എഡ്ജ്ബാസ്റ്റണ്‍: ആഷസ് പരമ്പര തുടങ്ങും മുമ്പെ വിവാദത്തിന് കൈകൊടുത്ത് ഓസ്ട്രേലിയന്‍ നായകന്‍  ടിം പെയ്ന്‍. പരമ്പരകള്‍ക്ക് മുമ്പ് എതിര്‍ ടീം ക്യാപ്റ്റന് കൈ കൊടുക്കാനായി  ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ടിം പെയ്ന്‍ നടത്തുന്ന ഹാന്‍ഡ്ഷേക്ക് ചടങ്ങാണ് ഇംഗ്ലണ്ട് ടീമിനെ ചൊടിപ്പിച്ചിരിക്കുന്നത്.

തങ്ങളോട് മുന്‍കൂട്ടി ആലോചിക്കാതെയാണ് ഇത്തരമൊരു ചടങ്ങെന്നാണ് ഇംഗ്ലണ്ട് ടീം നായകന്‍ ജോ റൂട്ടിന്റെയും കോച്ച് ട്രെവര്‍ ബെയ്‌ലിസിന്റെയും പരാതി. ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് മുന്നോടിയായി പെയ്ന്‍ സംഘടിപ്പിച്ചിരിക്കുന്ന കൈ കൊടുക്കല്‍ ചടങ്ങിനെതിരെ ഐസിസി മാച്ച് റഫറി രഞ്ജന്‍ മദുഗുല്ലെയോട് ഇരുവരും പരാതി അറിയിക്കുകയും ചെയ്തു.

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ പ്രതിച്ഛായ നഷ്ടമായതിന് പിന്നാലെ ഓസീസ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത ടിം പെയ്ന്‍ എതിരാളികളെ ബഹുമാനിക്കുന്നതിന്റെ ഭാഗമായാണ് ഓരോ പരമ്പരക്കു മുമ്പും എതിര്‍ ടീം ക്യാപ്റ്റന് കൈ കൊടുക്കുന്ന ചടങ്ങ് നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ ഇത് തങ്ങളോട് ആലോചിക്കാതെ നടത്തുന്നതാണ് ഇപ്പോള്‍ ഇംഗ്ലണ്ടിനെ ചൊടിപ്പിച്ചത്. ആഷസിലെ ആദ്യ ടെസ്റ്റിന് ഇന്ന് തുടക്കമാവുമ്പോള്‍ പെയ്നിന് കൈ കൊടുക്കാന്‍ റൂട്ട് എത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.