സെഞ്ചുറി തികച്ചതിന് ശേഷം കോലി ഹെല്‍മറ്റൂരി ബാറ്റുയർത്തി കാണിക്കുന്നത് ടെലിവിഷന്‍ സ്ക്രീനില്‍ കാണിക്കുമ്പോഴാണ് ആരാധകനും ശ്രദ്ധയാകർഷിച്ചത്

ദുബായ്: ഇങ്ങനെയൊരു സെഞ്ചുറിക്കായി വിരാട് കോലിയും സഹതാരങ്ങളും ആരാധകരും എത്ര ആകാംക്ഷയോടെയാണ് കാത്തിരുന്നത് എന്ന് ആ ദൃശ്യം കണ്ടാല്‍ മനസിലാകും. ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ സെഞ്ചുറി നേടി കോലി ബാറ്റ് ഉയർത്തിക്കാട്ടുമ്പോള്‍ ഗാലറി ഇളകിമറിയുകയായിരുന്നു. ഡ​ഗൗട്ടില്‍ സഹതാരങ്ങളെല്ലാം എഴുന്നേറ്റ് നിന്ന് ആരവം മുഴക്കി. എല്ലാ പിരിമുറുക്കവും പൊട്ടിച്ചെറിഞ്ഞ സിക്സറിനൊടുവില്‍ കോലിയുടെ മുഖത്ത് വിരിഞ്ഞ ചിരിയിലുണ്ടായിരുന്നു കാത്തിരിപ്പിന്‍റെ, തിരിച്ചുവരവിന്‍റെ എല്ലാമെല്ലാം. കോലി മാത്രമല്ല, ഏറെനേരത്തെ അത്യാഹ്ളാദം കൊണ്ട് ഒരു ആരാധകനും ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ പ്രശംസ പിടിച്ചുപറ്റി. 

സെഞ്ചുറി തികച്ചതിന് ശേഷം കോലി ഹെല്‍മറ്റൂരി ബാറ്റുയർത്തി കാണിക്കുന്നത് ടെലിവിഷന്‍ സ്ക്രീനില്‍ കാണിക്കുമ്പോഴാണ് ആരാധകനും ശ്രദ്ധയാകർഷിച്ചത്. കോലിക്ക് പിന്നിലായി ഗാലറിയിലുണ്ടായിരുന്ന പ്രായമുള്ള ആരാധകനെ ക്യാമറാമാന്‍ കൃത്യമായി പിടികൂടുകയായിരുന്നു. ഇരു കൈകള്‍ ഉയർത്തിയും താഴ്ത്തിയും ഇദ്ദേഹം കോലിയെ വണങ്ങുകയായിരുന്നു. കാണാം ആ കാഴ്ച. 

Scroll to load tweet…

ഏഷ്യാ കപ്പില്‍ നിന്ന് ഫൈനല്‍ കാണാതെ ഇന്ത്യ പുറത്തായെങ്കിലും ടി20 ലോകകപ്പിന് മുമ്പ് വിരാട് കോലി ഫോം വീണ്ടെടുത്തത് ടീമിന് വലിയ പ്രതീക്ഷയാണ്. ആയിരത്തിലേറെ ദിവസമായി സെഞ്ചുറി നേടാത്തതിലുള്ള എല്ലാ വിമർശനങ്ങളും കോലി ടൂർണമെന്‍റില്‍ കഴുകിക്കളഞ്ഞു. ഏഷ്യാ കപ്പിലെ അവസാന സൂപ്പർ ഫോർ മത്സരത്തില്‍ അഫ്ഗാനെതിരെ വിരാട് കോലി 61 പന്ത് നേരിട്ട് 12 ഫോറും ആറ് സിക്സും സഹിതം പുറത്താകാതെ 122 റണ്‍സെടുത്തു. 2019 നവംബറിന് ശേഷം കോലിയുടെ ആദ്യ ശതകമാണിത്. കോലിയുടെ രാജ്യാന്തര കരിയറിലെ 71-ാം സെഞ്ചുറി കൂടിയാണിത്. കോലിയുടെ സെഞ്ചുറിക്ക് പുറമെ പേസർ ഭുവനേശ്വർ കുമാർ നാല് ഓവറില്‍ വെറും 4 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇന്ത്യ 101 റണ്‍സിന്‍റെ കൂറ്റന്‍ ജയം നേടി. 

കോലി തന്നെ കിംഗ്, ഭൂമിയിലെ ഏറ്റവും മികച്ച താരം; പ്രശംസിച്ച് പാക് താരങ്ങള്‍! കയ്യടിച്ച് ആരാധകർ