ടെസ്റ്റ് കരിയറിലെ 32-ാം അര്‍ധ ശതകവുമായി കുതിക്കുകയാണ് ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്‌മിത്ത്
അഡ്‌ലെയ്‌ഡ്: ആഷസ് (Ashes 2021-22) രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ (Australia vs England 2nd Test) മികച്ച സ്‌കോര്‍ ലക്ഷ്യമാക്കി ഓസ്‌ട്രേലിയ. മാര്‍നസ് ലബുഷെയ്‌ന്‍റെ (Marnus Labuschagne) സെഞ്ചുറിയും സ്റ്റീവ് സ്‌മിത്തിന്‍റെ അര്‍ധ സെഞ്ചുറിയും (Steven Smith) രണ്ടാംദിനം പിറന്നപ്പോള്‍ ആദ്യ സെഷന്‍ പൂര്‍ത്തിയാകുമ്പോള്‍ 302-5 എന്ന സ്‌കോറിലാണ് ഓസീസ്. സ്‌മിത്തിനൊപ്പം(55*) അലക്‌സ് ക്യാരിയാണ്(5*) ക്രീസില്‍. ലബുഷെയ്‌ന്‍റെയും ഹെഡിന്‍റെയും ഗ്രീനിന്‍റേയും വിക്കറ്റ് ഇന്ന് ആതിഥേയര്‍ക്ക് നഷ്‌ടമായി.
രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ 221 റൺസ് എന്ന നിലയിലാണ് രണ്ടാംദിനമായ ഇന്ന് ഓസീസ് കളിയാരംഭിച്ചത്. 95 റൺസുമായി ലബുഷെയ്‌നും 18 റണ്‍സോടെ സ്‌മിത്തുമായിരുന്നു ക്രീസില്‍. രണ്ടാംദിനത്തിന്‍റെ തുടക്കത്തില്‍ തന്നെ തന്‍റെ ആറാം ടെസ്റ്റ് ശതകം ലബുഷെയ്‌ന്‍ പൂര്‍ത്തിയാക്കി. തൊട്ടുപിന്നാലെ ലബുഷെയ്‌നെ റോബിന്‍സണ്‍ പുറത്താക്കിയെങ്കിലും അംപയര്‍ നോബോള്‍ വിളിച്ചു. പവലിയനിലേക്ക് മടങ്ങവേ താരത്തെ മടക്കിവിളിക്കുകയായിരുന്നു.
തന്‍റെ അടുത്ത ഓവറില്‍ ലബുഷെയ്‌നെ എല്‍ബിയില്‍ കുടുക്കി റോബിന്‍സണ്‍ ഇതിന് പകരംവീട്ടി. 305 പന്തില്‍ 103 റണ്‍സാണ് ലബുഷെയ്‌ന്‍റെ സമ്പാദ്യം. എങ്കിലും ടെസ്റ്റ് കരിയറിലെ 32-ാം അര്‍ധ ശതകവുമായി കുതിക്കുകയാണ് ഓസീസ് നായകന്‍ സ്റ്റീവ് സ്‌മിത്ത്. ഇതിനിടെ ക്രീസ് വിട്ടിറങ്ങി ഷോട്ടിന് ശ്രമിച്ച ട്രാവിഡ് ഹെഡിനെ ജോ റൂട്ട് ബൗള്‍ഡാക്കി. 36 പന്തില്‍ 18 റണ്‍സാണ് ഹെഡിന്‍റെ പേരിനൊപ്പമുള്ളത്. അഞ്ച് പന്ത് മാത്രം നേരിട്ട കാമറൂണ്‍ ഗ്രീനിനെ(2) സ്റ്റോക്‌സ് ബൗള്‍ഡാക്കിയതും ഓസീസിന് പ്രഹരമായി.
മൂന്ന് റൺസെടുത്ത ഓപ്പണർ മാർക്കസ് ഹാരിസിനെയും 95 റൺസെടുത്ത ഡേവിഡ് വാർണറെയും ഓസ്ട്രേലിയക്ക് ആദ്യദിനം നഷ്‌ടമായിരുന്നു. ടീം സ്‌കോര്‍ നാലില്‍ നില്‍ക്കേ മാര്‍ക്കസ് ഹാരിസിനെ നഷ്‌ടമായ ഓസീസിനെ രണ്ടാം വിക്കറ്റില്‍ മാര്‍നസ് ലബുഷെയ്‌നും ഡേവിഡ് വാര്‍ണറും കരകയറ്റി. ഇരുവരും രണ്ടാം വിക്കറ്റില്‍ 172 റണ്‍സിന്‍റെ ചേര്‍ത്തു. ഇന്നിംഗ്‌സിലെ എട്ടാം ഓവറില്‍ ആരംഭിച്ച ഈ സഖ്യത്തിന്‍റെ പോരാട്ടം 65-ാം ഓവര്‍ വരെ നീണ്ടുനിന്നു. കഴിഞ്ഞ മത്സരത്തില്‍ 94ല്‍ പുറത്തായ വാര്‍ണര്‍ ഇക്കുറി 167 പന്തില്‍ 95ല്‍ കീഴടങ്ങി.
ടോസ് നേടിയ ഓസീസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കൊവിഡ് സമ്പര്‍ക്കത്തിലായ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന് പകരം സ്റ്റീവ് സ്‌മിത്താണ് ഓസീസിനെ നയിക്കുന്നത്. പന്ത് ചുരണ്ടല്‍ വിവാദത്തിന് ശേഷം ക്യാപ്റ്റന്‍സിയിലേക്ക് സ്‌മിത്തിന്‍റെ മടങ്ങിവരവാണിത്. മൈക്കല്‍ നെസറാണ് കമ്മിന്‍സിന്‍റെ പകരക്കാരന്‍. ഇംഗ്ലീഷ് ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്. സീനിയര്‍ താരങ്ങളായ സ്റ്റുവര്‍ട്ട് ബ്രോഡ്, ജയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവര്‍ തിരിച്ചെത്തിയപ്പോള്‍ മാര്‍ക് വുഡ്, ജാക്ക് ലീച്ച് എന്നിവര്‍ പുറത്തായി. സ്‌പിന്നര്‍മാരില്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. ആദ്യ ടെസ്റ്റ് വിജയിച്ച ഓസ്ട്രേലിയ പരമ്പരയിൽ 1-0ന് മുന്നിലാണ്.
