Asianet News MalayalamAsianet News Malayalam

സ്‌മിത്തിന് ഇരട്ട സെഞ്ചുറി; അടിച്ചുതകര്‍ത്ത് വാലറ്റം; ഓസീസിന് കൂറ്റന്‍ സ്‌കോര്‍

കരിയറിലെ മൂന്നാം ഡബിള്‍ സെഞ്ചുറിയാണ് സ്‌മിത്ത് മാഞ്ചസ്റ്ററില്‍ നേടിയത്

Ashes 4th Test Steven Smith 3rd test double
Author
Old Trafford Cricket Ground, First Published Sep 5, 2019, 10:57 PM IST

മാഞ്ചസ്റ്റര്‍: ആഷസ് നാലാം ടെസ്റ്റില്‍ സ്റ്റീവ് സ്‌മിത്തിന്‍റെ ഇരട്ട സെഞ്ചുറിക്കരുത്തില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഓസീസിന് കൂറ്റന്‍ സ്‌കോര്‍. കരിയറിലെ മൂന്നാം ഡബിള്‍ സെഞ്ചുറിയാണ് സ്‌മിത്ത് മാഞ്ചസ്റ്ററില്‍ നേടിയത്. എന്നാല്‍ ഇരട്ട സെഞ്ചുറിക്ക് പിന്നാലെ 211ല്‍ നില്‍ക്കേ സ്‌മിത്തിനെ റൂട്ട് ഡെന്‍ലിയുടെ കൈകളിലെത്തിച്ചു. വാലറ്റത്ത് സ്റ്റാര്‍ക്ക്- ലിയോണ്‍ കൂട്ടുകെട്ട് കൂടിയായതോടെ 497-8 എന്ന സ്‌കോറില്‍ ഓസ്‌ട്രേലിയ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.  

മൂന്ന് വിക്കറ്റിന് 170 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഓസീസിന് അഞ്ച് വിക്കറ്റുകള്‍ ഇന്ന് നഷ്ടമായി. സ്‌മിത്തിനൊപ്പം ബാറ്റിംഗ് തുടര്‍ന്ന ട്രാവിഡ് ഹെഡിന്‍റെ വിക്കറ്റാണ് ഓസീസിന് ആദ്യം നഷ്ടമായത്. ബ്രോഡിന്‍റെ എല്‍ബിയില്‍ മടങ്ങുമ്പോള്‍ 19 റണ്‍സ് മാത്രമാണ് ഹെഡിനുണ്ടായിരുന്നത്. ക്രീസിലെത്തിയ മാത്യൂ വെയ്‌ഡിനും അധികനേരം പിടിച്ചുനില്‍ക്കാനായില്ല. 16 റണ്‍സില്‍ നില്‍ക്കേ വെയ്‌ഡിനെ ജാക്ക് ലീച്ച് റൂട്ടിന്‍റെ കൈകളിലെത്തിച്ചു. 

എന്നാല്‍ കുതിപ്പ് തുടര്‍ന്ന സ്‌മിത്ത് 160 പന്തില്‍ 26-ാം സെഞ്ചുറിയിലെത്തി. സ്‌മിത്തിന് ഉറച്ച പിന്തുണ നല്‍കിയ നായകന്‍ ടീം പെയ്‌ന്‍ 58 റണ്‍സെടുത്തു. ഓവര്‍ട്ടനാണ് പെയ്‌നിന്‍റെ വിക്കറ്റ്. ജാക്ക് ലീ പുറത്താക്കുമ്പോള്‍ നാല് റണ്‍സ് മാത്രമാണ് പാറ്റ് കമ്മിന്‍സിനുണ്ടായിരുന്നത്. എന്നാല്‍ ഇരട്ട സെഞ്ചുറിയുമായി സ്‌മിത്ത് നങ്കുരമിട്ടതോടെ ഓസീസ് മുന്‍തൂക്കം നേടി. സ്‌മിത്ത് പുറത്തായ ശേഷം അടിച്ചുതകര്‍ത്ത മിച്ചല്‍ സ്റ്റാര്‍ക്കും(54) നഥാന്‍ ലിയോണും(26) ഓസീസിനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചു.

ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍, മാര്‍ക്കസ് ഹാരിസ്, മാര്‍നസ് ലബുഷാഗ്നെ എന്നിവരെ ഓസീസിന് ആദ്യ ദിനം നഷ്ടമായിരുന്നു. ആഷസില്‍ അഞ്ചാം തവണയും ബ്രോഡാണ് അക്കൗണ്ട് തുറക്കും മുന്‍പ് വാര്‍ണര്‍ക്ക് മടക്കടിക്കറ്റ് നല്‍കിയത്. ഏഴാം ഓവറിലെ അവസാന പന്തില്‍ ഹാരിസിനെ(13) ബ്രോഡ് തന്നെ എല്‍ബിയില്‍ കുടുക്കി. സ്‌മിത്തിനൊപ്പം ഓസീസിനെ കരയറ്റിയ ലബുഷാഗ്നെയെ 67ല്‍ നില്‍ക്കേ ഓവര്‍ട്ടന്‍ ബൗള്‍ഡാക്കി. 

Follow Us:
Download App:
  • android
  • ios