സിഡ്‌നി: 'ഇയാളെന്തൊരു മനുഷ്യനാണ്' എന്ന് തോന്നിപ്പിക്കും വിധമാണ് ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയന്‍ ബാറ്റ്സ്‌മാന്‍ സ്റ്റീവന്‍ സ്‌മിത്ത് തകര്‍ത്താടുന്നത്. സിഡ്‌നിയിലെ രണ്ടാം ഏകദിനത്തിലും വെടിക്കെട്ട് സെഞ്ചുറിയുമായി സ്‌മിത്ത് താരമായി. കഴിഞ്ഞ മത്സരത്തിലും സെഞ്ചുറിയുമായാണ് സ്‌മിത്ത് മടങ്ങിയത്. വെയിലത്ത് ബാറ്റ് ചെയ്‌ത് 64 പന്തില്‍ 104 റണ്‍സ് നേടിയതിന്‍റെ ക്ഷീണമൊന്നും ഇക്കുറി സ്‌മിത്തിന്‍റെ മുഖത്ത് കണ്ടില്ല ഫീല്‍ഡിംഗില്‍. ലോകോത്തര ക്യാച്ചുമായി ഫീല്‍ഡിലും കളംനിറഞ്ഞു അദേഹം.

ഇന്ത്യന്‍ മധ്യനിര ബാറ്റ്സ്‌മാന്‍ ശ്രേയസ് അയ്യരാണ് സ്‌മിത്തിന്‍റെ പറക്കും ക്യാച്ചില്‍ പുറത്തായത്. ഇന്ത്യന്‍ ഇന്നിം‌ഗ്‌സിലെ 24-ാം ഓവറിലായിരുന്നു ഈ അത്ഭുത ക്യാച്ച്. പന്തെറിയുന്നത് ഓള്‍റൗണ്ടര്‍ മോയിസസ് ഹെന്‍‌റിക്വസ്. ആദ്യ പന്തില്‍ ശ്രേയസിനെ ഉന്നംവച്ച് ഷോട്ട് പിച്ച് പന്തെറിഞ്ഞു ഓസീസ് മീഡിയം പേസര്‍. എന്നാല്‍ പുള്‍ ഷോട്ട് കളിക്കാന്‍ ശ്രമിച്ച അയ്യര്‍ക്ക് കണക്കുകൂട്ടലുകളെല്ലാം പിഴച്ചു. ഷോര്‍ട് മിഡ് വിക്കറ്റില്‍ മുഴുനീള പറക്കലുമായി സ്‌മിത്ത് അയ്യരെ പിടികൂടി. 

ബാറ്റിംഗിലും ഫീല്‍ഡിംഗിലും സ്‌‌മിത്ത് അത്ഭുതം കാട്ടുന്നു എന്നായിരുന്നു ഈ സമയം കമന്‍റേറ്റര്‍മാരുടെ വാക്കുകള്‍. നായകന്‍ വിരാട് കോലിക്കൊപ്പം 93 റണ്‍സ് കൂട്ടുകെട്ട് സൃഷ്‌ടിച്ച ശേഷമായിരുന്നു അയ്യരുടെ പുറത്താകല്‍. 36 പന്തില്‍ 38 റണ്‍സാണ് അയ്യരുടെ സമ്പാദ്യം. 

പ്രണയാതുരം സിഡ്‌നി ഏകദിനം; ഓസീസ് കാമുകിയോട് ഇന്ത്യന്‍ ആരാധകന്‍റെ വിവാഹാഭ്യര്‍ഥന, കയ്യടിച്ച് മാക്‌സ്‌വെല്‍

സിഡ്‌നിയില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 50 ഓവറില്‍ നാല് വിക്കറ്റിന് 389 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. 64 പന്തില്‍ 14 ബൗണ്ടറിയും രണ്ട് സിക്‌സുമായി 104 റണ്‍സ് നേടിയ സ്‌മിത്താണ് ടോപ് സ്‌കോര്‍. കഴിഞ്ഞ മത്സരത്തിലെ പ്രഭാവം ആവര്‍ത്തിച്ച് ഇക്കുറിയും 62 പന്തിലാണ് സ്‌മിത്ത് നൂറ് തികച്ചത്. ഡേവിഡ് വാര്‍ണര്‍(77 പന്തില്‍ 83), ആരോണ്‍ ഫിഞ്ച്(69 പന്തില്‍ 60), മാര്‍നസ് ലബുഷെയ്‌ന്‍(61 പന്തില്‍ 70), മാക്‌സ്‌വെല്‍(29 പന്തില്‍ 63) എന്നിവരും ഓസീസ് നിരയില്‍ തിളങ്ങി.