ജയിക്കാന്‍ ഒരു സാധ്യതയുമില്ലാത്തയിടങ്ങളില്‍ നിന്ന് ടീമിനെ വിജയിപ്പിക്കാന്‍ റിഷഭിനാകും എന്നും സാബാ കരീം
ദുബായ്: ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന് അവസരം നല്‍കിയിരുന്നില്ല. ഇന്ന് ഹോങ്കോങ്ങിനെതിരെ റിഷഭ് പ്ലേയിംഗ് ഇലവനിലെത്തും എന്ന് പ്രതീക്ഷിക്കുന്നവരേറെ. ഇവരെ നിരാശരാക്കുന്നതാണ് മുന്‍ താരം സാബാ കരീമിന്‍റെ വാക്കുകള്‍. റിഷഭ് പന്തിന് ഇന്ത്യയുടെ ടി20 ടീമില്‍ നിലവില്‍ സ്ഥാനമില്ല എന്നാണ് സാബാ പറയുന്നത്. ഭാവിയില്‍ ഈ സാഹചര്യം മാറുമെന്നും അദ്ദേഹം പറയുന്നു.
'ടി20 ലോകകപ്പ് വരെയെങ്കിലും ദിനേശ് കാര്‍ത്തിക്കിനെ വിക്കറ്റ് കീപ്പറായി തുടരാന്‍ ടീം മാനേജ്‌മെന്‍റ് തീരുമാനിച്ചിട്ടുണ്ട്. അതിനാലാണ് രവീന്ദ്ര ജഡേജയെ സ്ഥാനം ചലിപ്പിച്ച് കളിപ്പിക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ ജഡേജ നാലാം നമ്പറില്‍ ഇറങ്ങുന്നത് കണ്ടു. ഏറെ വൈവിധ്യമുള്ള താരമായതിനാല്‍ ജഡേജയെ ഇത്തരത്തില്‍ ടീം ഉപയോഗിക്കുന്നത് ഭാവിയിലും കണ്ടേക്കാം. നാലാമതോ അഞ്ചാമതോ ബാറ്റ് ചെയ്യാന്‍ കഴിയുന്ന പക്വതയുള്ള ഇടംകൈയന്‍ ബാറ്ററാണ് രവീന്ദ്ര ജഡേജ. ബാറ്റിംഗ് ഓര്‍ഡറില്‍ താഴെയിറങ്ങി വേഗം സ്കോര്‍ കണ്ടെത്താനും ജഡ്ഡുവിനാകും.
നിലവില്‍ റിഷഭ് പന്തിന് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ സ്ഥാനമില്ല. എന്നാല്‍ റിഷഭ് പന്ത് ടീമിനെ സംബന്ധിച്ച് എക്‌സ് ഫാക്‌ടറാണ്. ജയിക്കാന്‍ ഒരു സാധ്യതയുമില്ലാത്തയിടങ്ങളില്‍ നിന്ന് ടീമിനെ വിജയിപ്പിക്കാന്‍ റിഷഭിനാകും. അങ്ങനെയുള്ള ഒരു താരത്തെ എങ്ങനെ പ്ലേയിംഗ് ഇലവന് പുറത്തിരുത്താനാകും. ദിനേശ് കാർത്തിക്കിന് പകരം റിഷഭ് പന്തിനെ ടീമിലെടുക്കുക എന്ന എന്‍റെ മുൻ നിലപാടിൽ ഞാൻ ഉറച്ചുനിൽക്കുന്നു. എപ്പോഴും ഭാവിയെ കുറിച്ച് ചിന്തിക്കണം, ടീമിന് ഡികെയേക്കാള്‍ മൂല്യം നല്‍കാന്‍ റിഷഭിനാകും. എന്നാല്‍ ഡികെയെ കളിപ്പിക്കുന്നതിന് വിശദീകരണങ്ങളുണ്ടാകാം' എന്നും സാബാ കരീം വിശദീകരിച്ചു.
ഏഷ്യാ കപ്പില്‍ ഇന്ന് റിഷഭ് പന്തിന് ടീം ഇന്ത്യ അവസരം നല്‍കും എന്നാണ് വിലയിരുത്തപ്പെടുന്നത്. കെ എല്‍ രാഹുലിനോ ദിനേശ് കാര്‍ത്തിക്കിനോ പകരമാകും റിഷഭ് എത്തുക. പാകിസ്ഥാനെതിരെ രവീന്ദ്ര ജഡേജയ്‌ക്ക് സ്ഥാനക്കയറ്റം നല്‍കിയപ്പോള്‍ ദിനേശ് കാര്‍ത്തിക്കിനായിരുന്നു ഫിനിഷറുടെയും വിക്കറ്റ് കീപ്പറുടേയും റോള്‍ നല്‍കിയത്. മത്സരത്തില്‍ ജഡേജ മാത്രമായിരുന്നു ടീമിലെ ഏക ഇടംകൈയന്‍ ബാറ്റര്‍.
