ലണ്ടന്‍: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന്റ ഒന്നാം ഇന്നിങ്‌സില്‍ ജോഫ്ര ആര്‍ച്ചറുടെ ആറ് വിക്കറ്റ് പ്രകടനമാണ് ഓസ്‌ട്രേലിയയെ തകര്‍ത്തത്. ഒന്നാം ഇന്നിങ്‌സില്‍ സന്ദര്‍ശകര്‍ 179ന് പുറത്തായിരുന്നു. 61 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറാണ് ഓസീസ് ടീമില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളില്‍ ഒരാള്‍. എന്നാല്‍ ആര്‍ച്ചറുടെ പന്തില്‍ തന്നെ വാര്‍ണര്‍ പുറത്തായി. 

രണ്ടാം ടെസ്റ്റ് മാത്രം കളിക്കുന്ന ആര്‍ച്ചറുടെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമായിരുന്നു ഇത്. 24കാരന്റെ പ്രകടനത്തെ വേള്‍ഡ് ക്ലാസ് എന്നാണ് വാര്‍ണര്‍ വിശേഷിപ്പിച്ചത്. കൂടാതെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്‌നുമായിട്ട് താരതമ്യപ്പെടുത്തുകയും ചെയ്തു വാര്‍ണര്‍. ഓസീസ് ഓപ്പണിങ് ബാറ്റസ്മാന്‍ തുടര്‍ന്നു... ''അത്ഭുതപ്പെടുത്തുന്ന ബൗളിങ്ങാണ് ആര്‍ച്ചറുടേത്. പുതിയ പന്തില്‍ സ്റ്റെയ്ന്‍ എറിയുന്നത് പോലെയായിരുന്നു ആര്‍ച്ചറും എറിഞ്ഞത്. സാഹചര്യങ്ങള്‍ നന്നായി മുതലെടുക്കാന്‍ ആര്‍ച്ചര്‍ക്ക് സാധിച്ചു. വേള്‍ഡ് ക്ലാസ് ബൗളിങ്ങായിരുന്നു ആര്‍ച്ചറുടേത്.'' വാര്‍ണര്‍ പറഞ്ഞുനിര്‍ത്തി. 

ഓസീസ് ചെറിയ സ്‌കോറില്‍ പുറത്തായെങ്കിലും അതേ നാണയത്തില്‍ തിരിച്ചടിച്ചിരിക്കുകയാണ് ഓസീസ്. രണ്ടാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ ആതിഥേയര്‍ ആറിന് 54 എന്ന നിലയിലാണ്.