170 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശാനിറങ്ങിയ ലങ്കക്ക് ആദ്യ ഓവറില്‍ തന്നെ ബുംറ ഇരട്ട പ്രഹരമേല്‍പ്പിച്ചു. ഓപ്പണര്‍ സിനേത് ജയവര്‍ധനെയെ രണ്ടാം പന്തില്‍ തന്നെ ബുംറ വിക്കറ്റിന് മുന്നില്‍ കുടുക്കി.

നിഷിൻ (ജപ്പാൻ): ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് രണ്ടാം സെമി ഫൈനലിൽ ശ്രീലങ്കയെ 124 റണ്‍സിന് തകര്‍ത്തെറിഞ്ഞ് ഇന്ത്യ ഫൈനലില്‍. ഇന്ത്യ ഉയര്‍ത്തിയ 170 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ശ്രീലങ്ക 9.5 ഓവറില്‍ 45 റണ്‍സിന് ഓള്‍ ഔട്ടായി. ഒരു ബാറ്റര്‍ മാത്രം രണ്ടക്കം കടന്ന ലങ്കൻ ഇന്നിംഗ്സില്‍ 11 പന്തില്‍ 15 റണ്‍സെടുത്ത നുവാനിന്ദു ഫെര്‍ണാണ്ടോയാണ് ടോപ് സ്കോറര്‍. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ അക്സര്‍ പട്ടേലും ജസ്പ്രീത് ബുംറയും അഭിഷേക് ശര്‍മയുമാണ് ലങ്കയെ എറിഞ്ഞിട്ടത്. ലങ്കൻ നിരയില്‍ 3 താരങ്ങള്‍ റണ്ണൗട്ടായി. ശനിയാഴ്ച നടക്കുന്ന സ്വര്‍ണ മെഡല്‍ പോരാട്ടത്തില്‍ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികള്‍. വെങ്കല മെഡലിനായി ശ്രീലങ്കയും ബംഗ്ലാദേശം ഏറ്റുമുട്ടും. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 169-7, ശ്രീലങ്ക 9.5 ഓവറില്‍ 45ന് ഓള്‍ ഔട്ട്.

ഇരട്ടപ്രഹരമവുമായി ബുംറ, വണ്ടര്‍ ക്യാച്ചുമായി സഞ്ജു

170 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശാനിറങ്ങിയ ലങ്കക്ക് ആദ്യ ഓവറില്‍ തന്നെ ബുംറ ഇരട്ട പ്രഹരമേല്‍പ്പിച്ചു. ഓപ്പണര്‍ സിനേത് ജയവര്‍ധനെയെ രണ്ടാം പന്തില്‍ തന്നെ ബുംറ വിക്കറ്റിന് മുന്നില്‍ കുടുക്കി. അഞ്ചാം പന്തില്‍ സോഹന്‍ ഡി ലിവേറയെ ബുംറയുടെ പന്തിൽ സഞ്ജു ഇടത്തോട് ഡൈവ് ചെയ്ത് ഒറ്റക്കൈയില്‍ പറന്നുപിടിച്ചതോടെ ശ്രീലങ്ക പതറി. രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ലസിത് ക്രൂസ്പുല്ലെ രവി ബിഷ്ണോയിയുടെ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടായതോടെ ലങ്ക രണ്ട് റണ്‍സിന് മൂന്ന് വിക്കറ്റെന്ന നിലയില്‍ തകര്‍ന്നു.

Scroll to load tweet…

നാലാം ഓവറില്‍ അക്സര്‍ പട്ടേല്‍ ക്യാപ്റ്റൻ സഹന്‍ അരച്ചിഗെയെയും(9) അഷൻ ബണ്ഡാരെയും(0) പുറത്താക്കി ഇരട്ട പ്രഹരമേല്‍പ്പിച്ചതോടെ ലങ്ക 18-5ലേക്ക് കൂപ്പുകുത്തി.പവര്‍ പ്ലേയില്‍ പന്തെറിയാനെത്തിയ വാഷിംഗ്ടണ്‍ സുന്ദറിനെ രണ്ട് സിക്സിന് പറത്തിയ നുവാനിന്ദു ഫെര്‍ണാണ്ടോയാണ് ലങ്കയെ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. എന്നാല്‍ പിന്നാലെ ഫെര്‍ണാണ്ടോ(11 പന്തില്‍ 15) റണ്ണൗട്ടായി. വാനുജ സഹനെ(1) വാഷിംഗ്ടണ്‍ സുന്ദറും മടക്കി. അവസാന രണ്ട് വിക്കറ്റുകൾ തുടര്‍ച്ചയായ പന്തുകളില്‍ എറിഞ്ഞിട്ട് അഭിഷേക് ശര്‍മ ലങ്കയുടെ പോരാട്ടം അവസാനിപ്പിച്ചു,

നേരത്തെ സ്പിന്നിനെ തുണക്കുന്ന പിച്ചില്‍ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ അടിതെറ്റിയിരുന്നു. മുന്‍നിര ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയപ്പോള്‍ ഇഷാന്‍ കിഷന്‍റെ അപരാജിത അര്‍ധസെഞ്ചുറിയുടെയും വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിംഗിന്‍റെയും കരുത്തിലാണ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തത്. 46 പന്തില്‍ 80 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഇഷാന്‍ കിഷനാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. കൗമാരതാരം വൈഭവ് സൂര്യവംശി 21 പന്തില്‍ 38 റണ്‍സെടുത്ത് വെടിക്കെട്ട് തുടക്കം നല്‍കിയപ്പോള്‍ അഭിഷേക് ശര്‍മയും മലയാളി താരം സഞ്ജു സാംസണും ക്യാപ്റ്റൻ ശ്രേയസ് അയ്യരും തിലക് വര്‍മയുമെല്ലാം നിരാശപ്പെടുത്തി. ശ്രീലങ്കക്കായി ക്യാപ്റ്റൻ സഹന്‍ അരാച്ചിഗെ 28 റണ്‍സിന് 2 വിക്കറ്റെടുത്തപ്പോള്‍ താരിന്ദു രത്നായകെ 32 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക