Asianet News MalayalamAsianet News Malayalam

ഉത്തരം നല്‍കിയേ പറ്റൂ! രവീന്ദ്ര ജഡേജയുടെ പരിക്കില്‍ ടീമിനെതിരെ ശ്രദ്ധേയ ചോദ്യവുമായി ആകാശ് ചോപ്ര

ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരായ പോരാട്ടത്തിന് തൊട്ടുമുമ്പാണ് രവീന്ദ്ര ജഡേജയുടെ പരിക്ക് കണ്ടെത്തിയത്

Asia Cup 2022 he balances the T20I team much like Hardik Pandya does Aakash Chopra on Ravindra Jadeja injury
Author
First Published Sep 4, 2022, 12:25 PM IST

ദുബായ്: ബാറ്റും ബോളും കൊണ്ട് ഒരുപോലെ മാച്ച് വിന്നറാവാന്‍ കഴിയുന്ന ഓള്‍റൗണ്ടര്‍മാര്‍ അധികമില്ലാത്ത നാടാണ് ഇന്ത്യ. പേസര്‍ ഹാര്‍ദിക് പാണ്ഡ്യയെ പോലെ സ്‌പിന്നര്‍ രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ഇംപാക്‌ടുള്ള ഒരു ഓള്‍റൗണ്ടര്‍. അതിനാല്‍ത്തന്നെ ഏഷ്യാ കപ്പിനിടെ പരിക്കേറ്റ് ജഡേജ ടീമില്‍ നിന്ന് പുറത്തായത് ടീം ഇന്ത്യക്ക് ചെറിയ തലവേദനയൊന്നുമല്ല സൃഷ്‌ടിക്കുന്നത്. ജഡേജയുടെ അസാന്നിധ്യം ടീമില്‍ വലിയ വിടവുകള്‍ സൃഷ്‌ടിക്കും എന്നാണ് മുന്‍താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്ര പറയുന്നത്. 

'രവീന്ദ്ര ജഡേജയുടെ പരിക്ക് മുന്നറിയിപ്പാണ്. ഇതാദ്യ സംഭവമല്ല. സ്റ്റാന്‍ഡ്‌-ഇന്‍ താരമായി അക്‌സര്‍ പട്ടേല്‍ ഉണ്ടെങ്കിലും ജഡേജയുടെ അസാന്നിധ്യം ദീര്‍ഘനാളത്തേക്ക് ടീമിന് മറികടക്കാന്‍ കഴിയുമോ? ടി20യില്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് സമാനമായാണ് ജഡേജ ടീമിനെ സന്തുലിതമാക്കുന്നത്. ഇന്ത്യക്ക് ഇടംകൈയന്‍ ബാറ്ററെ ആവശ്യമുണ്ടെങ്കില്‍ ജഡേജയ്‌ക്ക് നാലോ അഞ്ചോ നമ്പറില്‍ ഇറങ്ങാനും കഴിയും' എന്നും ചോപ്ര തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. 

ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരായ പോരാട്ടത്തിന് തൊട്ടുമുമ്പാണ് രവീന്ദ്ര ജഡേജയുടെ പരിക്ക് കണ്ടെത്തിയത്. ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ സ്ഥാനക്കയറ്റം കിട്ടി നാലാമതിറങ്ങി 29 പന്തില്‍ താരം 35 റണ്‍സെടുത്തിരുന്നു. 147 റണ്‍സ് പിന്തുടരുമ്പോള്‍ ഏറെ നിര്‍ണായകമായി ജഡ്ഡുവിന്‍റെ ഈ ഇന്നിംഗ്‌സ്. ഹോങ്കോങ്ങിനെതിരായ മത്സരത്തില്‍ നാല് ഓവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത താരം ഒരു വിക്കറ്റ് നേടി. വരും മത്സരങ്ങളില്‍ ജഡേജയുടെ അസാന്നിധ്യം അതിനാല്‍ തന്നെ ഇന്ത്യന്‍ ടീം ഏറെ മിസ് ചെയ്യും. 

ഇതിനേക്കാള്‍ വലിയ ആശങ്കയാണ് ജഡേജയുടെ ടി20 ലോകകപ്പ് പങ്കാളിത്തം സംബന്ധിച്ച് നിലനില്‍ക്കുന്നത്. മൂന്ന് മാസം വരെ വിശ്രമം വേണ്ടിവന്നേക്കാം എന്നതിനാല്‍ താരത്തിന് ലോകകപ്പ് നഷ്‌ടമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. കാൽമുട്ടിന് പരിക്കേറ്റ ജഡേജ ഉടൻ ശസ്ത്രക്രിയക്ക് വിധേയനാവും. പരിക്ക് ഗുരുതരമായതിനാൽ ജഡേജയ്ക്ക് എന്നത്തേക്ക് മൈതാനത്ത് തിരിച്ചെത്താൻ കഴിയുമെന്ന് വ്യക്തമല്ല. അതേസമയം ജഡേജയുടെ പരിക്ക് എത്രത്തോളം സാരമുള്ളതാണ് എന്ന് പരിശോധിച്ച് വരികയാണെന്നും താരത്തിന് ടി20 ലോകകപ്പ് നഷ്‌ടമാകും എന്ന നിഗമനത്തിലെത്താന്‍ ഇപ്പോള്‍ കഴിയില്ല എന്നുമാണ് മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്‍റെ പ്രതികരണം. 

രവീന്ദ്ര ജഡേജയ്‌ക്ക് ടി20 ലോകകപ്പ് നഷ്‌ടമാകുമെന്ന വാര്‍ത്ത; കാത്തിരുന്ന അപ്‌ഡേറ്റുമായി രാഹുല്‍ ദ്രാവിഡ്

Follow Us:
Download App:
  • android
  • ios