ചെന്നൈ: ഒരുകാലത്ത് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരുടെ ഇഷ്ടതാരമായിരുന്നു സയ്യിദ് അന്‍വര്‍. ഇപ്പോഴും അദ്ദേഹത്തെ മാതൃകയാക്കുന്ന യുവതാരങ്ങളുണ്ട്. പാകിസ്ഥാന്റെ വെടിക്കെട്ട് ഓപ്പണറായിരുന്ന സയ്യിദ് അന്‍വര്‍ അക്കാലത്ത് ഏതൊരു ബൗളറുടെയും പേടിസ്വപ്‌നമായിരുന്നു. ഇന്ത്യയിലും അദ്ദേഹത്തിന് ആരാധകരുണ്ട്. അത്തരത്തില്‍ ഒരു ആരാധകനായിരുന്നു ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ ആര്‍ അശ്വിന്‍. 

അദ്ദേഹം അക്കാര്യം വ്യക്തമാക്കുകയും ചെയ്തു. ട്വിറ്ററില്‍ ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അശ്വിന്‍. പാക് ടീമില്‍ ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരമാരാണെന്നായിരുന്നു ആരാധകന്റെ ചോദ്യം. എന്നാല്‍ ഇപ്പോഴത്തെ ടീമിലെ ഒരു താരത്തിന്റെയും പേരെടുത്ത് അശ്വിന്‍ പറഞ്ഞില്ല. സയ്യിദ് അന്‍വറെന്ന് ഒറ്റ വാക്കില്‍ ഉത്തരം പറയുകയായിരുന്നു. 

ഒരുസമയത്ത് ഇന്ത്യന്‍ ടീമിന് തലവേദനയുണ്ടാക്കിയ താരമായിരുന്നു അന്‍വര്‍. 14 വര്‍ഷങ്ങള്‍ നീണ്ടു നിന്ന തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറില്‍ 55 ടെസ്റ്റുകളും, 247 ഏകദിനങ്ങളും കളിച്ച അന്‍ വര്‍, യഥാക്രമം 4052, 8824 റണ്‍സ് എന്നിങ്ങനെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്.