ന്യൂസീലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിനിടെ മോശമായി സംസാരിച്ച ആരാധകനോട് ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിംഗ് പൊട്ടിത്തെറിച്ചു.
ഇന്‍ഡോര്‍: ന്യൂസീലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിനിടെ മോശമായി സംസാരിച്ച ആരാധകന് കടുത്ത ഭാഷയില്‍ മറുപടി നല്‍കി ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിംഗ്. ഫീല്‍ഡിങ്ങിനിടെയാണ് കാണികളിലൊരാള്‍ അര്‍ഷ്ദീപിന് നേരെ തിരിഞ്ഞത്. അപ്പോള്‍ ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു അര്‍ഷ്ദീപ്. ആരാധകന്‍ പറയുന്നതു കേട്ട അര്‍ഷ്ദീപ് രോഷത്തോടെ മോശം ഭാഷയിലാണു മറുപടി നല്‍കിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
വെള്ളം കുടിക്കുമ്പോള്‍ സപ്പോര്‍ട്ട് സ്റ്റാഫുകളുമായി സംസാരിക്കുന്നതിനിടെയാണ് ആരാധകന്റെ വാക്കുകള്‍ അര്‍ഷ്ദീപ് ശ്രദ്ധിച്ചത്. കുറച്ചുനേരം മിണ്ടാതിരുന്ന അര്‍ഷ്ദീപ് പിന്നീട് ആരാധകനു നേരെ പൊട്ടിത്തെറിക്കുകയായിരുന്നു. ഹിന്ദി ഭാഷയില്‍ ഉപയോഗിക്കുന്ന മോശം വാക്കുകളാണ് അര്‍ഷ്ദീപ് അയാള്‍ക്കെതിരെ ഉപയോഗിച്ചത്. വീഡിയോ..
ന്യൂസീലന്‍ഡിനെതിരെ പത്തോവറുകള്‍ പന്തെറിഞ്ഞ അര്‍ഷ്ദീപ് 63 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളില്‍ അവസരം ലഭിക്കാതിരുന്ന അര്‍ഷ്ദീപിനെ മൂന്നാം ഏകദിനത്തിലാണു കളിക്കാനിറക്കിയത്.
ഇന്ത്യക്കെതിരായ ഏകദിന പരമ്പര 2-1നാണ് ന്യൂസിലന്‍ഡ് സ്വന്തമാക്കിയിരുന്നു. ചരിത്രത്തിലാദ്യമായിട്ടാണ് അവര്‍ ഇന്ത്യയില്‍ ഏകദിന പരമ്പര ജയിക്കുന്നത്. ഇന്‍ഡോര്‍, ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ 41 റണ്‍സിനായിരുന്നു ന്യൂസിലന്‍ഡിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സാണ് നേടിയത്. ഡാരില്‍ മിച്ചല്‍ (137), ഗ്ലെന്‍ ഫിലിപ്സ് (106) എന്നിവരുടെ സെഞ്ചുറികളാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 46 ഓവറില്‍ 296ന് എല്ലാവരും പുറത്താവുകയായിരുന്നു. 108 പന്തില്‍ 124 റണ്‍സ് നേടിയ വിരാട് കോലിയുടെ പോരാട്ടം പാഴായി. ചില മേഖലങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ മത്സരശേഷം പറഞ്ഞു.

