Asianet News MalayalamAsianet News Malayalam

തുടക്കത്തിൽ തകര്‍ന്നടിഞ്ഞിട്ടും തകര്‍ത്തടിച്ച് ബംഗ്ലാദേശ്, ഇന്ത്യക്ക് 266 റണ്‍സ് വിജയലക്ഷ്യം

ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ബംഗ്ലാദേശിന് തുടക്കത്തിലെ തിരിച്ചടിയേറ്റു. മൂന്നാം ഓവറില്‍ തന്നെ ലിറ്റണ്‍ ദാസിനെ(0) മനോഹരമായൊരു ഇന്‍സ്വിംഗറില്‍ മുഹമ്മദ് ഷമി ക്ലീന്‍ ബൗള്‍ഡാക്കി.

Asia Cup 2023: Bangladesh set 266 runs target for India gkc
Author
First Published Sep 15, 2023, 6:50 PM IST

കൊളംബോ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ തുടക്കത്തില്‍ തകര്‍ന്നടിഞ്ഞിട്ടും പിന്നീട് തകര്‍ത്തടിച്ച ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 266 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍റെയും തൗഹിദ് ഹൃദോയിയുടെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സെടുത്തു. മൂന്ന് വിക്കറ്റെടുത്ത ഷാര്‍ദ്ദുല്‍ താക്കൂറും രണ്ട് വിക്കറ്റെടുത്ത മുഹമ്മദ് ഷമിയുമാണ് ഇന്ത്യക്കായി ബൗളിംഗില്‍ തിളങ്ങിയത്.

തലതകര്‍ന്നു, നടുനിവര്‍ത്തി ബംഗ്ലാദേശ്

ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ബംഗ്ലാദേശിന് തുടക്കത്തിലെ തിരിച്ചടിയേറ്റു. മൂന്നാം ഓവറില്‍ തന്നെ ലിറ്റണ്‍ ദാസിനെ(0) മനോഹരമായൊരു ഇന്‍സ്വിംഗറില്‍ മുഹമ്മദ് ഷമി ക്ലീന്‍ ബൗള്‍ഡാക്കി. നാലാം ഓവറിലെ ആദ്യ പന്തില്‍ ഷാര്‍ദ്ദുല്‍ താന്‍സിദ് ഹൗസൈനെയും(13) ആറാം ഓവറില്‍ അനാമുള്‍ ഹഖിനെയും(4) മടക്കിയതോടെ ബംഗ്ലാദേശ് പരുങ്ങലിലായി. ഷാക്കിബിനൊപ്പം പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച മെഹ്ദി ഹസന്‍ മിറാസിനെ(13) അക്സറും മടക്കിതോടെ 59-4ലേക്ക് ബംഗ്ലാദേശ് കൂപ്പുകുത്തി.

വാലുപൊക്കി കടുവകള്‍

എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഷാക്കിബും ഹൃദോയിയും ക്രീസില്‍ ഒത്തു ചേര്‍ന്നതോടെ ബംഗ്ലാദേശ് കരകയറി. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 101 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി ബംഗ്ലാദേശിന് ഭേദപ്പെട്ട സ്കോര്‍ ഉറപ്പാക്കി. സെഞ്ചുറിയിലേക്ക് കുതിച്ച ഷാക്കിബിനെ(80) മടക്കി താക്കൂര്‍ തന്നെയാണ് കൂട്ടുകെട്ട് പൊളിച്ചത്.

'മുംബൈ ലോബി പണി തുടങ്ങി', ഇന്ത്യന്‍ ടീമിലെ മാറ്റത്തെ പ്രശംസിച്ച മ‍ഞ്ജരേക്കറുടെ വായടപ്പിച്ച് ആരാധകർ

ഹൃദോയി (54) പുറത്തായതോടെ ബംഗ്ലാദേശിനെ 220ല്‍ ഒതുക്കാമെന്ന് രോഹിത് ശര്‍മ കരുതിയെങ്കിലും  വാലറ്റത്ത് നാസും അഹമ്മദും(44) മെഹ്ദി ഹസനും(23 പന്തില്‍ 29*), തന്‍സിം ഹസന്‍ ഷാക്കിബും(എട്ട് പന്തില്‍ 14*) ചേര്‍ന്ന് ബംഗ്ലാദേശിനെ മികച്ച സ്കോറിലെത്തിച്ചു. ഇന്ത്യക്കായി താക്കൂര്‍ 65 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഷമി 32 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. പ്രസിദ്ധ് കൃഷ്ണയും അക്സര്‍ പട്ടേലും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios