സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ഏകദിനത്തില്‍ സെഞ്ചുറിയും ജയവും നഷ്‌ടമായെങ്കിലും ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് ചരിത്രനേട്ടം. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ വേഗത്തില്‍ 22,000 റണ്‍സ് തികച്ച താരമെന്ന നേട്ടമാണ് കോലി നേടിയത്. ഇരുപത്തിരണ്ടായിരം ക്ലബിലെത്തുന്ന എട്ടാമത്തെയും മൂന്നാമത്തെ ഇന്ത്യന്‍ താരവുമാണ് കോലി. 

സിഡ്‌നി ഏകദിനത്തില്‍ 87 പന്തില്‍ 89 റണ്‍സെടുത്ത് കോലി പുറത്താവുകയായിരുന്നു. എന്നാല്‍ ഇതിനിടെ അന്താരാഷ്‌ട്ര കരിയറില്‍ 22,000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ താരത്തിനായി. 418 മത്സരങ്ങളില്‍ നിന്നാണ് കോലിയുടെ നേട്ടം. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് കോലിക്ക് മുമ്പ് നാഴികക്കല്ല് പിന്നിട്ട ഇന്ത്യന്‍ താരങ്ങള്‍. 664 മത്സരങ്ങളില്‍ 34,357 റണ്‍സുമായി സച്ചിനാണ് പട്ടികയില്‍ മുന്നില്‍. 509 മത്സരങ്ങളില്‍ 24,208 റണ്‍സ് ദ്രാവിഡിനുണ്ട്. 

അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടക്കാര്‍

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(782 ഇന്നിംഗ്‌സില്‍ 34,357 റണ്‍സ്), കുമാര്‍ സംഗക്കാര(666 ഇന്നിംഗ്‌സില്‍ 28,016 റണ്‍സ്), റിക്കി പോണ്ടിംഗ്(668 ഇന്നിംഗ്‌സില്‍ 27,483 റണ്‍സ്), മഹേള ജയവര്‍ധനെ(725 ഇന്നിംഗ്‌സില്‍ 25,957 റണ്‍സ്), ജാക് കാലിസ്(617 ഇന്നിംഗ്‌സില്‍ 25,534 റണ്‍സ്, രാഹുല്‍ ദ്രാവിഡ്(605 ഇന്നിംഗ്‌സില്‍ 24,208 റണ്‍സ്), ബ്രയാന്‍ ലാറ(521 ഇന്നിംഗ്‌സില്‍ 22,358 റണ്‍സ്), വിരാട് കോലി(462 ഇന്നിംഗ്‌സില്‍ 22,011 റണ്‍സ്). 

പ്രണയാതുരം സിഡ്‌നി ഏകദിനം; ഓസീസ് കാമുകിയോട് ഇന്ത്യന്‍ ആരാധകന്‍റെ വിവാഹാഭ്യര്‍ഥന, കയ്യടിച്ച് മാക്‌സ്‌വെല്‍

ഏകദിന കരിയറില്‍ ഓസ്‌ട്രേലിയക്കെതിരെ 2000 റണ്‍സ് എന്ന നാഴികക്കല്ലും കോലി മത്സരത്തില്‍ പിന്നിട്ടു. 42 മത്സരങ്ങളില്‍ എട്ട് സെഞ്ചുറികള്‍ സഹിതം 52.50 ശരാശരിയില്‍ 2020 റണ്‍സാണ് കോലിക്കുള്ളത്. ഏകദിനത്തില്‍ വിന്‍ഡീസിന് എതിരെയും കോലിക്ക് രണ്ടായിരം റണ്‍സുണ്ട്. 

സ്മിത്തിന് മുന്നില്‍ വീണ്ടും തലകുനിച്ച് ഇന്ത്യ; ഏകദിന പരമ്പര ഓസീസിന്