ലോക ചാമ്പ്യൻമാരും നിലവിലെ ഏഷ്യാ കപ്പ് ജേതാക്കളുമായ ഇന്ത്യയെ നേരിടുകയെന്ന വെല്ലുവിളി ഏറ്റെടുക്കാൻ പാകിസ്ഥാന്‍ തയാറെടുത്തു കഴിഞ്ഞുവെന്ന് മൈക് ഹെസൺ.

ദുബായ്: ഏഷ്യാ കപ്പിൽ ഞായറാഴ്ച നടക്കുന്ന സൂപ്പര്‍ പോരാട്ടത്തിന് മുമ്പ് ഇന്ത്യക്ക് മുന്നറിയിപ്പുമായി പാകിസ്ഥാന്‍ പരിശീലകന്‍ മൈക് ഹെസൺ. ലോക ചാമ്പ്യൻമാരും നിലവിലെ ഏഷ്യാ കപ്പ് ജേതാക്കളുമായ ഇന്ത്യയെ നേരിടുകയെന്ന വെല്ലുവിളി ഏറ്റെടുക്കാൻ പാകിസ്ഥാന്‍ തയാറെടുത്തു കഴിഞ്ഞുവെന്ന് മൈക് ഹെസൺ ഇന്ന് നടക്കുന്ന ഒമാനെതിരായ മത്സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇന്ത്യയിപ്പോള്‍ ആത്മവിശ്വാസത്തിന്‍റെ നെറുകയിലാണെന്ന് ഞങ്ങള്‍ക്ക് അറിയാം. അതിന് അവര്‍ക്ക് അവകാശവുമുണ്ട്. കാരണം സമീപകാലത്തെ അവരുടെ മികച്ച പ്രകടനങ്ങള്‍ തന്നെ. പക്ഷെ ഞങ്ങളും ഏറെ മെച്ചപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ടീമാണ്. എങ്കിലും മുന്നിലുള്ള വലിയ വെല്ലുവിളിയെക്കുറിച്ച് ഞങ്ങള്‍ക്ക് വ്യക്തമായ ബോധ്യമുണ്ട്. പക്ഷെ ആ വെല്ലുവിളി ഏറ്റെടുക്കാനുള്ള ധൈര്യം ഞങ്ങള്‍ക്കുണ്ട്. കാരണം, ഞങ്ങളുടെ ബൗളിംഗ് നിര തന്നെ. പ്രത്യേകിച്ച് നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നറായ മുഹമ്മദ് നവാസ് ഇപ്പോൾ ഞങ്ങളുടെ കൂടെയുണ്ട്. ഏഷ്യാ കപ്പിനു മുമ്പ് നടന്ന ത്രിരാഷ്ട്ര പരമ്പരയില്‍ അഫ്ഗാനിസ്ഥാനെതിരെ ഹാട്രിക് നേടിയ നവാസ് മികച്ച ഫോമിലുമാണ്. ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നറായ മുഹമ്മദ് നവാസ് അടക്കം അഞ്ച് സ്പിന്നര്‍മാരാണ് ഞങ്ങളുടെ ബൗളിംഗ് കരുത്ത്.

നവാസിന് പുറമെ അബ്രാര്‍ അഹമ്മദ്, സൂഫിയാന്‍ മുഖീം, സയ്യീം അയൂബ് എന്നിവരെല്ലാം സ്പിന്നര്‍മാരായി ടീമിലുണ്ട്. സയ്യിം അയൂബ് ഇപ്പോള്‍ മികച്ച ഓള്‍ റൗണ്ടര്‍ കൂടിയാണ്. ഇവര്‍ക്കൊപ്പം ക്യാപ്റ്റൻ സല്‍മാൻ അലി ആഗയും കൂടി ചേരുമ്പോള്‍ ഏത് ടീമിനും വെല്ലുവിളി ഉയര്‍ത്താന്‍ പാകിസ്ഥാന് കഴിയുമെന്നും മൈക്ക് ഹെസൺ പറഞ്ഞു. ഷാര്‍ജയില്‍ സ്പിന്നര്‍മാര്‍ക്ക് ലഭിച്ച പിന്തുണ ദുബായിയില്‍ പ്രതീക്ഷിക്കാനാവില്ലെന്നും ഹെസൺ വ്യക്തമാക്കി. 

കഴിഞ്ഞ ദിവസം യുഎഇക്കെതിരായ മത്സരത്തില്‍ ഇന്ത്യയുടെ കുല്‍ദീപ് നാലു വിക്കറ്റെടുത്തിരുന്നെങ്കിലും പന്തിന് കാര്യമായ സ്പിന്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ പിച്ചില്‍ നിന്ന് പിന്തുണ ലഭിച്ചില്ലെങ്കില്‍ പോലും റിസ്റ്റ് സ്പിന്നര്‍മാര്‍ക്ക് ഏത് സാഹചര്യത്തിലും തിളങ്ങാനാകുമെന്നും മൈക് ഹെസണ്‍ പറഞ്ഞു. ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ന് ഒമാനെ നേരിടുന്ന പാകിസ്ഥാന്‍ ഞായറാഴ്ചയാണ് ഇന്ത്യയെ നേരിടാനിറങ്ങുക. ആദ്യ മത്സരത്തില്‍ യുഎഇക്കെതിരെ ഇന്ത്യ ഒമ്പത് വിക്കറ്റ് വിജയം നേടിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക