ദില്ലി: അടുത്ത മാസം ആരംഭിക്കുന്ന ഐപിഎല്‍ സീസണില്‍ മങ്കാദിംഗ് ഒഴിവാക്കാന്‍ പുതിയ നിര്‍ദേശം മുന്നോട്ടുവെച്ച് ജോസ് ബട്‌ലറെ മങ്കാദിംഗിലൂടെ പുറത്താക്കിയിട്ടുള്ള ആര്‍ അശ്വിന്‍. മങ്കാദിംഗ്(ബൗളര്‍ പന്തെറിയുന്നതിന് മുമ്പ് ക്രീസ് വിടുന്ന നോണ്‍ സ്ട്രൈക്കറെ പുറത്താക്കുന്ന രീതി) സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുവെന്നും ഇക്കാര്യത്തില്‍ നിങ്ങള്‍ക്ക് എന്താണ് പറയാനുള്ളതെന്ന് കേള്‍ക്കാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകന്‍ ദിനേശ് കാര്‍ത്തിക്ക് ടാഗ് ചെയ്തിട്ട ട്വീറ്റിനാണ് അശ്വിന്‍ മറുപടി നല്‍കിയത്.

ബൗളര്‍ പന്തെറിയുന്നതിന് മുമ്പ് നോണ്‍ സ്ട്രൈക്കര്‍ ബൗളിംഗ് ക്രീസിന് പുറത്ത് കടന്നാല്‍ ബൗളര്‍ക്ക് ഒരു പന്ത് അധികമായി നല്‍കണം. ആ പന്തില്‍ ബാറ്റ്സ്മാന്‍ പുറത്തായാല്‍ ബാറ്റിംഗ് ടീമിന്റെ സ്കോറില്‍ നിന്ന് അഞ്ച് റണ്‍സ് കുറക്കുകയും വേമണം. നോ ബോളില്‍ ബാറ്റ്സ്മാന് ഫ്രീ ഹിറ്റിന്റെ ആനുകൂല്യം നല്‍കുന്നതുപോലെ ബൗളര്‍ക്കും അവസരം ലഭിക്കണം. എല്ലാവരും കളി കാണുന്നത് ബൗളര്‍മാരെ അടിച്ചുപറത്തുന്നത് കണാനാണല്ലോ എന്നായിരുന്നു അശ്വിന്റെ മറുപടി.


അശ്വിന്റെ പുതിയ നിര്‍ദേശം ക്രിക്കറ്റ് ലോകത്തും പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. അശ്വിന്റെ അഭിപ്രായത്തെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ താരമായ ഡബ്ല്യു വി രാമനും മാധ്യമപ്രവര്‍ത്തകനായ ബോറിയ മജൂംദാറും മുന്‍ ഇന്ത്യന്‍ താരം രോഹന്‍ ഗവാസ്കറും രംഗത്തെത്തി.

അതേസമയം, നോണ്‍ സ്ട്രൈക്കര്‍ പന്തെറിയുന്നതിന് മുന്നെ ക്രീസ് വിടുന്നുണ്ടോ എന്ന് ടിവി അമ്പയര്‍ക്ക് പരിശോധിക്കാമല്ലോ എന്നും അങ്ങനെ ക്രീസ് വിട്ടുവെന്ന് വ്യക്തമായാല്‍ ആ റണ്‍സ് അനുവദിക്കാതിരിക്കാമെന്നും  ദിനേശ് കാര്‍ത്തിക്ക് പറഞ്ഞു. അതേസമയം, ബാറ്റ്സ്മാനെ പുറത്താക്കിയാല്‍ അത് ഔട്ടായി കണക്കാക്കണമെന്നും എന്നാല്‍ മങ്കാദിംഗ് എന്ന് പേരിട്ട് അതിനെ വിളിക്കേണ്ടതില്ലെന്നും മുന്‍ ഇന്ത്യന്‍ താരം ബദരീനാഥ് അഭിപ്രായപ്പെട്ടു.

2019ലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ജോസ് ബട്‌ലറെ കിംഗ്സ് ഇലവന്‍ പഞ്ചാബ് നായകനായിരുന്ന അശ്വിന്‍ മങ്കാദിംഗിലൂടെ പുറത്താക്കിയത് വിവാദമായിരുന്നു. ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് മാറിയ അശ്വിനെ മങ്കാദിംഗ് നടത്താന്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം ഡല്‍ഹി പരിശീലകനായ റിക്കി പോണ്ടിംഗ് പറഞ്ഞിരുന്നു.