വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന അരങ്ങേറ്റത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങുന്ന ഇന്ത്യൻ ബോളറെന്ന മോശം റെക്കോർഡ് അക്വിബ് നബി സ്വന്തമാക്കി. ഇതേ മത്സരത്തിൽ രോഹിത് ശർമ ഏകദിനത്തിൽ 12,000 റൺസ് തികയ്ക്കുകയും നാട്ടിൽ 200 സിക്സറുകൾ നേടുന്ന ആദ്യ താരമായി മാറുകയും ചെയ്തു.

ഗുവാഹത്തി: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിലൂടെ കാശ്മീര്‍ പേസര്‍ അക്വിബ് നബി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. കഴിഞ്ഞ രഞ്ജി ട്രോഫി സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങിയതോടെയാണ് 29 കാരനായ നബി ദേശീയ ടീമിന്റെ പരിഗണനയിലേക്ക് എത്തിയത്. റെഡ്-ബോള്‍ ക്രിക്കറ്റിലൂടെയാണ് നബി അരങ്ങേറ്റം കുറിക്കുമെന്ന് കരുതിയിരുന്നതെങ്കിലും, ജസ്പ്രീത് ബുംറയും മറ്റ് പ്രധാന പേസര്‍മാരും ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് താരത്തിന് അവസരം ലഭിച്ചത്.

എന്നാല്‍ ഈ അവസരം മുതലാക്കാന്‍ താരത്തിന് സാധിച്ചില്ല. മത്സരത്തില്‍ 8.5 ഓവര്‍ പന്തറിഞ്ഞ നബി 84 റണ്‍സ് വിട്ടുകൊടുക്കുകയും, ഏകദിന അരങ്ങേറ്റത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന ഇന്ത്യന്‍ ബോളര്‍ എന്ന മോശം റെക്കോര്‍ഡ് സ്വന്തമാക്കുകയും ചെയ്തു. 1975-ല്‍ ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ 11 ഓവറില്‍ 83 റണ്‍സ് വഴങ്ങിയ കര്‍സന്‍ ഘാവ്രിയുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് നബി സ്വന്തം പേരിലാക്കിയത്. മത്സരത്തില്‍ 9.50 ഇക്കോണമിയിലാണ് നബി പന്തറിഞ്ഞത്.

നാഴികക്കല്ല് പിന്നിട്ട് രോഹിത് ശര്‍മ

ഇതിനിടയില്‍ ഏകദിന ക്രിക്കറ്റില്‍ 12,000 റണ്‍സ് എന്ന നാഴികക്കല്ലും ഈ മുംബൈ താരം പിന്നിട്ടു. ഈ നേട്ടത്തിലെത്താന്‍ 73 റണ്‍സ് ആവശ്യമായിരുന്ന രോഹിത്, വെറും 54 പന്തുകള്‍ കൊണ്ടാണ് ഈ ലക്ഷ്യം മറികടന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും വിരാട് കോലിക്കും ശേഷം ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് രോഹിത്. ലോകത്തിലെ ഏഴാമത്തെ താരവുമായി രോഹിത് മാറിയിരിക്കുകയാണ്. ഏറ്റവും വേഗത്തില്‍ 12000 ക്ലബിലെത്തുന്ന രണ്ടാമത്തെ താരമാണ് രോഹിത്. 282 ഇന്നിംഗ്്‌സില്‍ നിന്നാണ് നേട്ടം. 242 ഇന്നിംഗ്‌സില്‍ ഇത്രയും റണ്‍സ് നേടിയ കോലിയാണ് ഒന്നാമത്. സച്ചിന്‍ (300 ഇന്നിംഗ്‌സ്), റിക്കി പോണ്ടിംഗ് (314), കുമാര്‍ സംഗക്കാര (336), സനത് ജയസൂര്യ (379), മഹേല ജയവര്‍ധനെ (399) എന്നിവര്‍ പിന്നില്‍.

50 റണ്‍സിനിടെ നാല് സിക്‌സറുകളാണ് രോഹിത് പറത്തിയത്. അതില്‍ നാലാമത്തെ സിക്‌സര്‍ നാട്ടില്‍ അദ്ദേഹത്തിന്റെ 200-ാം ഏകദിന സിക്‌സറുകൂടിയായി മാറി. ക്രിക്കറ്റ് ചരിത്രത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാണ് രോഹിത്. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ അടിച്ചെന്ന റെക്കോര്‍ഡ് ഇതിനകം സ്വന്തമാക്കിയിട്ടുള്ള താരം, തന്റെ കരിയറില്‍ മറ്റൊരു ചരിത്രനേട്ടം കൂടി ചേര്‍ത്തിരിക്കുകയാണ്.

YouTube video player