70 സെഞ്ചുറികള്‍ അടിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും കഴിഞ്ഞ 10 വര്‍ഷത്തിനിടെ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ബാറ്ററാണ് കോലിയെന്നും യൂസഫ് പറഞ്ഞിരുന്നു. 

ദുബായ്: ഏഷ്യാ കപ്പിലെ ഇന്ത്യാ-പാക്കിസ്ഥാന്‍ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലിയാകട്ടെ രണ്ട് മാസത്തെ ഇടവേളക്കുശേഷം ഫോമിലേക്ക് മടങ്ങിവരാനുള്ള കഠിന ശ്രമത്തിലും. ഏഷ്യാ കപ്പിന് മുമ്പ് നടന്ന പരിശീലന സെഷനില്‍ നെറ്റ്സില്‍ തകര്‍ത്തടിക്കുന്ന കോലിയുടെ വീഡിയോ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

ഇന്നലെ ഇന്ത്യന്‍ ടീമിന്‍റെ ആദ്യ പരിശീലന സെഷനായി ഗ്രൗണ്ടിലെത്തിയ കോലി പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന പാക് നായകന്‍ ബാബര്‍ അസമുമായി സൗഹൃദം പുതുക്കിയിരുന്നു. അഫ്ഗാന്‍ താരം റാഷിദ് ഖാനോടും കോലി കുശലാന്വേഷണം നടത്തി. ബാബറും കോലിയും സൗഹൃദം പുതുക്കുന്ന വീഡിയോ ആരാധകര്‍ ആഘോഷമാക്കുകയും ചെയ്തിരുന്നു.

ബൂം ബൂം അഫ്രീദിയുടെ കൂറ്റൻ സിക്സുകൾ ഓർമ്മയാവും; ഏഷ്യാ കപ്പിൽ റെക്കോർഡ്‌ മറികടക്കാൻ ഹിറ്റ്മാൻ

ഇതിന് പിന്നാലെ പാക് ഇതിഹാസവുമായി കോലി കൂടിക്കാഴ്ച നടത്തുന്നതിന്‍റെ ചിത്രങ്ങളും വിഡിയോയും ഇന്ന് പുറത്തുവന്നു. മുന്‍ പാക് താരം മുഹമ്മദ് യൂസഫിനോടാണ് കോലി സൗഹൃസ സംഭാഷണം നടത്തിയത്. പാക് ടീമിന്‍റെ ബാറ്റിംഗ് പരിശീലകനാണ് മുഹമ്മദ് യൂസഫ് ഇപ്പോള്‍.

നേരത്തെ മോശം ഫോമിലുള്ള കോലിയെ പിന്തുണച്ച് യൂസഫ് രംഗത്തുവന്നിരുന്നു. എല്ലാ കളിക്കാരും കരിയറില്‍ ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകുമെന്നും ക്രിക്കറ്റില്‍ കഴിഞ്ഞ ഒരു ദശകത്തോളം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ പോലെ സ്വാധീനം ചെലുത്തിയ കളിക്കാരനാണ് കോലിയെന്നും യൂസഫ് പറഞ്ഞിരുന്നു. 70 സെഞ്ചുറികള്‍ അടിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും കഴിഞ്ഞ 10 വര്‍ഷത്തിനിടെ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ബാറ്ററാണ് കോലിയെന്നും യൂസഫ് പറഞ്ഞിരുന്നു.

'കോലിയുടെ അര്‍പ്പണബോധം മാതൃകയാണ്, അമ്പരന്നിട്ടുണ്ട്'; വെളിപ്പെടുത്തലുമായി റാഷിദ് ഖാന്‍

ഏഷ്യാ കപ്പില്‍ ഗ്രൂപ്പ് എയില്‍ പാക്കിസ്ഥാനും ഹോങ്കോങിനുമൊപ്പമാണ് ഇന്ത്യ. 28ന് പാക്കിസ്ഥാനെതിരെയും 31ന് ഹോങ്കോങിനെതിരെയുമാണ് ഇന്ത്യയുടെ മത്സരങ്ങള്‍. ഇതിനുശേഷം സൂപ്പര്‍ ഫോറിലും ഇന്ത്യാ-പാക് പോരാട്ടുണ്ടാകും.