ഏഷ്യാ കപ്പിൽ യുഎഇക്കെതിരെ ഇന്ത്യയ്ക്ക് ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ ജയം. 57 റൺസിന് യുഎഇയെ പുറത്താക്കിയ ഇന്ത്യ 4.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

ദുബായ്: ഏഷ്യാ കപ്പില്‍ യുഎഇക്കെതിരെ ഇന്ത്യക്ക് ഒമ്പത് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത യുഎഇ13.1 ഓവറില്‍ 57 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 4.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയലക്ഷ്യം അടിച്ചെടുത്തു. ഇന്നിംഗ്സിലെ ആദ്യ പന്ത് തന്നെ സിക്സ് അടിച്ചു തുടങ്ങിയ അഭിഷേക് ശര്‍മയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. 16 പന്തില്‍ രണ്ട് സിക്സും രണ്ട് ഫോറും പറത്തി അഭിഷേക് 30 റണ്‍സെടുത്തപ്പോള്‍ ഒമ്പത് പന്തില്‍ 20 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും നേരിട്ട ആദ്യ പന്ത് തന്നെ സിക്സിന് പായിച്ച ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 2 പന്തില്‍ 7 റണ്‍സോടെയും പുറത്താകാതെ നിന്നു.

ഇന്നിംഗ്സിലെ ആദ്യ പന്ത് തന്നെ സിക്സിന് പായിച്ച് അഭിഷേക് ശര്‍മ ആദ്യ ഓവറില്‍ 10 റണ്‍സടിച്ചപ്പോള്‍ രണ്ടാം ഓവറില്‍ സിക്സും ഫോറും പറത്തി 15 റണ്‍സടിച്ച ശുഭ്മാന്‍ ഗില്ലും മോശമാക്കിയില്ല. മൂന്നാം ഓവറിലും സിക്സും ഫോറും നേടിയ അഭിഷേക് നാലാം ഓവറില്‍ ജുനൈദ് സിദ്ദിഖിയെ സിക്സിന് പറത്തിയതിന് പിന്നാലെ വീണു. മൂന്നാം നമ്പറിലിറങ്ങിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ല്‍ നേരിട്ട ആദ്യ പന്ത് തന്നെ സിക്സിന് പറത്തി. നാലാം ഓവറില്‍ സിമ്രന്‍ജീത് സിംഗിനെതിരെ ബൗണ്ടറിയുമായി ഗില്‍ ഇന്ത്യയുടെ ജയം അനാസായമാക്കി.

View post on Instagram

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത യുഎഇ പവര്‍ പ്ലേയില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 41 റണ്‍സെടുത്ത് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും പിന്നീട് ഇന്ത്യൻ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് 13.1 ഓവറില്‍ 57 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ഓപ്പണറായി ഇറങ്ങി 17 പന്തില്‍ 22 റണ്‍സെടുത്ത മലയാളി താരം അലിഷാന്‍ ഷറഫു ആണ് യുഎഇയുടെ ടോപ് സ്കോറര്‍. ക്യാപ്റ്റൻ മുഹമ്മദ് വസീം 22 പന്തില്‍ 19 റണ്‍സെടുത്തു. ഇരുവരും മാത്രമാണ് യുഎഇ നിരയില്‍ രണ്ടക്കം കടന്നത്. ഇന്ത്യക്കായി കുല്‍ദീപ് യാദവ് നാലും ശിവം ദുബെ മൂന്നും വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജസ്പ്രീത് ബുമ്രയും അക്സര്‍ പട്ടേലും ഓരോ വിക്കറ്റ് വീതമെടുത്തു. വിക്കറ്റിന് പിന്നില്‍ രണ്ട് തകര്‍പ്പന്‍ ക്യാച്ചുകളുമായി മലയാളി താരം സഞ്ജു സാംസണും തിളങ്ങി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക