ഇടുപ്പിനേറ്റ പരിക്കിനെ തുടര്‍ന്ന് തന്നെ ടി20 ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചതൊക്കെ താനറിഞ്ഞിരുന്നുവെന്നും എന്നാല്‍ നിങ്ങള്‍ കേട്ടത് തന്നെക്കുറിച്ചുള്ള അഭ്യൂഹങ്ങളിലെ ഏറ്റവും ചെറിയ കാര്യമാണെന്നും ജഡേജ മാധ്യമങ്ങളോട് പറഞ്ഞു.

ദുബായ്: അപവാദങ്ങളോ അഭ്യൂഹങ്ങളോ താന്‍ ശ്രദ്ധിക്കാറില്ലെന്നും താന്‍ മരിച്ചെന്നുവരെ ക്രിക്കറ്റ് ലോകത്ത് അഭ്യൂഹം പരത്തിയവരുണ്ടെന്നും ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ. അഭ്യൂഹങ്ങള്‍ക്കും അപവാദങ്ങള്‍ക്കും കാതോര്‍ക്കാതെ ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുക്കുന്നതില്‍ മാത്രമാണ് തന്‍റെ ശ്രദ്ധയെന്നും ജഡേജ നാളെ ഹോങ്കോങിനെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇടുപ്പിനേറ്റ പരിക്കിനെ തുടര്‍ന്ന് തന്നെ ടി20 ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചതൊക്കെ താനറിഞ്ഞിരുന്നുവെന്നും എന്നാല്‍ നിങ്ങള്‍ കേട്ടത് തന്നെക്കുറിച്ചുള്ള അഭ്യൂഹങ്ങളിലെ ഏറ്റവും ചെറിയ കാര്യമാണെന്നും ജഡേജ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടക്ക് ഞാന്‍ മരിച്ചുവെന്നുവരെ അഭ്യൂഹം പരന്നിട്ടുണ്ട്. അതിലും വലിയതല്ലല്ലോ ഇതൊന്നും. അതുകൊണ്ടുതന്നെ ഇതിനൊന്നും ചെവി കൊടുക്കാതെ എന്‍റെ കളിയില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാനാണ് ശ്രമിക്കുന്നത്. ഗ്രൗണ്ടിലിറങ്ങിയാല്‍ രാജ്യത്തിനായി മികച്ച പ്രകടനം പുറത്തെടുക്കുന്നതില്‍ മാത്രമാണ് തന്‍റെ ശ്രദ്ധയെന്നും ജഡേജ പറഞ്ഞു.

തിരിച്ചെത്തിയല്ലോ, ഒടുവില്‍ കോലിയെക്കുറിച്ച് നല്ലവാക്കുകളുമായി കപില്‍ ദേവ്

ടീമിനായി കളിക്കുമ്പോള്‍ എവിടെയൊക്കെ മെച്ചപ്പെടാനാകുമോ അതിനുവേണ്ടതെല്ലാം ചെയ്യാന്‍ ഞാന്‍ തയാറാണ്. അത് ബാറ്റിംഗിലായാലും ബൗളിംഗിലായാലും ഫീല്‍ഡിംഗിലായാലും. ടി20 ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കുകയാണ് ടീമിന്‍റെ പ്രധാന ലക്ഷ്യമെങ്കിലും ഇപ്പോള്‍ നാളത്തെ മത്സരത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്നൂള്ളൂവെന്നും ജഡേജ പറഞ്ഞു.നേരത്തെ ഐപിഎല്ലില്‍ ജഡേജ ചെന്നൈ ടീം വിടുകയാണെന്ന തരത്തിലുള്ള വാര്‍ത്തകളും വന്നിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ജഡേജ സമൂഹമധ്യമഹങ്ങളില്‍ അണ്‍ഫോളോ ചെയ്തതോടെയായിരുന്നു ഇത്.

വേദന സഹിച്ച് നാല് ഓവര്‍ പൂര്‍ത്തിയാക്കി; പിന്നാലെ നസീം ഷാ വിതുമ്പികൊണ്ട ഡഗൗട്ടിലേക്ക്- വീഡിയോ

ഏഷ്യാ കപ്പില്‍ നാളെ ഹോങ്കോങിനെതിരെ ആണ് ഇന്ത്യയുടെ രണ്ടാം മത്സരം.ഞായറാഴ്ച നടന്ന പാക്കിസ്ഥാനെതിരായ ആവേശ പോരാട്ടത്തില്‍ അവസാന ഓവറിലായിരുന്നു ഇന്ത്യ ജയിച്ചു കയറിയത്. അവസാന ഓവറില്‍ ജയിക്കാന്‍ ഏഴ് റണ്‍സായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. മുഹമ്മദ് നവാസ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ രവീന്ദ്ര ജഡേജ ക്ലീന്‍ ബൗള്‍ഡായപ്പോള്‍ രണ്ടാം പന്തില്‍ ദിനേശ് കാര്‍ത്തിക് സിംഗിളെടുത്തു. മൂന്നാം പന്ത് ഡോട്ട് ബോളായി. അപ്പോഴും ശാന്തനായി ക്രീസില്‍ നിന്ന പാണ്ഡ്യ നാലാം പന്ത് സിക്സിന് പറത്തി ഇന്ത്യയെ വിജയവര കടത്തുകയായിരുന്നു.