Asianet News MalayalamAsianet News Malayalam

ഗില്ലിന്‍റെ സെഞ്ചുറിയും അക്സറിന്‍റെ പോരാട്ടവും തുണച്ചില്ല; ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ‌ഞെട്ടിക്കുന്ന തോൽവി

ആറാം നമ്പറിലിറങ്ങി 26 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ മൂന്നാമത്തെ ടോപ് സ്കോറര്‍. 2012നുശേഷം ആദ്യമായാണ് ബംഗ്ലാദേശ് ഏഷ്യാ കപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കുന്നത്.

Asia Cup 2023: Bangladesh beat Bangladesh by 6 rusn in last Super 4 match by 3 wickets gkc
Author
First Published Sep 15, 2023, 11:12 PM IST

കൊളംബോ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെതിരായ അവസാന പോരാട്ടത്തില്‍ ഇന്ത്യക്ക് ആറ് റണ്‍സിന്‍റെ ഞെട്ടിക്കുന്ന തോല്‍വി. ബംഗ്ലാദേശ് ഉയര്‍ത്തിയ 266 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്കായി ശുഭ്മാന്‍ ഗില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടിയെങ്കിലും പിന്തുണ നല്‍കാന്‍ അക്സര്‍ പട്ടേല്‍ ഒഴികെ മറ്റാര്‍ക്കും കഴിയാഞ്ഞതോടെ ഇന്ത്യ  ആറ് റണ്‍സിന്‍റെ റണ്‍സിന്‍റെ തോല്‍വി വഴങ്ങി. 133 പന്തില്‍ 121 റണ്‍സെടുത്ത ഗില്ലും 34 പന്തില്‍ 42 റണ്‍സെടുത്ത അക്സര്‍ പട്ടേലും ഒഴികെ മറ്റാരും ഇന്ത്യന്‍ നിരയില്‍ തിളങ്ങിയില്ല.

ആറാം നമ്പറിലിറങ്ങി 26 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ മൂന്നാമത്തെ ടോപ് സ്കോറര്‍. 2012നുശേഷം ആദ്യമായാണ് ബംഗ്ലാദേശ് ഏഷ്യാ കപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കുന്നത്. തോറ്റെങ്കിലും ഇന്ത്യ നേരത്തെ ഫൈനല്‍ ഉറപ്പിച്ചിരുന്നു. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളികള്‍. സ്കോര്‍ ബംഗ്ലാദേശ് 50 ഓവറില്‍ 265-8, ഇന്ത്യ 49.5 ഓവറില്‍ 259ന് ഓള്‍ ഔട്ട്.

തുടക്കം മുതല്‍ അടിതെറ്റി

ബംഗ്ലാദേശ് ഉയര്‍ത്തിയ ഭേദപ്പെട്ട വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് തുടക്കത്തിലെ അടിതെറ്റി. ആദ്യ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ(0) പുറത്തായി. വണ്‍ഡൗണായി എത്തിയ അരങ്ങേറ്റക്കാരന്‍ തിലക് വര്‍മക്കും ക്രീസില്‍ അധികം ആയുസുണ്ടായില്ല. അഞ്ച് റണ്‍സെടുത്ത തിലകിനെ തന്‍സിം ഹസന്‍ ക്ലീന്‍ ബൗള്‍ഡാക്കി. പിന്നിട് കെ എല്‍ രാഹുലും ഗില്ലും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. 39 പന്തില്‍ 19 റണ്‍സെടുത്ത രാഹുല്‍ മെഹ്ദി ഹസന്‍റെ പന്തില്‍ പുറത്താവുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡില്‍ 74 റണ്‍സെ ഉണ്ടായിരുന്നുള്ളു.  രാഹുല്‍ പുറത്തായശേഷമെത്തിയ ഇഷാന്‍ കിഷന്‍(5) റണ്ണടിക്കാന്‍ പാടുപെട്ട് ഒടുവില്‍ മെഹിദി ഹസന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയതോടെ 94-4ലേക്ക് കൂപ്പുകുത്തി.

സൂര്യകുമാര്‍ യാദവും ഗില്ലും ക്രീസില്‍ ഒത്തു ചേര്‍ന്നതോടെ ഇന്ത്യക്ക് പ്രതീക്ഷയായി. ഇരുവരും ചേര്‍ന്ന് ഇന്ത്യയെ 139 റണ്‍സിലെത്തിച്ചെങ്കിലും ഷാക്കിബ് അല്‍ ഹസന്‍ കൂട്ടുകെട്ട് പൊളിച്ചു. 26 റണ്‍സെടുത്ത സൂര്യകുമാര്‍ ഷാക്കിബിന്‍റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. രവീന്ദ്ര ജഡേജയും(7) നിരാശപ്പെടുത്തിയപ്പോള്‍ ഇന്ത്യ പരാജയം ഉറപ്പിച്ചു. ഒരറ്റത്ത് തകര്‍ത്തടിച്ച ഗില്ലിലായിരുന്നു ഇന്ത്യന്‍ പ്രതീക്ഷകള്‍ മുഴുവന്‍. 117 പന്തില്‍ സെഞ്ചുറിയിലെത്തിയ ഗില്‍ പിന്നീട് തകര്‍ത്തടിച്ചതോടെ ഇന്ത്യ വിജയം സ്വപ്നം കാണാന്‍ തുടങ്ങി.

'മുംബൈ ലോബി' അടപടലം; രോഹിത്തിനെയും സംഘത്തെയും 'നിര്‍ത്തിപ്പൊരിച്ച് ആരാധകര്‍

എന്നാല്‍ 133 പന്തില്‍ 121 റണ്‍സെടുത്ത ഗില്ലിനെ സിക്സ് അടിച്ചതിന് പിന്നാലെ മെഹ്ദി ഹസന്‍ മടക്കിയതോടെ ഇന്ത്യ വീണ്ടും സമ്മര്‍ദ്ദത്തിലായി. ഒമ്പതാം വിക്കറ്റില്‍ അക്സര്‍ പട്ടേലിനൊപ്പം ഒത്തു ചേര്‍ന്ന ഷാര്‍ദ്ദുല്‍ താക്കൂര്‍ പിടിച്ചു നിന്നതോടെ ഇന്ത്യക്ക് വീണ്ടും പ്രതീക്ഷയായി. വിജയത്തിനരികെ 49-ാം ഓവറില്‍ ഷാര്‍ദ്ദുല്‍ താക്കൂറിനെയും(11) അക്സര്‍ പട്ടേലിനെയും(32 പന്തില്‍ 44) മടക്കി മുസ്തഫിസുര്‍ റഹ്മാനാണ് ബംഗ്ലാദേശിന് അവിശ്വസനീയ വിജയം സമ്മാനിച്ചത്. അക്സര്‍ പുറത്താവുമ്പോള്‍ ഇന്ത്യക്ക് ഏഴ് പന്തില്‍ 11 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. മുഹമ്മദ് ഷമി അവസാന ഓവറിലെ നാലാം പന്തില്‍ ബൗണ്ടറി അടിച്ചെങ്കിലും അഞ്ചാം പന്തില്‍ രണ്ടാം റണ്ണിനായുള്ള ശ്രമത്തില്‍ റണ്ണൗട്ടായി.

നിലംതൊടാതെ പറത്തി ക്ലാസനും മില്ലറും,10 ഓവറിൽ 'സെഞ്ചുറി' അടിച്ച് സാംപ; ബാറ്റിംഗ് കൊടുങ്കാറ്റിൽ ആടിയുലഞ്ഞ് ഓസീസ്

നേരത്തെ  ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍റെയും തൗഹിദ് ഹൃദോയിയുടെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സെടുത്തു. മൂന്ന് വിക്കറ്റെടുത്ത ഷാര്‍ദ്ദുല്‍ താക്കൂറും രണ്ട് വിക്കറ്റെടുത്ത മുഹമ്മദ് ഷമിയുമാണ് ഇന്ത്യക്കായി ബൗളിംഗില്‍ തിളങ്ങിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios