ്ലീഷ് പേസര്‍ സ്റ്റുവർട്ട് ബ്രോഡ് അഞ്ച് വിക്കറ്റ് വീഴ്‌ത്തി. ആദ്യ ദിനം കളി നിര്‍ത്തിയപ്പോള്‍ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമാവാതെ 10 റൺസ് എന്ന നിലയിലാണ്.