ജയ്‌സ്വാളും റിഷഭ് പന്തും പുറത്ത്! ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍ തിരഞ്ഞെടുത്ത് അശ്വിന്

ഒരാള്‍ക്ക് പകരം നിതീഷിനെ ഉള്‍പ്പെടുത്താമായിരുന്നുവെന്നാണ് അശ്വിന്‍ പറയുന്നത്.

ashwin predicts india playing eleven for icc champions trophy

ചെന്നൈ: ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ നിതീഷ് കുമാര്‍ റെഡ്ഡിയെ ഉള്‍പ്പെടുത്താമായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍. അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് ഇന്ത്യയുടെ പതിനഞ്ചംഗ ടീമിനെ തിരഞ്ഞെടുത്തത്. പേസ് ഓള്‍റൗണ്ടറായി ഹാര്‍ദിക് പാണ്ഡ്യ മാത്രമാണ് ടീമിലുള്ളത്. എന്നാല്‍ ഫിംഗര്‍ സ്പിന്‍ ഓള്‍റൗണ്ടര്‍മാര്‍ ടീമിലിടം നേടി. രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരാണ് ടീമിലെത്തിയ ഫിംഗര്‍ സ്പിന്നര്‍മാര്‍. 

ഇവരില്‍ ഒരാള്‍ക്ക് പകരം നിതീഷിനെ ഉള്‍പ്പെടുത്താമായിരുന്നുവെന്നാണ് അശ്വിന്‍ പറയുന്നത്. അശ്വിന്റെ വാക്കുകള്‍... ''ഫിംഗര്‍ സ്പിന്നര്‍മാര്‍ക്കിടയില്‍, ഒരു ഫാസ്റ്റ് ബൗളറെ ഉള്‍പ്പെടുത്താമായിരുന്നുവെന്ന് ഞാന്‍ കരുതുന്നു. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ കുല്‍ദീപ് യാദവിനെ കളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ മൂന്ന് സ്പിന്നര്‍മാരും രണ്ട് പേസര്‍മാരും ടീമിലുണ്ടാവും. കുല്‍ദീപ് ഒമ്പതാം സ്ഥാനത്തായിരിക്കും ബാറ്റിംഗിനെത്തുക. എന്നാല്‍ ബാറ്റിംഗ് കഴിവുകള്‍ പരിഗണിച്ച് വാഷിംഗ്ടണ്‍ സുന്ദറിനെ കളിപ്പിക്കാനും സാധ്യതയേറെ. ഇവര്‍ക്ക് പകരം നിതീഷിനെ കളിപ്പിച്ചിരുന്നെങ്കില്‍ ബാറ്റിംഗ് നിരയുടെ ആഴം കൂടുമായിരുന്നു.'' അശ്വിന്‍ പറഞ്ഞു.

ചാംപ്യന്‍സ് ട്രോഫി പ്ലേയിംഗ് ഇലവനെ കുറിച്ചും അശ്വിന്‍ സംസാരിച്ചു. ''യശസ്വി ജയ്‌സ്വാള്‍ മികച്ച ഫോമിലാണ്, അദ്ദേഹത്തെ കളിപ്പിക്കേണ്ടതുണ്ട്. എന്നാല്‍ എങ്ങനെ കളിപ്പക്കും? രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ഓപ്പണ്‍ ചെയ്യും. ഇരുവരും വലംകയ്യന്‍മാര്‍. പിന്നെ വിരാട് കോലി. ലോകകപ്പിലെ മികച്ച പ്രകടനം കണക്കിലെടുത്ത് ശ്രേയസ് അയ്യര്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്യും. പിന്നാലെ കെ എല്‍ രാഹുലും. തുടര്‍ന്ന് രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍ എന്നിവരിലൊരാള്‍ ബാറ്റ് ചെയ്യാനെത്തും.  ഹാര്‍ദിക് 7-ാം സ്ഥാനത്താണ്. ആദ്യ ഏഴില്‍ ഇടംകൈയ്യന്‍ ബാറ്റ്സ്മാന്മാരില്ല. യശസ്വി ജയ്സ്വാളും റിഷഭ് പന്തും പുറത്താണ്.'' അശ്വിന്‍ വ്യക്തമാക്കി.

'സ്‌കൈബോള്‍ vs ബാസ്‌ബോള്‍, ഇനിയാണ് ഇന്ത്യക്ക് യഥാര്‍ത്ഥ പരീക്ഷണം'; ഇംഗ്ലണ്ട് കരുത്തരെന്ന് അശ്വിന്‍

അദ്ദേഹം തുടര്‍ന്നു... ''ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ മാത്രമേ ജയ്സ്വാളിന് കളിക്കാനാകൂ. ഇംഗ്ലണ്ടിനെതിരെ അദ്ദേഹത്തിന് അവസരം ലഭിച്ചേക്കും. എന്നാല്‍ തുടര്‍ച്ചയായി സെഞ്ച്വറി നേടിയാലോ? ജയ്സ്വാള്‍ രോഹിത്തിനൊപ്പം ഓപ്പണ്‍ ചെയ്യുകയെന്നുള്ളതാണ് ഒരു സാധ്യത. ഗില്ലിനെ മൂന്നാം നമ്പറില്‍ കളിപ്പിക്കേണ്ടിവരും. പിന്നാലെ കോലി. പന്തിനെയോ കെഎല്‍ രാഹുലിനെയോ അഞ്ചില്‍ നിര്‍ത്തും. ജയ്സ്വാള്‍ കളിച്ചാല്‍ ശ്രേയസ് അയ്യര്‍ പുറത്തായേക്കും. കളിക്കാന്‍ സാധ്യതയില്ലെങ്കിലും ജയ്സ്വാളിന്റെ നിലവിലെ ഫോം ഇന്ത്യ മുതലാക്കണം.'' അദ്ദേഹം പറഞ്ഞു. ഏകദിനത്തിലെയും ലോകകപ്പിലെയും മികച്ച പ്രകടനങ്ങള്‍ കണക്കിലെടുത്ത് കെ എല്‍ രാഹുലിനെ ഒഴിവാക്കുക പ്രയാസമാണെന്നും അശ്വിന്‍ വ്യക്തമാക്കി. 

ചാംപ്യന്‍സ് ട്രോഫിക്കായി അശ്വിന്‍ തിരഞ്ഞെടുത്ത പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ/അക്‌സര്‍ പട്ടേല്‍, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര.

Latest Videos
Follow Us:
Download App:
  • android
  • ios