ഏഷ്യാ കപ്പ്: ബാബര്‍ അസമിന് 151! ഇഫ്‌തീഖര്‍ അഹമ്മദിന് 71 പന്തില്‍ 109; പാകിസ്ഥാന് പടുകൂറ്റന്‍ സ്കോര്‍
ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ പാകിസ്ഥാനെ തുടക്കത്തില്‍ ഏഴ് ഓവറിനിടെ നേപ്പാള്‍ വിറപ്പിച്ചിരുന്നു

മുള്‍ട്ടാന്‍: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിലെ ഉദ്ഘാടന മത്സരത്തില്‍ നേപ്പാളിനെതിരെ കൂറ്റന്‍ സ്കോറുമായി പാകിസ്ഥാന്‍ ടീം. നായകന്‍ ബാബര്‍ അസമിന്‍റെയും മധ്യനിര താരം ഇഫ്‌തീഖര്‍ അഹമ്മദിന്‍റേയും സെഞ്ചുറിക്കരുത്തില്‍ പാകിസ്ഥാന്‍ 50 ഓവറില്‍ 6 വിക്കറ്റിന് 342 റണ്‍സെടുത്തു. 19-ാം ഏകദിന ശതകം നേടിയ ബാബര്‍ 131 പന്തില്‍ 151 റണ്‍സുമായി മടങ്ങി. അതേസമയം കന്നി ഏകദിന ശതകം കണ്ടെത്തിയ ഇഫ്‌തീഖര്‍ അഹമ്മദ് 71 പന്തില്‍ 109* റണ്‍സുമായി പുറത്താവാതെ നിന്നു. നേരിട്ട 109-ാം ബോളില്‍ 100 റണ്‍സ് തികച്ച ബാബര്‍ 20 പന്തുകള്‍ കൂടിയേ 150 പുറത്താക്കിയാക്കാന്‍ എടുത്തുള്ളൂ. ഇഫ്‌തീഖര്‍ വെറും 67 പന്തിലാണ് സെഞ്ചുറി പിന്നിട്ടത്.
ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ പാകിസ്ഥാനെ തുടക്കത്തില്‍ നേപ്പാള്‍ വിറപ്പിച്ചു. 6.1 ഓവറില്‍ 25 റണ്‍സിനിടെ ഓപ്പണര്‍മാരെ പാകിസ്ഥാന് നഷ്‌ടമായി. 20 പന്തില്‍ 14 റണ്‍സെടുത്ത ഫഖര്‍ സമാനെ കരണ്‍ കെസി, ആസിഫ് ഷെയ്‌ഖിന്‍റെ കൈകളില്‍ എത്തിച്ചപ്പോള്‍ 15 പന്തില്‍ 5 റണ്‍സുമായി ഇമാം ഉള്‍ ഹഖ്, രോഹിത് പൗഡേലിന്‍റെ തകര്‍പ്പന്‍ ത്രോയില്‍ മടങ്ങി. ഇതിന് ശേഷം ക്യാപ്റ്റന്‍ ബാബര്‍ അസമിനൊപ്പം വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാന്‍ പാകിസ്ഥാനെ നൂറ് കടത്തി. 50 പന്തില്‍ 44 റണ്‍സെടുത്ത് നില്‍ക്കേ റണ്ണൗട്ടിലൂടെ റിസ്‌വാനും മടങ്ങി. ദീപേന്ദ്ര സിംഗിന്‍റേതായിരുന്നു ത്രോ. നാല് ഓവറുകളുടെ ഇടവേളയില്‍ ആഗാ സല്‍മാനും മടങ്ങി. സന്ദീപ് ലമിച്ചാനെയ്‌ക്കായിരുന്നു വിക്കറ്റ്.
എന്നാല്‍ ബാബറിനൊപ്പം ക്രീസില്‍ ഒത്തുചേര്‍ന്ന ഇഫ്‌തിഖര്‍ അഹമ്മദ് പാകിസ്ഥാനെ മികച്ച സ്കോറിലേക്ക് നയിച്ചു. ഇതിനിടെ ബാബര്‍ താന്‍ നേരിട്ട 109-ാം പന്തില്‍ ഡബിളോടെ സെഞ്ചുറി പൂര്‍ത്തിയാക്കി. ഏഷ്യാ കപ്പ് 2023ലെ ആദ്യ സെഞ്ചുറിയും ബാബറിന്‍റെ കരിയറിലെ 19-ാം ഏകദിന ശതകവുമാണിത്. ബാബറിന് ഇതോടെ രാജ്യാന്തര കരിയറില്‍ 31 സെഞ്ചുറികളായി. സെഞ്ചുറിക്ക് ശേഷം സിക്‌സുകളിലൂടെ ബാബര്‍ അതിവേഗം സ്കോര്‍ ചെയ്‌തപ്പോള്‍ ഇഫ്‌തിഖര്‍ ഒട്ടും മോശമാക്കിയില്ല. 47-ാം ഓവറിലെ അവസാന പന്തില്‍ ഫോറോടെ ബാബര്‍ പാകിസ്ഥാനെ 300 കടത്തി. ഇതിന് ശേഷം അവസാന ഓവറുകളില്‍ ആളിയ ഇഫ്‌തീഖര്‍ പാകിസ്ഥാനെ 350ന് അടുത്തെത്തിച്ചെങ്കിലും ഇന്നിംഗ്‌സിലെ അവസാന ഓവറില്‍ ബാബറും ഷദാബ് ഖാനും മടങ്ങിയത് തിരിച്ചടിയായി.
Read more: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഏഷ്യാ കപ്പിനായി കൊളംബോയില്‍; ഒരു പ്രധാന താരം കൂടെയില്ല
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം