സിഡ്‌നി: സിഡ്‌നി ടെസ്റ്റില്‍ ഇന്നലെ ഫീല്‍ഡിലെ താരം ഇന്ത്യയുടെ രവീന്ദ്ര ജഡേജയായിരുന്നു. എന്നാല്‍ ഇന്ന് ആദ്യ സെഷനില്‍ തന്നെ ആ ക്രഡിറ്റ് ഓസീസ് ഉയരക്കാരന്‍ പേസര്‍ ജോഷ് ഹേസല്‍വുഡ് കയ്യടക്കി. ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എ ബി ഡിവില്ലിയേഴ്‌സിനെയൊക്കെ ഓര്‍മ്മിപ്പിക്കുന്ന ഒന്നൊന്നര റണ്ണൗട്ടായിരുന്നു ഇത്. 

ഓസ്‌ട്രേലിയയുടെ 338 റണ്‍സ് പിന്തുടരുന്ന ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സില്‍ അഞ്ചാമനായി ഇറങ്ങിയ ഹനുമ വിഹാരിയെയാണ് ഹേസല്‍വുഡ് പറന്ന് പുറത്താക്കിയത്. സ്‌പിന്നര്‍ നേഥന്‍ ലിയോണിന്‍റെ പന്തില്‍ മിഡ് ഓഫിലേക്ക് പന്ത് തട്ടിയിട്ട് സിംഗിളിനായിരുന്നു വിഹാരിയുടെ ശ്രമം. എന്നാല്‍ ഓടിവന്ന് പന്തെടുത്ത ഹേസല്‍വുഡ് പറന്ന് പന്ത് സ്റ്റംപിലേക്ക് എറിഞ്ഞു. നേരിട്ടുള്ള ത്രോയില്‍ വിഹാരിക്ക് മടക്കം. 

ഓസ്‌ട്രേലിയക്കെതിരെ ആദ്യ രണ്ട് ടെസ്റ്റിലും നിരാശപ്പെടുത്തിയ ഹനുമ വിഹാരിക്ക് ഇത്തവണയും മാറ്റമൊന്നും ഉണ്ടായിരുന്നില്ല. സിഡ്‌നി ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്‌സില്‍ നാല് റണ്‍സില്‍ നില്‍ക്കേയാണ് ഹനുമ വിഹാരി റണ്ണൗട്ടായത്.  

ഇന്നലെ സെഞ്ചുറി വീരന്‍ സ്റ്റീവന്‍ സ്‌മിത്തിനെ പുറത്താക്കാന്‍ ബുള്ളറ്റ് ത്രോ എറിഞ്ഞ് താരമായിരുന്നു രവീന്ദ്ര ജഡേജ. വ്യക്തിഗത സ്‌കോര്‍ 131ല്‍ നില്‍ക്കേ ഡബിളിന് ശ്രമിക്കവേയാണ് ഡയറക്‌ട് ത്രോയില്‍ സ്‌മിത്തിനെ ജഡേജ മടക്കിയത്. തന്‍റെ കരിയറിലെ ഏറ്റവും മികച്ച ത്രോ എന്നാണ് ജഡേജ ഈ വിക്കറ്റിനെ വിശേഷിപ്പിച്ചത്. നാല് വിക്കറ്റിന് പുറമേയാണ് തകര്‍പ്പന്‍ ത്രോയും ജഡേജ കാഴ്‌ചവെച്ചത്. 

സ്‌മിത്തിനെ പുറത്താക്കി ജഡേജയുടെ ബുള്ളറ്റ് ത്രോ; കണ്ണുതള്ളി ക്രിക്കറ്റ് ലോകം- വീഡിയോ