ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്‌ദീപ് സിംഗ്, ഹാര്‍ദിക് പാണ്ഡ്യ, ആവേശ് ഖാന്‍, യുസ്‌വേന്ദ്ര ചാഹല്‍, രവീന്ദ്ര ജഡേജ എന്നിങ്ങനെ ആറ് ബൗളര്‍മാരാണ് ഇന്ത്യക്കായി പന്തെറി‌ഞ്ഞത്

ദുബായ്: ഏഷ്യാ കപ്പില്‍ പാകിസ്ഥാനെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ 19.5 ഓവറില്‍ 147 റണ്‍സില്‍ ഓള്‍ഔട്ടാക്കിയിരുന്നു. പാകിസ്ഥാന്‍റെ 10 വിക്കറ്റും വീണ മത്സരത്തില്‍ എല്ലാവരേയും പുറത്താക്കിയത് ഇന്ത്യയുടെ പേസര്‍മാരാണ്. ഇതൊരു റെക്കോര്‍ഡായി മാറുകയും ചെയ്തു. ടി20 ക്രിക്കറ്റില്‍ ഇതാദ്യമായാണ് ഇന്ത്യന്‍ പേസര്‍മാര്‍ ഒരിന്നിംഗ്‌സിലെ 10 വിക്കറ്റും വീഴ്‌ത്തുന്നത്. ടീമിലുണ്ടായിരുന്ന രണ്ട് സ്‌പിന്നര്‍മാര്‍ക്ക് ഈ കാഴ്‌ച കണ്ട് നില്‍ക്കേണ്ടതായേ വന്നുള്ളൂ. 

ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്‌ദീപ് സിംഗ്, ഹാര്‍ദിക് പാണ്ഡ്യ, ആവേശ് ഖാന്‍, യുസ്‌വേന്ദ്ര ചാഹല്‍, രവീന്ദ്ര ജഡേജ എന്നിങ്ങനെ ആറ് ബൗളര്‍മാരാണ് ഇന്ത്യക്കായി പന്തെറി‌ഞ്ഞത്. ഇവരില്‍ നാല് ഓവര്‍ എറിഞ്ഞ ചാഹല്‍ 32 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ വിക്കറ്റൊന്നും നേടാനായില്ല. രണ്ട് ഓവര്‍ എറിഞ്ഞ ജഡേജ 12 റണ്‍സിനും വിക്കറ്റില്ലാതെ മടങ്ങി. അതേസമയം പേസര്‍മാരായ ഭുവനേശ്വര്‍ നാല് ഓവറില്‍ 26ന് നാലും ഹാര്‍ദിക് പാണ്ഡ്യ 25ന് മൂന്നും അര്‍ഷ്‌ദീപ് സിംഗ് 3.5 ഓവറില്‍ 33ന് രണ്ടും ആവേശ് ഖാന്‍ 2 ഓവറില്‍ 19ന് ഒന്നും വിക്കറ്റ് നേടി. രാജ്യാന്തര ടി20യില്‍ പാകിസ്ഥാനെതിരെ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച പ്രകടനമാണ് ഭുവി കാഴ്‌ചവെച്ചത്. 

മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവില്‍ ഇന്ത്യ അ‌ഞ്ച് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 19.5 ഓവറില്‍ 147 റണ്‍സിന് ഓള്‍ഔട്ടായി. 42 പന്തില്‍ 43 റണ്‍സെടുത്ത ഓപ്പണറും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് റിസ്‌വാനാണ് പാക്കിസ്ഥാന്‍റെ ടോപ് സ്കോറര്‍. റിസ്‌വാനെയും പാക് മധ്യനിരയെയും എറിഞ്ഞിട്ട് ഹാര്‍ദിക് പാണ്ഡ്യ നിര്‍ണായകമായി. ക്യാപ്റ്റന്‍ ബാബര്‍ അസം 10ലും ഇഫ്‌തിഖര്‍ അഹമ്മദ് 28ലും ഖുഷ്‌ദില്‍ ഷാ രണ്ടിലും ആസിഫ് അലി 9ലും മുഹമ്മദ് നവാസ് ഒന്നിലും നസീം ഷാ ഗോള്‍ഡന്‍ ഡക്കായും മടങ്ങി. 6 പന്തില്‍ 16 റണ്‍സെടുത്ത ഷാനവാസ് ദഹാനി അവസാനക്കാരനായി മടങ്ങി. ഹാരിസ് റൗഫ് 7 പന്തില്‍ 13 റണ്‍സുമായി പുറത്താകാതെ നിന്നു. 

മറുപടി ബാറ്റിംഗില്‍ രണ്ട് പന്ത് ബാക്കിനില്‍ക്കേയായിരുന്നു ഇന്ത്യന്‍ ജയം. 17 പന്തില്‍ 33 റണ്‍സുമായി ഹാര്‍ദിക് പാണ്ഡ്യ പുറത്താകാതെ നിന്നപ്പോള്‍ 29 പന്തില്‍ 35 റണ്‍സെടുത്ത രവീന്ദ്ര ജഡേജയും 34 പന്തില്‍ 35 റണ്‍സെടുത്ത വിരാട് കോലിയും വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി. നായകന്‍ രോഹിത് ശര്‍മ്മ 12ഉം കെ എല്‍ രാഹുല്‍ ഗോള്‍ഡന്‍ ഡക്കായും സൂര്യകുമാര്‍ യാദവ് 18ഉം റണ്‍സെടുത്ത് പുറത്തായി. പാക്കിസ്ഥാനുവേണ്ടി മുഹമ്മദ് നവാസ് മൂന്നോവറില്‍ 26 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ അരങ്ങേറ്റക്കാരന്‍ നസീം ഷാ നാലോവറില്‍ 27 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. 

'ഗംഭീര ഓള്‍റൗണ്ട് മികവ്'; പാകിസ്ഥാനെതിരായ ജയത്തില്‍ ടീം ഇന്ത്യയെ അഭിനന്ദിച്ച് പ്രധാനമന്ത്രി