Asianet News MalayalamAsianet News Malayalam

അശ്വിന്‍-വിഹാരി കട്ട ഡിഫന്‍സ്; സിഡ്‌നിയില്‍ ഇന്ത്യക്ക് ജയതുല്യ സമനില

അവസാന സെഷനിലും ഇരുവരും സാഹസികതയ്‌ക്ക് മുതിരാതെ ചെറുത്തുനിന്നപ്പോള്‍ മത്സരം സമനിലയിലേക്ക് നീങ്ങുകയായിരുന്നു. 

AUS vs IND Sydney Test Hanuma Vihari and Ravichandran Ashwin gave draw for India
Author
Sydney NSW, First Published Jan 11, 2021, 12:43 PM IST

സിഡ്‌നി: അനായാസം തോല്‍പിച്ചുകളയാമെന്ന ഓസീസ് മോഹങ്ങള്‍ തച്ചുതകര്‍ത്ത് സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് വീരോചിത സമനില. രണ്ടാം ഇന്നിംഗ്‌സില്‍ 407 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയെ റിഷഭ് പന്ത്, ചേതേശ്വര്‍ പൂജാര എന്നിവരുടെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറികളും രവിചന്ദ്ര അശ്വിന്‍റേയും ഹനുമ വിഹാരിയുടേയും പ്രതിരോധവുമാണ് അവസാനദിനം കാത്തത്. ഇന്ത്യ 334/5 എന്ന സ്‌കോറില്‍ നില്‍ക്കുമ്പോള്‍ അഞ്ചാംദിനം അവസാനിക്കാന്‍ ഒരോവര്‍ ശേഷിക്കേ ഓസീസ് സമനില സമ്മതിക്കുകയായിരുന്നു. 

സ്‌കോര്‍: ഓസ്‌ട്രേലിയ-AUS 338 & 312/6 d, ഇന്ത്യ- IND 244 & 334/5. ഇതോടെ നാല് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരം വിജയികളെ തീരുമാനിക്കും. ഓരോ മത്സരങ്ങള്‍ ജയിച്ച് തുല്യത(1-1) പാലിക്കുകയാണ് ഇരു ടീമുകളും. ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറിയും രണ്ടാം ഇന്നിംഗ്‌സില്‍ അര്‍ധ സെഞ്ചുറിയും നേടിയ സ്റ്റീവ് സ്‌മിത്താണ് മാന്‍ ഓഫ് ദ് മാച്ച്. 

ഇന്ത്യക്ക് ലഭിച്ചത് മികച്ച തുടക്കം, പക്ഷേ...

407 റണ്‍സ് വിജയലക്ഷ്യം പിന്തുടരവേ മികച്ച തുടക്കമാണ് നാലാംദിനം ഗില്‍- രോഹിത് സഖ്യം ഇന്ത്യക്ക് നല്‍കിയത്. മോശം പന്തുകള്‍ മാത്രം നോക്കി ശിക്ഷിച്ച ഇരുവരും ആദ്യ വിക്കറ്റില്‍ 71 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഗില്ലിനെ(31) പെയ്‌നിന്‍റെ കൈകളിലാക്കി ജോഷ് ഹേസല്‍വുഡ് ഓസീസിന് ബ്രേക്ക് ത്രൂ നല്‍കി. നാലാം ദിവസത്തെ കളി അവസാനിക്കാന്‍ 22 പന്തുകള്‍ മാത്രം ശേഷിക്കെ രോഹിത് ശര്‍മ്മയും(52) മടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി. കമ്മിണ്‍സിനെ പുള്ളിന്  ശ്രമിച്ചപ്പോള്‍ ഫൈന്‍ ലെഗില്‍ സ്റ്റാര്‍ക്കിന്റെ കൈകളില്‍ അവസാനിക്കുകയായിരുന്നു രോഹിത്. ഇതോടെ അവസാന ദിനം ജയിക്കാന്‍ ഇന്ത്യക്ക് 309 റണ്‍സ് വേണമെന്നായി. 

രഹാനെ നേരത്തെ മടങ്ങിയിട്ടും തളരാതെ

ഇന്ത്യ രണ്ടിന് 98 എന്ന നിലയിലാണ് അവസാനദിനം ആരംഭിച്ചത്. എന്നാല്‍ സ്‌കോര്‍ബോര്‍ഡ് നൂറ് കടന്ന ഉടനെ ഇന്ത്യക്ക് ക്യാപ്റ്റന്‍ രഹാനെയെ നഷ്ടമായി. അവസാന ദിവസത്തെ രണ്ടാം ഓവറില്‍ ഓസീസ് ഇന്ത്യയെ ഞെട്ടിച്ചു. തലേ ദിവസത്തെ സ്‌കോറിനോട് ഒരു റണ്‍ പോലും കൂട്ടിച്ചേര്‍ക്കാനാവാതെയാണ് ക്യാപ്റ്റന്‍ മടങ്ങിയത്. നഥാന്‍ ലിയോണിന്റെ പന്തില്‍  ഷോര്‍ട്ട് ലെഗില്‍ മാത്യൂ വെയ്ഡിന് ക്യാച്ച് നല്‍കുകയായിരുന്നു. 

പന്ത് നേരത്തെ ക്രീസിലേക്ക്

ആദ്യ ഇന്നിംഗ്‌സില്‍ ബാറ്റിംഗിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് കീപ്പ് ചെയ്യാതിരുന്ന റിഷഭ് പന്താണ് പിന്നീട് ക്രീസിലെത്തിയത്. സാധാരണഗതിയില്‍ ഹനുമ വിഹാരിയാണ് ഈ സ്ഥാനത്ത് കളിക്കാറ്. എന്നാല്‍ ഇന്ത്യ തിരിച്ചടിക്കണമെന്ന് ഉറപ്പിച്ചത് പോലെ പന്തിനെ നേരത്തെ ഇറക്കുകയായിരുന്നു. പന്തിന്റെ ആക്രമണോത്സുകത ഫലം കാണുകയും ചെയ്തു. സാവധാനം തുടങ്ങിയ റിഷഭ് പിന്നാലെ കത്തിക്കയറി. എന്നാല്‍ ലിയോണിനെ ക്രീസിന് പുറത്തേക്കിറങ്ങി പറത്തി സെഞ്ചുറി തികയ്‌ക്കാനുള്ള ശ്രമം പിഴച്ചു. 118 പന്തില്‍ 97 റണ്‍സെടുത്ത് നില്‍ക്കേ പുറത്ത്. 12 ഫോറും മൂന്ന് സിക്‌സും താരത്തിന്‍റെ ബാറ്റില്‍ നിന്ന് ബൗണ്ടറിയിലെത്തി. നാലാം വിക്കറ്റില്‍ പന്ത്-പൂജാര സഖ്യം 148 റണ്‍സ് ചേര്‍ത്തു. 

വീണ്ടും കരുതലായി പൂജാര 

ക്യാപ്റ്റനെ നേരത്തെ നഷ്ടമായെങ്കിലും പ്രതിരോധത്തിലൂന്നിയ പൂജാര ഒരറ്റത്ത് നിലയുറപ്പിച്ചു. ആദ്യ ഇന്നിംഗ്സില്‍ അമിത പ്രതിരോധത്തില്‍ പഴികേട്ട പൂജാര ഇത്തവണ അല്‍പം കൂടി വേഗത കൂട്ടി. ഇതിനിടെ ടെസ്റ്റ് കരിയറില്‍ ആറായിരം റണ്‍സ് പൂര്‍ത്തിയാക്കി പൂജാര. നേട്ടത്തിലെത്തുന്ന പതിനൊന്നാം ഇന്ത്യന്‍ ബാറ്റ്സ്‌മാനാണ്. എന്നാല്‍ പന്തിന് പിന്നാലെ പൂജാരയും സെഞ്ചുറിയിലെത്തിയില്ല. 89-ാം ഓവറില്‍ ഹേസല്‍വുഡിന്‍റെ ഒന്നാന്തരമൊരു പന്ത് പൂജാരയുടെ സ്റ്റംപ് കവര്‍ന്നു. 205 പന്തില്‍ 12 ബൗണ്ടറികള്‍ സഹിതം 77 റണ്‍സാണ് നേട്ടം.

അതിജീവിച്ച് അശ്വിന്‍, വിഹാരി

പിന്നാലെ ക്രീസിലൊന്നിച്ച അശ്വിനും വിഹാരിയും സുരക്ഷിതമായി അവസാന ദിനം രണ്ടാം സെഷന്‍ കടത്തി. രവിചന്ദ്ര അശ്വിനും(25 പന്തില്‍ ഏഴ്), ഹനുമ വിഹാരിയും(52 പന്തില്‍ നാല്) ക്രീസില്‍ നില്‍ക്കേ അവസാന സെഷനില്‍ ജയിക്കാന്‍ 127 റണ്‍സായിരുന്നു ഇന്ത്യക്ക് വേണ്ടിയിരുന്നത്. എന്നാല്‍ അവസാന സെഷനിലും ഇരുവരും സാഹസികതയ്‌ക്ക് മുതിരാതെ ചെറുത്തുനിന്നപ്പോള്‍ മത്സരം സമനിലയിലേക്ക് നീങ്ങുകയായിരുന്നു. അശ്വിന്‍ 128 പന്തില്‍ 39 റണ്‍സുമായും വിഹാരി 161 പന്തില്‍ 23 റണ്‍സുമായും പുറത്താകാതെ നിന്നു. പരിക്കിനെ അവഗണിച്ചായിരുന്നു വിഹാരിയുടെ ബാറ്റിംഗും. 247 പന്തിലാണ് സഖ്യം 50 റണ്‍സ് കൂട്ടുകെട്ട് സൃഷ്‌ടിച്ചത്. ഈ കൂട്ടുകെട്ട് 259 പന്തുകള്‍ നീണ്ടുനിന്നു. അതേസമയം നാല് ക്യാച്ചുകള്‍ ഇന്ന് നിലത്തിട്ടത് ഓസീസിന് തിരിച്ചടിയായി. 

ഓസീസിന് കരുത്തായത് മധ്യനിര

കാമറൂണ്‍ ഗ്രീന്‍(84*), സ്റ്റീവന്‍ സ്മിത്ത്(81), മാര്‍നസ് ലബുഷെയ്‌ന്‍(73) എന്നിവരുടെ ബാറ്റിംഗാണ് ഓസീസിന് 406 റണ്‍സിന്റെ വമ്പന്‍ ലീഡ് സമ്മാനിച്ചത്. ആദ്യ ഇന്നിംഗ്‌സില്‍ 94 റണ്‍സിന്‍റെ ലീഡ് നേടി രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഓസീസ് 312-6 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ക്യാപ്റ്റന്‍ ടിം പെയ്നും(39*) മികച്ച പ്രകടനം പുറത്തെടുത്തു. ഡേവിഡ് വാര്‍ണര്‍(13), വില്‍ പുകോവ്‌സ്‌കി(10), മാത്യൂ വെയ്ഡ്(4) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ഇന്ത്യക്ക് വേണ്ടി നവ്ദീപ് സൈനി, ആര്‍ അശ്വിന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുമ്രയ്ക്ക് ഒരു വിക്കറ്റുണ്ട്. 

ഇന്ത്യയെ വിറപ്പിച്ച കമ്മിന്‍സിന്റെ ബൗളിങ്

നേരത്തെ, പാറ്റ് കമ്മിന്‍സിന്റെ മാരക ബൗളിംഗാണ് ഇന്ത്യ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്. ശുഭ്മാന്‍ ഗില്‍(50), അജിന്‍ക്യ രഹാനെ(22), ചേതേശ്വര്‍ പൂജാര(50), മുഹമ്മദ് സിറാജ്(4) എന്നിവരുടെ വിക്കറ്റുകള്‍ കമ്മിന്‍സ് വീഴ്ത്തി. കൂടാതെ ആര്‍ അശ്വിനെ റണ്ണൗട്ടാക്കുന്നതിനും താരം പങ്കാളിയായി. ഹേസല്‍വുഡ് രണ്ടും മിച്ചല്‍ സ്റ്റാര്‍ക്ക് ഒരു വിക്കറ്റും വീഴ്ത്തിയപ്പോള്‍ ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ മൂന്ന് റണ്ണൗട്ടുകളുണ്ടായിരുന്നു. ഇതോടെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 244 റണ്‍സില്‍ പുറത്താവുകയായിരുന്നു. 

സ്‌മിത്തിന്‍റെ തിരിച്ചുവരവ്, ജഡേജയുടെ നാല്

ടോസ് നേടി ബാറ്റിഗിനിറങ്ങിയ ഓസ്‌ട്രേലിയ ആദ്യ ഇന്നിംഗ്‌സില്‍ 338 റണ്‍സാണ് നേടിയത്. സെഞ്ചുറി നേടിയ നായകന്‍ സ്റ്റീവ് സ്‌മിത്തും(131), മാര്‍നസ് ലബുഷെയ്നും(91), അരങ്ങേറ്റം അര്‍ധ സെഞ്ചുറിയോടെയാക്കിയ വില്‍ പുകോവ്‌സ്‌കിയും(63) ആണ് ഓസീസിന് കരുത്തായത്. ഇന്ത്യക്കായി നാല് വിക്കറ്റുമായി ജഡേജ കൂറ്റന്‍ സ്‌കോറില്‍ നിന്ന് ഓസീസിനെ തടുത്തു. ബുമ്രയും സൈനിയും രണ്ട് വീതവും സിറാജ് ഒരു വിക്കറ്റും നേടി. 

വീണ്ടും സ്‌മിത്തിന്‍റെ ചതിയന്‍ പ്രയോഗം? പന്തിന്‍റെ ഗാര്‍ഡ് മാര്‍ക്ക് മായ്‌ക്കാന്‍ ശ്രമിച്ചതായി വീഡിയോ, വിവാദം

Follow Us:
Download App:
  • android
  • ios