ഈവര്‍ഷം ഏപ്രില്‍ 18ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടിയാണ് അവസാന ഐപിഎല്‍ മത്സരം കളിക്കുന്നത്. എന്നാല്‍ പിന്നീടുള്ള മത്സരങ്ങളിലൊന്നും താരത്തിന് അവസരം ലഭിച്ചതുമില്ല. 

മുംബൈ: 2016ലാണ് ഇന്ത്യയുടെ വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ് അവസാന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം കളിച്ചത്. യുഎഇക്കെതിരെയായിരുന്നു അത്. 2015ലാണ് അവസാന ടെസ്റ്റും ഏകദിനവും കളിക്കുന്നത്. എന്നാല്‍ ഇക്കാലയളവിലെല്ലാം ഐപിഎല്ലില്‍ സജീവമായിരുന്നു താരം. ഈവര്‍ഷം ഏപ്രില്‍ 18ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടിയാണ് അവസാന ഐപിഎല്‍ മത്സരം കളിക്കുന്നത്. എന്നാല്‍ പിന്നീടുള്ള മത്സരങ്ങളിലൊന്നും താരത്തിന് അവസരം ലഭിച്ചതുമില്ല.

ഇപ്പോള്‍ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങുകയാണ് ഹര്‍ഭജന്‍. അടുത്ത ആഴ്ച്ച ഔദ്യോഗിക തീരുമാനമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം കളിക്കളത്തോട് വിടപറയുന്ന ഹര്‍ഭജന്‍ ഐപിഎല്ലില്‍ പുതിയ ദൗത്യം ഏറ്റെടുത്തേക്കും. കണ്‍സള്‍ട്ടന്റെ, മെന്റര്‍, ഉപദേശക റോളുകളിലേക്ക് ഹര്‍ഭജനെ ചില ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ പരിഗണിക്കുന്നുണ്ട്. 

സൂചനകള്‍ പ്രകാരം ഐപിഎല്‍ മെഗാലേലത്തിന് മുമ്പ് തന്നെ ഹര്‍ഭജന്‍ പുതിയ റോള്‍ ഏറ്റെടുക്കാനാണ് സാധ്യത. പരിശീലക സംഘത്തില്‍ അംഗമാകാന്‍ വേണ്ടി ഒന്നുരണ്ട് ടീമുകള്‍ ഹര്‍ഭജനെ സമീപിച്ചതായാണ് വിവരം. മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന സമയത്ത് യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടു വരുന്ന കാര്യത്തില്‍ ഹര്‍ഭജന്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു.

ഐപിഎല്‍ രണ്ടാം ഘട്ടം യുഎഇയില്‍ നടന്നപ്പോള്‍ ഒരു മത്സരം പോലും ഹര്‍ഭജന് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്്ന്‍ എന്നിവരെയാണ് കൊല്‍ക്കത്ത പരിഗണിച്ചിരുന്നത്.