ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം, ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍

ദുബായ്: ടി20 ലോകകപ്പിന് മുമ്പ് ഏഷ്യയുടെ ക്രിക്കറ്റ് പൂരത്തിന് നാളെ തിരി തെളിയുകയാണ്. ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിന്‍റെ 15-ാമത് എഡിഷന് നാളെ യുഎഇയില്‍ തുടക്കമാകും. രണ്ട് ഗ്രൂപ്പുകളിലായി ആറ് ടീമുകളാണ് ഇക്കുറി മുഖാമുഖം വരുന്നത്. ഏഷ്യാ കപ്പ് 2022 സംബന്ധിച്ച എല്ലാ വിവരങ്ങളും അറിയാം. 

ടീമുകള്‍, ഗ്രൂപ്പുകള്‍

ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്‌ട്രേലിയയില്‍ ട്വന്‍റി20 ലോകകപ്പ് നടക്കും എന്നതിനാല്‍ ടി20 ഫോര്‍മാറ്റിലാണ് ഇക്കുറി ഏഷ്യാ കപ്പ് മത്സരങ്ങള്‍. ശ്രീലങ്കയിലെ രാഷ്‌ട്രീയ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ മത്സരങ്ങള്‍ യുഎഇയിലേക്ക് മാറ്റുകയായിരുന്നു. ഗ്രൂപ്പ് ഒന്നില്‍ ഇന്ത്യ, പാകിസ്ഥാന്‍, ഹോങ്കോങ് ടീമുകളും ഗ്രൂപ്പ് രണ്ടില്‍ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാന്‍ ടീമുകളുമാണുള്ളത്. കുവൈത്ത്, സിംഗപ്പൂര്‍, യുഎഇ ടീമുകളെ യോഗ്യതാ റൗണ്ടില്‍ മറികടന്നാണ് ഹോങ്കോങ് ടൂര്‍ണമെന്‍റില്‍ ഇടംപിടിച്ചത്. ഇന്ത്യയാണ് ഏഷ്യാ കപ്പിലെ ഫേവറേറ്റുകള്‍ എന്നാണ് പൊതു വിലയിരുത്തല്‍. 

ഗ്രൂപ്പ്- 1

ഇന്ത്യ, പാകിസ്ഥാന്‍, ഹോങ്കോങ്

ഗ്രൂപ്പ്- 2

ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാന്‍

ഇന്ത്യയുടെ മത്സരങ്ങള്‍ 

നാളെ(ഓഗസ്റ്റ് 27) ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ശ്രീലങ്ക-അഫ്‌ഗാനിസ്ഥാന്‍ ഗ്രൂപ്പ് മത്സരത്തോടെയാണ് ടൂര്‍ണമെന്‍റിന് തിരശ്ശീല ഉയരുക. തൊട്ടടുത്ത ദിവസം ഓഗസ്റ്റ് 28-ാം തിയതി പാകിസ്ഥാനെതിരെയാണ് ടീം ഇന്ത്യ അങ്കം തുടങ്ങുന്നത്. ഓഗസ്റ്റ് 31-ാം തിയതി ഹോങ്കോങ്ങിനെ ഇന്ത്യ നേരിടും. ദുബായിലാണ് ഇന്ത്യയുടെ രണ്ട് മത്സരങ്ങളും. ഇതിന് ശേഷം സെപ്റ്റംബര്‍ മൂന്ന് മുതല്‍ 9 വരെ സൂപ്പര്‍ ഫോര്‍ മത്സരങ്ങളും 11-ാം തിയതി ഞായറാഴ്‌ച ഫൈനലും നടക്കും. ഉദ്ഘാടന മത്സരം പോലെ ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയമാണ് കലാശപ്പോരിന്‍റേയും വേദി. ദുബായ്‌ക്കൊപ്പം ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലും മത്സരങ്ങളുണ്ട്. ആകെ മൂന്ന് മത്സരങ്ങളാണ് ഷാര്‍ജയില്‍ നടക്കുക.

തല്‍സമയം കാണാന്‍

ഇന്ത്യയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കാണ് ഏഷ്യാ കപ്പിന്‍റെ ഔദ്യോഗിക ബ്രോഡ്‌കാസ്റ്റര്‍മാര്‍. അതിനാല്‍ ഡിസ്‌നി ഹോട്‌സ്റ്റാര്‍ വഴി മത്സരത്തിന്‍റെ ലൈവ് സ്‌ട്രീമിങ്ങുണ്ടാകും. മത്സരവേദിയായ യുഎഇ ഉള്‍പ്പെടുന്ന മിഡില്‍ ഈസ്റ്റില്‍ ഒഎസ്എന്‍ സ്‌പോര്‍ട്‌സാണ് മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുക. എല്ലാ ദിവസവും ഇന്ത്യന്‍സമയം രാത്രി ഏഴരയ്ക്കാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. 

സമ്പൂര്‍ണ മത്സരക്രമം ചുവടെ 

Scroll to load tweet…

ക്രിക്കറ്റിന്‍റെ സൗന്ദര്യം; പരിക്കേറ്റ ഷഹീന്‍ അഫ്രീദിയെ ആശ്വസിപ്പിച്ച് കോലിയും സഹതാരങ്ങളും- വീഡിയോ വൈറല്‍