ദുബായില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 184 റണ്‍സ് വിജയലക്ഷ്യമാണ് ലങ്കയ്‌ക്ക് മുന്നില്‍ വച്ചത്

ദുബായ്: ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പിച്ച് ബാറ്റര്‍മാര്‍ക്ക് അത്ര അനുകൂലമല്ല എന്നാണ് പൊതു വിലയിരുത്തല്‍. ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോര്‍ ഉറപ്പിക്കാനുള്ള ജീവന്‍മരണ പോരാട്ടത്തില്‍ മികച്ച സ്‌കോറുകള്‍ പിറന്നപ്പോള്‍ വിരിഞ്ഞത് പുതിയ റെക്കോര്‍ഡാണ്. യുഎഇയില്‍ രാജ്യാന്തര ടി20യില്‍ ഏറ്റവും ഉയര്‍ന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന് വിജയിച്ച ടീമെന്ന നേട്ടത്തിലെത്തി ലങ്ക. അതോടൊപ്പം ടി20 ഫോര്‍മാറ്റില്‍ ലങ്കയുടെ ഉയര്‍ന്ന രണ്ടാമത്തെ വിജയ റണ്‍ ചേസിന് കൂടിയാണ് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 

ദുബായില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 184 റണ്‍സ് വിജയലക്ഷ്യമാണ് ലങ്കയ്‌ക്ക് മുന്നില്‍ വച്ചത്. ഇത് 19.2 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ ലങ്ക നേടി. യുഎഇയില്‍ രാജ്യാന്തര ടി20യില്‍ ഒരു ടീമിന്‍റെ ഏറ്റവും ഉയര്‍ന്ന വിജയ റണ്‍ ചേസാണിത്. 2016ല്‍ ദുബായില്‍ നടന്ന മത്സരത്തില്‍ യുഎഇക്കെതിരെ അഫ്‌ഗാനിസ്ഥാന്‍ 180 റണ്‍സ് പിന്തുടര്‍ന്ന് വിജയിച്ചതായിരുന്നു മുന്‍ റെക്കോര്‍ഡ്. മത്സരത്തില്‍ മറ്റൊരു നേട്ടവും ലങ്ക സ്വന്തമാക്കി. ടി20യില്‍ ശ്രീലങ്കയുടെ രണ്ടാമത്തെ ഉയര്‍ന്ന വിജയ റണ്‍ചേസാണിത്. 2018ല്‍ മിര്‍പൂരില്‍ ബംഗ്ലാദേശിനെതിരെ 194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് വിജയിച്ചതാണ് ഒന്നാം സ്ഥാനത്ത്. 2022ല്‍ ഓസീസിനെതിരെ പല്ലെകെലെയില്‍ 177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് വിജയിച്ചതാണ് മൂന്നാമത്. 

ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ ഏഴ് വിക്കറ്റിനാണ് 183 റണ്‍സെടുത്തത്. 26 പന്തില്‍ 38 റണ്‍സെടുത്ത മെഹിദി ഹസനും 22 പന്തില്‍ 24 റണ്‍സെടുത്ത നായകന്‍ ഷാക്കിബ് അല്‍ ഹസനും 22 പന്തില്‍ 39 റണ്‍സെടുത്ത ആഫിഫ് ഹൊസൈനും 22 പന്തില്‍ 27 റണ്‍സെടുത്ത മഹമ്മദുള്ളയും 9 പന്തില്‍ 24 റണ്‍സെടുത്ത മൊഹദേക്ക് ഹൊസൈനുമാണ് ബംഗ്ലാദേശിനെ മികച്ച നിലയിലെത്തിച്ചത്. ലങ്കയ്ക്കായി വനിന്ദു ഹസരങ്കയും ചാമിക കരുണരത്‌നെയും രണ്ട് വീതം വിക്കറ്റ് വീഴ്‌ത്തി. ദില്‍ഷന്‍ മധുഷനകയും മഹീഷ് തീക്ഷനയും അസിത ഫെര്‍ണാണ്ടോയും ഓരോ വിക്കറ്റ് നേടി. 

മറുപടി ബാറ്റിംഗില്‍ പാതും നിസംങ്കയും കുശാല്‍ മെന്‍ഡിസും ഓപ്പണിംഗ് വിക്കറ്റില്‍ ലങ്കയ്ക്ക് 45 വിക്കറ്റ് സമ്മാനിച്ചെങ്കിലും പിന്നാലെ കാലിടറി. 37 പന്തില്‍ 60 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ കുശാല്‍ മെന്‍ഡിസാണ് ലങ്കയുടെ ടോപ് സ്കോററായപ്പോള്‍ ചാമിക അസലങ്ക(1), ദനുഷ്‌ക ഗുണതിലക(11), ഭാനുക രജപക്‌സെ(2) എന്നിവര്‍ പരാജയപ്പെട്ടു. 33 പന്തില്‍ 45 റണ്‍സെടുത്ത ശനക മാത്രമാണ് പിന്നീട് കാലുറപ്പിച്ചത്. 10 പന്തില്‍ 16 റണ്‍സെടുത്ത ചാമിക റണ്ണൗട്ടായത് ലങ്കയ്ക്ക് വന്‍ തിരിച്ചടിയായി. എന്നാല്‍ ജയിക്കാന്‍ എട്ട് റണ്‍സ് വേണ്ടിയിരുന്ന മെഹിദി ഹസന്‍റെ അവസാന ഓവറില്‍ നാല് പന്ത് ബാക്കിനില്‍ക്കേ അസിത ഫെര്‍ണാണ്ടോയും(10), മഹീഷ് തീഷ്‌ണയും(0) ലങ്കയ്ക്ക് രണ്ട് വിക്കറ്റ് ജയവും സൂപ്പര്‍ ഫോര്‍ ടിക്കറ്റും സമ്മാനിക്കുകയായിരുന്നു. 

'പക അത് വീട്ടാനുള്ളതാണ്'; ബംഗ്ലാ കടുവകളെ വീഴ്‌ത്തി ലങ്കന്‍ താരത്തിന്‍റെ നാഗ ന‍ൃത്തം- വീഡിയോ വൈറല്‍