ബര്‍മിംഗ്‌ഹാം: ആഷസ് ആദ്യ ടെസ്റ്റിലെ ആവേശ സെഞ്ചുറിയോടെ ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്‌മിത്തിന് ചരിത്രനേട്ടം. ഡോൺ ബ്രാഡ്‌മാന് ശേഷം കുറഞ്ഞ ഇന്നിംഗ്‌സുകളില്‍ 24 ടെസ്റ്റ് സെഞ്ചുറി നേടുന്ന താരമെന്ന നേട്ടത്തിലെത്തി സ്‌മിത്ത്. 

118 ഇന്നിംഗ്സില്‍ നിന്നാണ് സ്‌മിത്ത് 24-ാം സെഞ്ചുറിയിലെത്തിയത്. 123 ഇന്നിംഗ്സില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ സ്‌മിത്ത് മറികടന്നു. 66 ഇന്നിംഗ്‌സില്‍ 24 സെഞ്ചുറി നേടിയ ബ്രാഡ്‌മാന്‍ മാത്രമാണ് സ്‌മിത്തിന് മുന്നിലുള്ളത്.

ബര്‍മിംഗ്‌ഹാമില്‍ 219 പന്തിൽ 16 ഫോറും രണ്ട് സിക്സും ഉൾപ്പടെ സ്മിത്ത് 144 റൺസ് കുറിച്ചു. പീറ്റർ സിഡിലിനെ കൂട്ടുപിടിച്ച് ഒൻപതാം വിക്കറ്റിൽ 88 റൺസും അവസാന വിക്കറ്റില്‍ ലിയോണിനൊപ്പം 74 റണ്‍സും നേടി. ഒരുവർഷത്തെ വിലക്കിനുശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവാണ് സെഞ്ചുറിയോടെ സ്‌മിത്ത് ആഘോഷമാക്കിയത്.