സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങള്‍ക്കും ഫൈനലിനും കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയമായിരുന്നു വേദിയായി നിശ്ചിച്ചിരുന്നത്. സൂപ്പര്‍ ഫോറിലെത്തിയ ടീമുകളെയെല്ലാം വേദിമാറ്റത്തിന്‍റെ കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

പല്ലെക്കെല്ലെ: ഏഷ്യാ കപ്പ് ക്രിക്കറ്റിന്‍റെ ആവേശം മഴയില്‍ കുതിരുമ്പോള്‍ മത്സരവേദി മാറ്റുന്നതിനുള്ള ആലോചനയില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍. ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കും വേദിയായത് കാന്‍ഡിയിലെ പല്ലെക്കെല്ലെ സ്റ്റേഡിയമായിരുന്നു. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടത്തിന്‍റെ ആവേശം മഴയില്‍ ഒലിച്ചു പോയപ്പോള്‍ ഇന്ത്യന്‍ ബാറ്റിംഗ് മാത്രമാണ് ആരാധകര്‍ക്ക് കാണാനായത്. ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തില്‍ പാക് ഇന്നിംഗ്സ് തുടങ്ങഉം മുമ്പ് പെയ്ത കനത്ത മഴമൂലം മത്സരം പൂര്‍ത്തിയാക്കാനാവാതെ ഉപേക്ഷിച്ചു.

നേപ്പാളിനെതിരെ ഇന്നലെ നടന്ന ഇന്ത്യയുടെ രണ്ടാം മത്സരവും മഴമൂലം പലവട്ടം തടസപ്പെട്ടെങ്കിലും ഓവറുകള്‍ വെട്ടിക്കുറച്ചാണെങ്കിലും പൂര്‍ത്തിയാക്കാനായി. ശ്രീലങ്കയിലെ മണ്‍സൂണ്‍ സാഹചര്യം കണക്കിലെടുത്ത് സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങള്‍ കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിന് പകരം ഹംബന്‍തോട്ടയിലേക്ക് മാറ്റുന്ന കാര്യമാണ് പരിഗണിക്കുന്നത്.

സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങള്‍ക്കും ഫൈനലിനും കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയമായിരുന്നു വേദിയായി നിശ്ചിച്ചിരുന്നത്. സൂപ്പര്‍ ഫോറിലെത്തിയ ടീമുകളെയെല്ലാം വേദിമാറ്റത്തിന്‍റെ കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ടീമുകളുടെ സമ്മതം കൂടി ലഭിച്ചാല്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ വേദിമാറ്റം ഔദ്യോഗികമായി പ്രഖ്യാപിക്കും.

ഏഷ്യാ കപ്പ്: സൂപ്പര്‍ ഫോറിലെ ഇന്ത്യയുടെ മത്സരക്രമമായി, പാക്കിസ്ഥാനെതിരായ പോരാട്ടം 10ന്

അവസാന ഗ്രൂപ്പ് മത്സരവും കളിച്ചുകഴിഞ്ഞ ഇന്ത്യയും പാക്കിസ്ഥാനും പുതിയ തീരുമാനപ്രകാരം ഹംബന്‍തോട്ടയിലേക്ക് പോകും. കാന്‍ഡിയെ അപേക്ഷിച്ച് ഹംബന്‍തോട്ടയില്‍ മഴ കുറവാണെന്നതാണ് വേദി മാറ്റത്തിന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനെ പ്രേരിപ്പിക്കുന്നത്. പാക്കിസ്ഥാനില്‍ നടക്കേണ്ട ഏഷ്യാ കപ്പ് ഇന്ത്യന്‍ ടീം പങ്കെടുക്കില്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്നാണ് ഹൈബ്രിഡ് മോഡലില്‍ പാക്കിസ്ഥാനിലും ശ്രീലങ്കയിലുമായി നടത്താന്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ നിര്‍ബന്ധിതരായത്. ഗ്രൂപ്പ് ഘട്ടത്തിലെ ഏതാനും മത്സരങ്ങള്‍ പാക്കിസ്ഥാനിലായിരുന്നു നടത്തിയിരുന്നത്. ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് ശ്രീലങ്കയാണ് വേദിയായത്. പാക്കിസ്ഥാനില്‍ കളിക്കാന്‍ തയാറാകാത്ത ഇന്ത്യന്‍ നിലപാടിനെതിരെ കഴിഞ്ഞ ദിവസം പാക് ക്രിക്കറ്റ് ബോര്‍ഡ് രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക