386-3 എന്ന നിലയില്‍ മൂന്നാംദിനം ബാറ്റിംഗ് തുടങ്ങിയ ഓസ്ട്രേലിയക്ക് അര്‍ധസെഞ്ചുറിക്ക് പിന്നാലെ ട്രാവിസ് ഹെഡിനെ നഷ്‌ടമായി
മെല്‍ബണ്‍: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ഓസ്ട്രേലിയക്ക് കൂറ്റന്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. ദക്ഷിണാഫ്രിക്കയുടെ 189 റണ്‍സ് പിന്തുടര്‍ന്ന ഓസീസ് ഡേവിഡ് വാര്‍ണറുടെ ഇരട്ട സെഞ്ചുറിയുടെയും അലക്‌സ് ക്യാരിയുടെ സെഞ്ചുറിയുടെയും സ്റ്റീവ് സ്‌മിത്ത്, ട്രാവിസ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍ എന്നിവരുടെ അര്‍ധസെഞ്ചുറികളുടേയും കരുത്തില്‍ മൂന്നാംദിനം 145 ഓവറില്‍ 575/8 എന്ന സ്കോറില്‍ ഡിക്ലെയര്‍ ചെയ്‌തു. ഓസ്ട്രേലിയക്ക് 386 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണുള്ളത്. ഗ്രീന്‍ 177 പന്തില്‍ 51* ഉം സ്റ്റാര്‍ക്ക് 12 പന്തില്‍ 10* ഉം റണ്‍സുമായി പുറത്താവാതെ നിന്നു.
ക്യാരിക്കും ശതകം
386-3 എന്ന നിലയില്‍ മൂന്നാംദിനം ബാറ്റിംഗ് തുടങ്ങിയ ഓസ്ട്രേലിയക്ക് അര്‍ധസെഞ്ചുറിക്ക് പിന്നാലെ ട്രാവിസ് ഹെഡിനെ നഷ്‌ടമായി. 55 പന്തില്‍ 51 റണ്‍സെടുത്ത ഹെഡിനെ നോര്‍ക്യ ബൗള്‍ഡാക്കുകയായിരുന്നു. പരിക്കുമൂലം ഇന്നലെ റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങിയിരുന്ന ഡേവിഡ് വാര്‍ണര്‍ വീണ്ടും ബാറ്റിംഗിനെത്തിയെങ്കിലും തൊട്ടടുത്ത പന്തില്‍ പുറത്തായി. 255 പന്തില്‍ 200 റണ്‍സാണ് വാര്‍ണറുടെ സമ്പാദ്യം. നായകന്‍ പാറ്റ് കമ്മിന്‍സ്(3 പന്തില്‍ 4) തൊട്ടടുത്ത റബാഡയുടെ ഓവറിലും നേഥന്‍ ലിയോണ്‍(17 പന്തില്‍ 25) എന്‍ഗിഡിക്ക് മുന്നിലും വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഇതിന് ശേഷം അലക്‌സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍ സഖ്യം എട്ടാം വിക്കറ്റില്‍ 117 റണ്‍സിന്‍റെ കൂട്ടുകെട്ടുമായി ഓസീസിനെ വമ്പന്‍ ലീഡിലേക്ക് നയിക്കുകയായിരുന്നു. 149 പന്തില്‍ 111 റണ്‍സെടുത്ത ക്യാരിയെ റിട്ടേണ്‍ ക്യാച്ചില്‍ യാന്‍സന്‍ പുറത്താക്കി.
വാട്ട് എ വാര്‍ണര്‍!
മെല്‍ബണിലെ രണ്ടാംദിനം ഡേവിഡ് വാര്‍ണറുടെ ഇരട്ട സെഞ്ചുറി കൊണ്ടാണ് ശ്രദ്ധേയമായത്. തന്‍റെ നൂറാം ടെസ്റ്റിലാണ് വാര്‍ണറുടെ ചരിത്ര ഡബിള്‍. 144 പന്തില്‍ 100 തികച്ച താരം പരിക്കിന്‍റെ വെല്ലുവിളിയെ അതിജീവിച്ച് 254 പന്തില്‍ 200 തികച്ചു. മൂന്നാം വിക്കറ്റില്‍ വാര്‍ണര്‍ക്കൊപ്പം 239 റണ്‍സിന്‍റെ കൂട്ടുകെട്ട് തികച്ച സ്റ്റീവ് സ്‌മിത്ത് 161 പന്തില്‍ 85 റണ്‍സുമായി മടങ്ങി. ഉസ്‌മാന്‍ ഖവാജ(11 പന്തില്‍ 1), മാര്‍നസ് ലബുഷെയ്‌ന്‍(35 പന്തില്‍ 14) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്കോര്‍. ദക്ഷിണാഫ്രിക്കയ്ക്കായി കാഗിസോ റബാഡ മൂന്നും മാര്‍ക്കോ യാന്‍സനും ആന്‍റിച്ച് നോര്‍ക്യയും ഓരോ വിക്കറ്റും നേടി.
ഗ്രീനിന് അഞ്ച് വിക്കറ്റ്
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക 68.4 ഓവറില്‍ 189ന് എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ കാമറൂണ്‍ ഗ്രീനാണ് സന്ദര്‍ശകരെ തകര്‍ത്തത്. 10.4 ഓവറില്‍ 27 റണ്‍സിനാണ് ഗ്രീന്‍ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയത്. മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും സ്കോട്ട് ബോളണ്ടും നേഥന്‍ ലിയോണും ഓരോ വിക്കറ്റും വീഴ്‌ത്തി. മാര്‍കോ ജാന്‍സന്‍ (59), കെയ്ല്‍ വെറെയ്‌നെ (52) എന്നിവര്‍ മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങിയത്. നായകന്‍ ഡീന്‍ എല്‍ഗാര്‍ 26 റണ്‍സില്‍ പുറത്തായി. സ്‌കോര്‍ബോര്‍ഡില്‍ 67 റണ്‍സ് മാത്രമുള്ളപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടമായ പ്രോട്ടീസിനെ വെറെയ്‌നും ജാന്‍സനും ചേര്‍ന്ന് 150 കടത്തുകയായിരുന്നു.
