ഇന്ത്യ- നേപ്പാള്‍ മത്സരം മഴ തടസപ്പെടുത്തിയപ്പോള്‍ 'കോലി...കോലി' ചാന്‍റ് മുഴക്കിയ ആരാധകര്‍ക്ക് നേരെ ഗൗതം ഗംഭീര്‍ അശ്ലീല ആംഗ്യം കാട്ടി എന്ന് ആരോപിക്കുന്ന വീഡിയോയാണ് ഇന്ന് വൈറലായത്
കാന്‍ഡി: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ഇന്ത്യ- നേപ്പാള്‍ മത്സരത്തിനിടെ വിരാട് കോലിക്കായി ചാന്‍റ് വിളിച്ച ആരാധകര്‍ക്ക് നേരെ അശ്ലീല ആംഗ്യം കാട്ടി എന്ന ആക്ഷേപത്തില്‍ മറുപടിയുമായി ഇന്ത്യന്‍ മുന്‍ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍. സാമൂഹ്യമാധ്യമങ്ങളില്‍ കണ്ട വീഡിയോ സത്യമല്ലെന്നും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെയുള്ള സ്വാഭാവിക പ്രതികരണമാണ് താന്‍ നടത്തിയത് എന്നുമാണ് ഗംഭീറിന്‍റെ വിശദീകരണം എന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്‌തു.
ഇന്ത്യ- നേപ്പാള്‍ മത്സരം മഴ തടസപ്പെടുത്തിയപ്പോള്‍ 'കോലി...കോലി' ചാന്‍റ് മുഴക്കിയ ആരാധകര്‍ക്ക് നേരെ ഗൗതം ഗംഭീര്‍ അശ്ലീല ആംഗ്യം കാട്ടി എന്ന് ആരോപിക്കുന്ന വീഡിയോയാണ് ഇന്ന് വൈറലായത്. ഇതിനോട് ശ്രീലങ്കയിലെ കാന്‍ഡിയില്‍ വച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇന്ത്യന്‍ മുന്‍ താരം. 'സാമൂഹ്യമാധ്യമങ്ങളില്‍ കാണുന്നത് ശരിയല്ല. ആളുകള്‍ അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ മാത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ കാണിക്കുന്നത്. ആരെങ്കിലും മുന്നില്‍ വച്ച് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിലായും കശ്‌മീരിനെ കുറിച്ച് പറഞ്ഞാലും ചിരിച്ചുകൊണ്ട് എനിക്ക് കടന്നുപോകാനാവില്ല. ആരായാലും സ്വാഭാവികമായും പ്രതികരിക്കും. ഇതാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായ വീഡിയോയെ കുറിച്ചുള്ള യാഥാര്‍ഥ്യം. ഗ്യാലറിയിലിരുന്ന് രണ്ടുമൂന്ന് പാകിസ്ഥാനികള്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിക്കുകയും കശ്‌മീരിനെ കുറിച്ച് പറയുകയും ചെയ്യുന്നുണ്ടായിരുന്നു. ഇതിനോട് സ്വാഭാവികമായി പ്രതികരിക്കുകയാണ് ഞാന്‍ ചെയ്‌തത്. എന്‍റെ രാജ്യത്തിന് എതിരെ ഒന്നും എനിക്ക് കേട്ടുനില്‍ക്കാനാവില്ല, അതുകൊണ്ടാണ് പ്രതികരിച്ചത്' എന്നുമാണ് ഗംഭീര്‍ വ്യക്തമാക്കിയത്.
ഏഷ്യാ കപ്പില്‍ ഇന്ത്യ- നേപ്പാള്‍ മത്സരത്തിനിടെ കോലി...കോലി... ചാന്‍റ് മുഴക്കിയ കാണികള്‍ക്ക് നേരെ ഗൗതം ഗംഭീര്‍ അശ്ലീല ആംഗ്യം കാണിച്ചു എന്നാണ് വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്‌തുകൊണ്ട് ആരാധകര്‍ മുമ്പ് വിമര്‍ശിച്ചത്. വീഡിയോ ഇതിനകം വൈറലാണ്. ഇത് രണ്ടാം തവണയാണ് ഈ ഏഷ്യാ കപ്പിനിടെ ഗംഭീര്‍ പുലിവാല്‍ പിടിക്കുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യ- പാക്കിസ്ഥാന്‍ പോരാട്ടം മഴ മുടക്കിയപ്പോള്‍ ഇരു ടീമിലെയും താരങ്ങള്‍ തമ്മില്‍ സൗഹൃദം പങ്കിട്ടതിനെ വിമര്‍ശിച്ചുള്ള ഗൗതം ഗംഭീറിന്‍റെ പ്രസ്‌താവന വലിയ വിവാദമായിരുന്നു. താരങ്ങള്‍ തമ്മിലുള്ള സൗഹൃദമൊക്കെ ബൗണ്ടറിക്ക് പുറത്ത് മതിയെന്നും 140 കോടി ഇന്ത്യക്കാരെ പ്രതിനിധീകരിച്ചാണ് ഇന്ത്യന്‍ ടീം കളിക്കുന്നതെന്ന് മറക്കരുതെന്നും ഗംഭീര്‍ സ്റ്റാര്‍ സ്പോര്‍ട്സിലെ ചര്‍ച്ചയില്‍ പറഞ്ഞതാണ് വിവാദമായത്.
