യുഎസിലെ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കറസ്‌പോണ്ടന്‍റായ ഡോ. കൃഷ്ണ കിഷോര്‍ ഇംഗ്ലണ്ടിലെ ഓവല്‍ സ്റ്റേഡിയത്തിലെ ഭക്ഷണവൈവിധ്യങ്ങള്‍ പങ്കുവെക്കുന്നു. ഐസിസി അക്രഡിറ്റഡ് മാധ്യമ പ്രവര്‍ത്തകനായ കൃഷ്ണ കിഷോര്‍ ഇംഗ്ലണ്ടിലെ നിരവധി പ്രധാന പരമ്പരകള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. 

ഓവല്‍: ഓവലിലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ക്രിക്കറ്റിന്‍റെ ഉത്സവം മാത്രമല്ല, വൈവിധ്യങ്ങളുടെ ആഘോഷം കൂടിയാണ്. കലാശപ്പോരില്‍ ഏറ്റുമുട്ടുന്ന ഇന്ത്യക്കും ഓസ്ട്രേലിയക്കും പുറമെ ഇംഗ്ലീഷ് ആരാധകരും കൂടി കെന്നിംഗ്ടണ്‍ ഓവലിലേക്ക് ഒഴുകിയെത്തിയതോടെ ഓവലിന്‍റെ പരിസരം രുചിമേളമായിരിക്കുകയാണ്. വൈവിധ്യമാർന്ന രുചികൾ കാണികൾക്ക് നൽകുന്ന മുപ്പതിലധികം ഫുഡ് സ്റ്റാളുകൾ ലണ്ടനിലെ ഓവൽ സ്റ്റേഡിയത്തിന്‍റെ പ്രത്യേകതയാണ്. ഇന്ത്യൻ ഭക്ഷണത്തിനാണ് ഏറെ തിരക്ക്. ഓവലിലെ രുചിവൈവിധ്യങ്ങളെ കുറിച്ച് ഡോ. കൃഷ്‌ണ കിഷോർ തയ്യാറാക്കിയ റിപ്പോർട്ട്. 

രുചിവൈവിധ്യം

പ്രധാന മത്സരങ്ങള്‍ക്ക് ഓവലില്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് ഇരുപതിനായിരത്തിലധികം കാണികളെത്തും. ഇവരെയെല്ലാം ത‍ൃപ്‌തിപ്പെടുത്താന്‍ ഭക്ഷണത്തില്‍ വൈവിധ്യം ആവശ്യങ്ങളാണ്. ഇതിനാല്‍ ഈ വിഖ്യാത സ്റ്റേഡിയത്തില്‍ മത്സരദിനങ്ങളില്‍ മുപ്പത്തിയഞ്ചോളം റസ്റ്റോറന്‍റുകളും ഫുഡ് സ്റ്റാളുകളും സജീവമാകും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ ഇന്ത്യയും ഓസീസും ഏറ്റുമുട്ടുമ്പോള്‍ ഇതുതന്നെയാണ് കാഴ്‌ച. വ്യത്യസ്തമായ രുചികള്‍ നല്‍കുന്ന ഫുഡ് സ്റ്റാളുകളാണ് കാണികള്‍ക്ക് ഏറെ പ്രിയങ്കരം. അധികവും ബ്രിട്ടീഷ് രുചികളാണെങ്കിലും ഇന്ത്യന്‍ ആരാധകര്‍ക്കായി നമ്മുടെ ഭക്ഷണങ്ങളും ഇവിടെയുണ്ട്. ഇന്ത്യന്‍ ഭക്ഷണങ്ങള്‍ക്ക് തിരക്കേറെ. നീണ്ട ക്യൂ ഫുഡ് സ്റ്റാളുകള്‍ക്ക് മുന്നില്‍ എപ്പോഴും കാണാം. കളിക്കിടയില്‍ ഭക്ഷണം ആസ്വദിച്ച് കഴിക്കാന്‍ ഏറെ സൗകര്യമുണ്ട് ഓവലില്‍. 

മദ്യവും സുലഭം

റസ്റ്റോറന്‍റുകള്‍ക്കൊപ്പം പതിനേഴിലധികം ബാറുകളും ഓവല്‍ സ്റ്റേഡിയത്തിന് സ്വന്തം. മദ്യം കാണികള്‍ക്ക് സ്റ്റേഡിയത്തിനുള്ളില്‍ കൊണ്ടുപോകാം. ഇത്തവണ ഇ-ബാറുകളാണ് ഇവിടുത്തെ പ്രധാന സവിശേഷത. സെല്‍ഫ് സര്‍വീസ് ബാറുകള്‍ക്ക് ഓവലിലും തുടക്കമായി. ബിയര്‍ വില്‍പനയാണ് പ്രധാന വരുമാനങ്ങളിലൊന്ന്. ഭാവിയിലെ ബാറുകള്‍ ഇങ്ങനെയാവും എന്ന സൂചനയാണ് ഇ-ബാറുകള്‍ നല്‍കുന്നത്. ക്രിക്കറ്റ് കാണാനെത്തുന്ന ആരാധകര്‍ക്ക് വലിയ അനുഭവമാണ് ഓവല്‍ നല്‍കുന്നത് എന്ന് നിസംശയം പറയാം. 

കാണാം വീഡിയോ

ഓവലിലെ രുചിക്കൂട്ട് തേടി; കാണികൾക്കായി മുപ്പതിലധികം ഫുഡ് സ്റ്റാളുകൾ| Oval Ground

Read more: അശ്വിന്റെ അഭാവം അറിയാനുണ്ട്! ഇന്ത്യക്ക് പിഴച്ചോ? സ്പിന്നര്‍ക്ക് വേണ്ടി ആര്‍ത്തുവളിച്ച് തിങ്ങികൂടിയ ആരാധകര്‍